രചന : സഫി അലി താഹ✍
ലുലുമാളിൽ നിന്നിറങ്ങി ടെക്‌നോപാർക്ക് കഴിഞ്ഞ് ഇടത്തേക്കുള്ള പോക്കറ്റ് റോഡിന് സമീപമെത്തിയപ്പോൾ ഡിവൈഡറിൽ മനുഷ്യരൂപത്തിൽ ഒരു വെളിച്ചം കാറിൽ കൈകാണിക്കുന്നു..അതും മുഖം പച്ചനിറത്തിൽ തുടങ്ങി താഴേക്ക് പോകുമ്പോൾ സ്വർണ്ണനിറത്തിലുള്ള ഒരു രൂപം, കാൽ തറയിൽ തൊട്ടിട്ടില്ല.മുടി പാറിപറക്കുന്നു.
എന്റെ കാലുകളിലെ തരിപ്പ് അറിയാതെ കൈകളിലേക്കും പടർന്നു.സ്റ്റിയറിങ്ങ് കൈയിൽനിന്നും ഒരു നിമിഷം വഴുതിപോയി.
മുൻപിൽ പോയ ഒരു ബൈക്കിനെ തൊട്ട് തൊട്ടില്ല എന്നമട്ടിൽ ബ്രേക്കിൽ കാലമർന്നു.കൂടെയുണ്ടായിരുന്ന ഉമ്മയും മക്കളും നിലവിളിച്ചു. ആ വെളിച്ചം അവരും കണ്ടിരുന്നു.ആ ബൈക്കുകാരനും ആ രൂപം കണ്ടെന്ന് അയാൾ എന്നെയൊന്നു വഴക്ക് പോലും പറയാതെ വേഗത്തിൽ പോയതിൽനിന്നും മനസ്സിലായി.എന്റെ പരിഭ്രമം മക്കളെയും ഉമ്മയെയും പരിഭ്രാന്തിയിലാക്കി എന്ന് മനസ്സിലായപ്പോൾ ഞാൻ ധൈര്യം സംഭരിച്ചു . ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ അവിടം ശൂന്യമാണ്, അത് പുറത്ത് കാണിക്കാതെ അവരോട് പറഞ്ഞു “പേടിക്കാതിരിക്ക്, അങ്ങനങ്ങു പോയാലോ പ്രേതത്തെ ഒക്കെ അത്രയ്ക്ക് പേടിക്കണോ? അങ്ങനൊന്നും ഇല്ല.
നമുക്ക് പോയി നോക്കാം.” വണ്ട് മുരളുന്ന പോലുള്ള ആ ശബ്ദം എനിക്ക് പോലും അപരിചിതമായിരുന്നു എന്നോർത്തപ്പോൾ ചിരിക്കണോ കരയണോ എന്ന് ആ സമയത്തും ഞാനോർത്തു.
” വേണ്ടാത്ത പണിക്ക് നിൽക്കരുത്, എങ്ങനേലും വീടെത്തിയാൽ മതി.”ഉമ്മ വിലക്കി. എങ്കിലും തോൽക്കാൻ ഒരു മടി. കഥാകാരിയുടെ പ്രേതപ്പേടി ഓണാവധി ആഘോഷത്തിന് പത്തരമാറ്റേകും എന്ന ഉറച്ച വിശ്വാസമുള്ളതിനാൽ കാർ റിവേഴ്‌സ് എടുത്ത് നോക്കിയാലോ എന്ന് തന്നെ ചിന്തിച്ചു. എന്തായാലും കളിയാക്കലിനെക്കാൾ എന്തുകൊണ്ടും പ്രേതം തന്നെയാണ് നല്ലതെന്ന് ചിന്തിച്ച അതേ മാത്രയിൽ ആ രൂപം എന്റെ വശത്തെ ഗ്ലാസിൽ കൊട്ടുന്നു.
വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. അവിടേക്ക് സൂക്ഷിച്ചു നോക്കാൻ പോലും ഭയമായി.മുടി ഗ്ലാസ്സിലേക്ക് വീണു കിടക്കുന്നു. പാളിനോക്കിയപ്പോൾ വെളിച്ചം ഇപ്പോഴില്ല.പതിയെ എന്തും വരട്ടെ എന്ന് കരുതി കാറിലെ ലൈറ്റ് ഓൺ ചെയ്തു. പിന്നെ ആ മുഖത്തേക്ക് നോക്കി.ഇപ്പോൾ മിന്നുന്നുണ്ട്, എന്നാൽ രൂപം എന്നോട് ചിരിക്കുന്നു.പ്രേതമല്ലെന്ന ആശ്വാസത്തിൽ ഞാൻ ഗ്ലാസ് താഴ്ത്തി.ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അത് !സെറ്റ് സാരിയാണ് വേഷം. തിളങ്ങുന്ന മാലയും കമ്മലും വളകളും.
“ഒരു ലിഫ്റ്റ് തരുമോ? “
“എവിടേയ്ക്ക് “
“തോന്നയ്ക്കൽ. “
“എവിടെയാ വർക്ക് ചെയ്യുന്നത്?”
” ടെക്‌നോപർക്ക് ബേസ് ചെയ്‌ത ഒരു സൊല്യൂഷനിൽ “
“ഐഡി? “
അവൾ അതും കാണിച്ചു.
അവളെയും കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ഞാൻ ചോദിച്ചു.
“താനെന്താ ഈ മുഖത്ത് ഇട്ടേക്കുന്നത്? “
“ഗ്ലിറ്റർ “
“അതെന്താ പച്ച നിറത്തിൽ? “
ടെക്നോപാർക്കിലെ ഓണാഘോഷം കഴിഞ്ഞ് കൂട്ടുകാരിയുടെ വീട്ടിൽ പോയിരുന്നു.ഹോളി കൂടി പിള്ളേർ ആഘോഷിച്ചതാ.കഴുകിയിരുന്നു, ഇപ്പോഴും പോയില്ല അല്ലേ? “
“ഇല്ല.
“സ്വാഭാവിക മേക്കപ്പെന്നു ചിലർ കരുതുന്ന മേക്കപ്പ് കണ്ടാൽ തന്നെ പേടിയാകും. അപ്പോൾ പിന്നെ ഗ്ലിറ്ററും പച്ചയും വെള്ളനിറത്തിലെ ഡ്രെസ്സും പറക്കുന്ന മുടിയും ഒക്കെക്കൂടി അരണ്ട വെളിച്ചത്തിൽ മിന്നിനിൽക്കുമ്പോൾ പേടിയാകില്ലേ?”
“പേടിച്ചു അല്ലേ? സോറി “
തോന്നയ്ക്കലെത്തി, ആ കുട്ടി വണ്ടിയിൽനിന്നിറങ്ങി. മുന്നോട്ട് നടക്കുന്ന അവളുടെ കാൽ തറയിൽ തൊടുന്നില്ല.!ശ്രദ്ധിച്ചുനോക്കിയപ്പോൾ അതും വ്യക്തമായി.ഗ്ലാസ് പോലുള്ള ഹൈഹീൽഡ് ചെരുപ്പാണ് ഇട്ടിരിക്കുന്നത്.
അപ്പോഴും ഞാനാ ബൈക്ക്കാരനെ ഓർക്കുകയായിരുന്നു. എന്തോ ഭാഗ്യത്തിനാണ് അയാളെ വണ്ടി തട്ടാത്തത്!
ഉമ്മാന്റെ പിറുപിറുക്കൽ അപ്പോഴും തീർന്നിട്ടുണ്ടായിരുന്നില്ല.
“കിളയ്ക്കാൻ വരുന്ന രഘു കഞ്ചാവടിക്കുന്ന പോലെ കണ്ണിൽ കണ്ട ക്രൈം ബുക്കൊക്കെ വായിച്ചിട്ട് മനുഷേനെ മെനക്കെടുത്താൻ “
പിൻകുറിപ്പ് :ഞാനിക്കാര്യം ഇക്കയോട് പറഞ്ഞു. അപ്പോൾ പുള്ളി പറയുന്നു, ടെക്‌നോപർക്ക് സൈഡിൽ ലിഫ്റ്റ് ചോദിക്കുന്ന പിള്ളേരെ നീ ഇപ്പോഴാണോ കാണുന്നത് ?!
എന്നെയും കൂട്ടാതെ എത്രയെത്ര തിരുവനന്തപുരം യാത്രകൾ ഈ മനുഷ്യൻ നടത്തിയിരിക്കണം എന്നോർക്കുമ്പോൾ വല്ലാത്തൊരു അസ്കിത ഇല്ലാതില്ല!