രചന : വിഷ്ണു പകൽക്കുറി✍

ഉത്രാടപ്പെണ്ണിന്
തിരുവോണനാളിൽ
ഓണപ്പുടവ നൽകി
കൈകോർത്ത്
വലം വയ്ക്കുമ്പോളന്ന്
ചിങ്ങനിലാവുദിച്ചപോൽ
അനേകം മിഴികൾ
സാക്ഷിയാകുന്നൊരു മുഹൂർത്തത്തിൽ
കരം ഗ്രഹിച്ചൂരിപ്പിടിച്ചവാളുമായ്
സദ്യാലയം തേടുമ്പോൾ
ഒരു ചിരി പൊതുചിരിയാകുന്നു.
ഒടുവിൽ
സദ്യയ്ക്കിരിക്കുമ്പോൾ
ഇലകൾ കീറുന്നു.
ചട്ടികൾ നിരക്കുന്നു
വികടപ്പിള്ളേർ
ഉണക്കച്ചാള വിളമ്പുന്നു.
പപ്പടം പൊടിയുന്നു
ഓണത്തല്ലിന്
അരങ്ങൊരുങ്ങുന്നു.
കതിനകൾ പൊട്ടുന്നു
കലങ്ങിയ മിഴികൾ
ഇടറുന്ന വാക്കുകൾ
നിശബ്ദം
ഉലയുന്ന സൗഹൃദത്തേരുകൾ
ചലിക്കുന്നു.
കലാശത്തിനൊടുവിൽ
തുണിയുരിഞ്ഞു
ഓണച്ചിത്രങ്ങൾ പകർത്തി
ലോകം കറക്കിവിട്ട്
മസാലച്ചിരികളുമായ്
ഓണപ്പുടവ തലയിൽ കെട്ടി
നടന്നുരഞ്ഞചെരുപ്പുകൾ
കരയുന്നു.
അനുരാഗ വീഥിയിൽ
വിപ്ലവകല്ലിട്ട്
ഓണക്കിറ്റുംവാങ്ങി
മണിയറയടയ്ക്കുമ്പോൾ
തിരുവോണപ്പൂരത്തിന്
കൊടിയേറുന്നു.
പിന്നെയും
അഭിവാദ്യങ്ങളർപ്പിച്ച്
ഇരുൾ പരക്കുമ്പോൾ
ലളിതാസഹസ്രനാമം
മുഴങ്ങുന്നു.

By ivayana