രചന : ഷൈലാകുമാരി ! ✍
ഓർമ്മയിലോണം ചിരിച്ചു ചിരിച്ചുനിൽക്കും
പൂത്തുമ്പി പാറിപ്പറന്നുവരും
പൂക്കൂടയുമേന്തി പൂവിറുക്കാൻ
പൂവനംതോറും മനമലയും.
പുത്തനുടുപ്പിട്ട് കൂട്ടരോടൊപ്പം
പാറിനടന്നകാലമോർമവരും
പത്തു ദിനങ്ങളിൽ വീടങ്കണങ്ങളിൽ
പൂക്കളം തീർത്തതുമോർമവരും
മുക്കുറ്റി, മന്ദാരം, ചെമ്പരത്തി
തുമ്പപ്പൂവങ്ങനെയെത്രപൂക്കൾ
ചന്തത്തിൽ വന്നു നിരന്നിരിക്കും
മുറ്റത്തെയെന്നുടെ പൂക്കളത്തിൽ.
മുറ്റത്തെ മൂവാണ്ടൻമാവിൻകൊമ്പിൽ
കെട്ടിയ ഊഞ്ഞാലിൽ മാറിമാറി
ആടിക്കളിച്ചുരസിക്കും കാഴ്ച
ഓർക്കുമ്പോൾ പോലും കുളിരണിയും.
ഓണനാളെത്തിടുമ്പോഴോ പിന്നെ
സദ്യവട്ടങ്ങൾക്കൊരുക്കമായി
പത്തു കൂട്ടം കറി ,പായസം പായസങ്ങൾ
ഉപ്പേരി, പപ്പടം, നൽപ്പരിപ്പും.
വാഴയിലയിൽ വിളമ്പി വച്ച്
വീട്ടുകാരൊപ്പം സദ്യയുണ്ണും
എങ്ങും കളികൾ തന്നാർപ്പുമേളം
പിന്നെ ബന്ധുഗൃഹങ്ങളിലേക്ക് യാത്ര.
ഇന്നു ടി. വിയിലോണം നാം കൊണ്ടാടുന്നു
സദ്യയും പാഴ്സലായെത്തിടുന്നു
ഓണമോർക്കുമ്പോളറിയാതെയെൻ
നയനങ്ങളീറനണിഞ്ഞിടുന്നു.