രചന : ജോളി ഷാജി✍

ചിങ്ങം പിറന്നിട്ടും
പെയ്തൊഴിയാത്ത
കുസൃതി മഴകാണുമ്പോൾ
ഓർമ്മയിൽ ഓടിയെത്തുമെൻ
തിരുവോണമോർമ്മകൾ..

ചിങ്ങ കാറ്റിനൊപ്പം
നൃത്തം ചവിട്ടുന്ന
വയലോലകളുമൊപ്പം
ചാഞ്ചാടിയാടും കാട്ടരുവിയും…

മുല്ലയും പിച്ചിയും തെച്ചിയും ചന്തത്തിൽ
വിരിയുമ്പോൾ മലയാളിപെണ്ണിന്റെ ചുണ്ടിൽ ചിരി വിടരുന്നു..

മുറ്റത്തെ മുല്ലയിലെ പൂവിറുത്തു കോർക്കാൻ
ധൃതികൂട്ടും ബാലികയും
ഓണത്തിമിർപ്പിലായി…

മുറ്റത്ത്‌ ചന്തത്തിൽ
പൂക്കളമൊരുക്കാൻ ചെത്തിമിനുക്കും
മുത്തശ്ശിക്കും തിടുക്കമായി പോന്നോണമെത്തിടാൻ…

തൊടിയിലെ ചേനയും മത്തനും വെള്ളിരിയും
മൂപ്പെത്തിയെന്നറിയുന്ന
അമ്മയുടെ മനസ്സിലും
സദ്യയൊരുക്കാൻ തിടുക്കമായി…

കൂട്ടുകൂടി കുമ്മിയടിക്കാനും
കൂട്ടരൊത്താർപ്പ് വിളിക്കാനും വഞ്ചിപ്പാട്ടിൻ
ഈരടികേൾക്കാനും
ഉള്ളുതുറന്നൊന്നു പൊട്ടിച്ചിരിക്കാനും
പുത്തനുടുപ്പിട്ട് ഊഞ്ഞാലുകെട്ടാനും
അത്തപ്പൂക്കളാൽ മാവേലിയെ എതിരേൽക്കാനും
സമ്പത്സമൃദ്ധിയുടെ പോന്നോണം വന്നല്ലോ..
ഒത്തൊരുമിക്കാൻ
വന്നോണം പൊന്നോണം തിരുവോണം വന്നല്ലോ….

ജോളി ഷാജി

By ivayana