രചന : ആൻ്റണി കൈതാരത്ത്✍
അത്തം നന്നേ കറുത്തിട്ടും എന്തേ
എന്‍റെ ഓണം വെളുക്കാഞ്ഞു അമ്മേ
പൂവിളി ചുറ്റും ഉയരുമ്പോഴെന്തേ
പൂവെന്‍റെ മുറ്റത്ത് ഇല്ലാതെ പോയി
ഓണക്കാറ്റില്‍ കോടി മണക്കുമ്പോള്‍
പഴുമുണ്ടെന്തേ നാറുന്നു അമ്മേ
കുടയും ചൂടി മാവേലി എന്തേ
ഇത്രടം ഒന്നു വരാഞ്ഞു അമ്മേ
ഓണത്തിങ്കള്‍ നിലാവുമ്പോളെന്തേ
ഉള്ളം അഴലാല്‍ നീറുന്നതമ്മേ
ചിത്തം പൂക്കും തിരുവോണ നാളില്‍
ചെത്തം വെച്ചു കരയല്ലെ അമ്മേ
കനവില്‍ മടഞ്ഞ ഓണ സദ്യ
തൂശനിലയിട്ടു ഞാന്‍ വിളമ്പാം
കൂട്ടിക്കുഴച്ച് മൃഷ്ടാന്നമുണ്ണണം
നീട്ടിവിടണം ഏമ്പക്കമൊന്ന്
കനവോണം എത്രയുണ്ടെന്നാലും
പശിയതു മാറില്ലെന്‍ മകനേ
ജഠരം നിറച്ചുണ്ണാന്‍ എന്നെങ്കിലും
എത്തുമോ ഓണം ഈ തെരുവില്‍
ജഠരം നിറച്ചുണ്ണാന്‍ എന്നെങ്കിലും
എത്തുമോ ഓണം ഈ തെരുവില്‍.