രചന : അശോകൻ പുത്തൂർ ✍

ഒരു പൂഞ്ചുണങ്ങും
മറുകും
കാക്കപ്പുള്ളിയും
ഞങ്ങളിനി ഒളിക്കുന്നില്ല
കണ്ട് പൂതിതീർക്ക്.
ബസ്സെത്തുംവരെ ഇവിടെത്തന്നെയുണ്ട്.
ആകാശപേടകം
ഭൂമിയിലെ ഖനികൾ പകർത്തുംപോലെ…….
ഓന്ത് ഇരയെനോക്കി
ചോരകുടിക്കുംപോലെ
ഇമവെട്ടാതെ നിങ്ങൾ
എത്രനേരമാണിങ്ങനെ
പെണ്ണുടൽ നോക്കിനിൽക്കുക……………
ഉടലിൽ മുക്രയിട്ട് ചുരമാന്തും
നിന്റെ ആകാശപേടകം
ഞങ്ങടെ ഉൾക്കണ്ണിൽ ചിരി നിറയ്ക്കുന്നുണ്ട്.
നിങ്ങൾകാണും ഉടൽമടക്കുകൾക്കപ്പുറം
പലതും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഞങ്ങൾ.
പകലിൽ
സൂര്യനെപ്പോൽ ജ്വലിക്കും അരിമ്പാറകൾ.
ഇരവിൽ
നക്ഷത്രംപോൽ തിളങ്ങും പാലുണ്ണികൾ.
വാക്കിൻ വിടർച്ചയിലെ ഗന്ധമാദനങ്ങൾ.
നോക്കിലുലാവും സ്യമന്തകങ്ങൾ.
സ്പർശത്തിൽപ്പൂക്കും
നീലക്കുറിഞ്ഞി താഴ് വാരങ്ങൾ.
തൊട്ടാലുരുകും വെണ്ണയും
നിറഞ്ഞൊഴുകും പുഴയുമാവാൻ ഒരു ഞൊടി
മഴയായ് പെയ്യാനും
മഞ്ഞായ് പൊഴിയാനും
ചന്ദനംപോൽ മണക്കാനും
നരിയും നാഗവും
യക്ഷിയുമാവാൻ നിമിഷാർദ്ധം.
ഒരപേക്ഷയുണ്ട്.
നാഭിയുടെ മാറ്റ്കണ്ട്
ചന്തിയിടുക്കിലെ ആഴം തിരഞ്ഞ്.
ഉരുകിത്തിളക്കും
ഉടൽമണത്തിൽ മനമുടക്കി
മാറ് നോക്കി പുറം നോക്കി
കുണ്ടിനോക്കി വണ്ടിയോട്ടി
വണ്ടിക്കടിപ്പെട്ട് പിണ്ഡമായി
ട്രാഫിക് ജാമാവാതെ നോക്കുക.
അല്ലെങ്കിൽ
വീട്ടിൽ നേരത്തിനെത്താതെ
മുടങ്ങുന്ന സീരിയൽ കാഴ്ചക്ക്
ചത്തുപോയവനേ
നിന്റെ തന്ത സമാധാനം പറയേണ്ടിവരും 😄

അശോകൻ പുത്തൂർ

By ivayana