രചന : മംഗളൻ എസ് ✍

തുമ്പീ തുമ്പീ ഓണത്തുമ്പീ
തുമ്പപ്പൂക്കൾ പറിക്കാൻവായോ
തുമ്പപ്പൂക്കൾ പറിക്കുന്നേരം
തുമ്പപ്പൂവിൻ മധുവുണ്ണാല്ലോ..!

തുമ്പപ്പൂക്കൾ പറിച്ചു വരാണേൽ
തുമ്പപ്പൂവാൽ കളമെഴുതാല്ലോ
തുമ്പച്ചെടിയിൽ തുമ്പിയിരുന്നാൽ
തുമ്പത്തുമ്പീയെന്നു വിളിക്കാം..!

തുമ്പികൈയ്യില്ലാത്ത നിനക്ക്
തുമ്പീയെന്നെങ്ങനെ പേരായി
തുമ്പികൈയ്യുള്ളാനയെപ്പോലും
തുമ്പീയെന്നു വിളിക്കാറില്ല..!

പൊന്നോണത്തിൻ പുടവയുടുത്ത്
പൊന്നോണത്തിരുവാതിരനൃത്തം
പൊൻവെയിലെത്തുമുൻപുതുടങ്ങാം
പൊൻതിരുവോണപ്പുലരിയിലണയൂ..!

കണ്ണാടിച്ചിറകാൽ പ്രഭ ചൊരിയും
കണ്ണഞ്ചിക്കും പ്രേമവർണ്ണങ്ങൾ
കണ്ണിന് കുളിരാണോണത്തുമ്പീ
കണ്ണാണ് നീയെനിക്കോമൽ തുമ്പീ..!

പൂവാടിയാകെ പൂക്കൾ നിറഞ്ഞു
പൂക്കളിലാകെ മധുരം നിറഞ്ഞു
പൂത്തുമ്പികളേ പാറിവരാമോ
പൂക്കളിറുത്തു കളമൊരുക്കീടാം..!

ഓണപ്പൂപ്പൊലി കേട്ടുവാ തുമ്പീ
ഓണവരവറിയിച്ചുവാ തുമ്പീ
ഓണപ്പുക്കൾ പറിച്ചുവാ തുമ്പീ
ഓണപ്പൂക്കളമെഴുതാൻവാ തുമ്പീ..!

ഓണപ്പൂക്കൾ പറിക്കുന്നേരം
ഓണത്തുമ്പി വഴി കാട്ടിയാൽ
ഓണത്തൂഞ്ഞാലൊന്നിച്ചാടാം
ഓണനിലാവിൽ മുങ്ങിക്കുളിക്കാം..!

By ivayana