രചന : ഹരിദാസ് കൊടകര ✍
ഓണം..
പൊയ്പ്പോയ സായം.
പച്ച കുമ്മാട്ടിയൊച്ച.
മോഹകാന്തം ഭ്രമം.
അർത്ഥനാളം.
നടവിളക്കൊളി.
ഓണം..
ഒരഴിഞ്ഞ കാറ്റല.
വീട്ടു വെയിൽ.
പൂത്തുമ്പി നന്മ.
പുകൾ ഋതു.
ഓണം..
അപ്പമുള്ളൊരു വീട്.
ഒപ്പമുള്ളൊരു നാട്.
ഞാനും നമ്മളും നീയും-
നിവരും കടമ്പകൾ.
ഓണം..
കണ്ണായ് കാർഷികം കറ്റ.
വിണ്ണായ് വർണ്ണ വിസ്മയം.
ഉൾപ്പൂ വിരിയുന്നപോലുടൽ-
വരിപ്പൂ വാഗ്വിദം സ്മൃതി.
ഓണം..
പകിട പന്ത്രണ്ട് ‘വാരം’.
പകിട ഈരണ്ട് ‘ദായം’.
ഇരുപത്തഞ്ച് കാഹളം.
മാതളം തൊട്ടും-
മാവു തൊട്ടും-
മെയ്യ്.
ഓണം..
വരും വിധിക്കു നേരേ-
ചാലിടുന്നുറുമ്പുകൾ തപം.
കാർബണീഷ്യസ് പഴമ-
പാറ്റകൾ ചെറുകീടാവലി.
കരം കഴുകുവാൻ പാള.
മദ്ധ്യേ കുളിപ്പാൻ കുടിപ്പാൻ.
ചണം വിരിച്ചിട്ട മെത്ത.
മെത്തമേൽ-
ഞാനെന്നൊരോണം
ഓണം..
പൂവ്വിരിയുന്ന പക്ഷം.
വിശപ്പിൻ ജയം-
ഒരാശിച്ച വാക്ക്.
ഇന്ന് കൊയ്ത്തെന്ന് കേൾവി
ഇവിടെ ഞാൻ കറ്റയ്ക്ക് കൂട്ട്
വെള്ളമാം ഭൂമി.
സ്വർണ്ണമാം മണ്ണ്.
വെള്ളിവെയിലേറ്റ് വാടി-
വീണ്ടും-
മുളയുന്ന ശോകം.
വിശ്വമുർദ്ധ്വം-
കടത്തിണ്ണയിൽ ഹരേ !