രചന : സന്തോഷ്‌.എസ്‌.ചെറുമൂട്‌✍

അത്തം കറുത്തുവിടര്‍ന്നാല്‍
ഓണം വെളുത്തുവിളങ്ങും
മുത്തശ്ശിക്കഥയിലോലും
പൊന്നോണച്ചിന്തതൊന്നല്ലേ.

ചിത്തിരയ്‌ക്കു ചിരിവിതറാന്‍
ചിറ്റാട ചേലിലെടുത്തേ
മുറ്റത്തെ മണല്‍ത്തരിയില്‍
പൂ,ചേറിപ്പൂക്കളമിട്ടേ.

ചോതിയ്ക്കുനെല്ലുപുഴുങ്ങാന്‍
ചേണുറ്റ ചെമ്പുനിറച്ചേ
ചേറിന്‍റെ ചൂരില്‍ മിനുങ്ങും
ചേന്നന്‍റെ മനം നിറഞ്ഞേ.

വിശാഖം വിണ്ണിലുദിച്ചേ
വാനിന്‍ വരമ്പുനിറഞ്ഞേ
വാരുറ്റ കതിരുകൊയ്ത
വയലിന്നകം തുടിച്ചേ.

അനിഴത്തിലാവണിത്തെന്നല്‍.
ആഹ്ളാദപ്പൂമഴയായേ
ആലിലത്താളംകേൾക്കാന്‍
ആകാശമടുത്തുവന്നേ.

തൃക്കേട്ടപ്പെരുമ നിറയ്ക്കാന്‍
ഉപ്പേരി പത്തുവറുത്തേ
ഉണ്ണിക്കിടാങ്ങടെ കണ്ണില്‍
തുമ്പപ്പൂവമ്പിളിയായേ.

മൂവന്തി മുലക്കച്ചകെട്ടാന്‍
മൂലന്നാള് മുടിമെടഞ്ഞേ
ചമ്പക്കുളത്തോളപ്പരപ്പില്‍.
വഞ്ചിപ്പാട്ടൂഞ്ഞാലായേ.

പൂരാടം പൂവിളിയായേ
പുത്തരി നിറപറവച്ചേ
പുന്നെല്ല് കുത്തിയതിന്‍റെ
പുന്നാരം പൊലിച്ചെടുത്തേ.

ഉത്രാട സന്ധ്യ കടന്നേ
ഉന്നിദ്ര രാവുപിറന്നേ
ഉത്രാടപ്പാച്ചിലടക്കാന്‍
ഉള്ളിന്‍റെ,യുള്ളുതരിച്ചേ.

തിരുവോണത്തിരുവരങ്ങില്‍
തൃക്കാക്കരയപ്പനിരുന്നേ
തിരുമേനി വരും വഴിയില്‍
തിരുവാതിരത്തിറയുണര്‍ന്നേ.

സന്തോഷ്‌.എസ്‌.ചെറുമൂട്‌

By ivayana