രചന : ആന്‍റണി കൈതാരത്ത്✍️

തന്തോയം കൊണ്ടു തുള്ളുന്നു ഞാനേ
ഇന്നെന്‍റെ കുടിയില് മാവേലി വന്നേ
എത്തറ ഓണം കഴിഞ്ഞു പോയെന്നോ
ഇന്നാദ്യം കുടിയില് മാവേലി വന്നേ
കുടയും കുടവയറുമില്ലാതെ
ഇന്നെന്‍റെ കുടിയില് മാവേലി വന്നേ
ചമയങ്ങളെല്ലാം അഴിച്ചുവെച്ചേ
ഇന്നെന്‍റെ കുടിയില് മാവേലി വന്നേ
ഒളിവിതറുന്ന പുഞ്ചിരിയുമായ്
ഇന്നെന്‍റെ കുടിയില് മാവേലി വന്നേ
പൊണ്ണത്തടിയില്ല പൊളിവാക്കില്ല
ഇന്നെന്‍റെ കുടിയില് മാവേലി വന്നേ
കൈതോലപ്പായ വിരിച്ചേ ഇറയത്ത്
ഇന്നെന്‍റെ കുടിയില് മാവേലി വന്നേ
തൂശനിലയിട്ടു സദ്യ വിളമ്പി
ഇന്നാദ്യമെന്‍റെ വയറു നിറഞ്ഞേ
ഇറയച്ചെറുമനെ ചേര്‍ത്ത് പിടിച്ചേ
ഇന്നാദ്യം എന്‍റെ മിഴിയും നിറഞ്ഞേ
മാനുഷരെല്ലാരുമൊന്നു പോലെന്നു
ഇന്നാദ്യം കേട്ടപ്പോ കാതും തരിച്ചേ
മാവേലിമന്നന്‍ എന്നാളുമെന്‍റെയീ
നാടു വാഴട്ടേയെന്നാശിച്ചും പോയേ.

ആന്‍റണി കൈതാരത്ത്


By ivayana