രചന : ജോർജ് കക്കാട്ട് ✍
മുഖം മറച്ച മാസ്ക് കൈത്തണ്ടയിൽ വലിച്ചിട്ട് , റോഡിന്റെ അരികു ചേർന്ന് അതി വേഗതയിൽ നടന്നു.. വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന വലതു വശത്തെ റോഡിൽ നിന്നും നേരെ ഇടതു വശത്തേക്ക് നടന്നു .. നീലാകാശം ചുവന്നു തുടിക്കുന്നു .. വണ്ടികൾ പച്ച സിഗ്നനലിനായി കാത്തു കിടക്കുന്നു . ഞാൻ അടുത്ത റോഡിലേക്ക് കടന്നു . നേരെ എതിരെ ഒരു സ്ത്രീ പട്ടിയെ കൈയ്യിലെടുത്തു നടന്നു പോകുന്നു.ഇടയ്ക്കു ആ പട്ടിയോട് എന്തോ ഒക്കെ പറയുന്നുമുണ്ട് .. ഞാൻ നേരെ മുന്നോട്ടു നടന്നു..
നേരെ കുറച്ചു നടന്നപ്പോൾ അകലെ നിന്നും ഒരു സൈക്കിൾ ആടി ആടി വരുന്നു ഇടയ്ക്കിടയ്ക്ക് കോൺക്രീറ്റ് ഭിത്തിയോട് ഉരസി ആണ് വരവ്,ഞാൻ അതോടിക്കുന്ന ആളെ സൂക്ഷിച്ചു നോക്കി,, അതെ അത് അയാൾ തന്നെ .. വൈകുന്നേരങ്ങളിൽ ബാറിൽ നിന്നും രണ്ടു സ്മോളടിച്ചു പൂസായി.. ആടി ആടി അല്ലെങ്കിൽ മതിലുകളിൽ പിടിച്ചു പിടിച്ചു പോകുന്ന മദ്യപന്മാരെപ്പോലെ ..ആയാൾ ലക്ഷ്യത്തിലേക്ക് സൈക്കിൾ ഓടിച്ചു പോകുന്നു .. വളഞ്ഞും പുളഞ്ഞും .. ഉള്ളിലെ ചിരി ഒതുക്കി .. നടപ്പിന്റെ വേഗത കുറച്ചു .
അപ്പോളാണ് നെഞ്ചിനെ ഇക്കിളിപ്പെടുത്തിക്കൊണ്ട് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് . എടുത്തു ഹാലോ പറയുന്നതിനുമുന്പേ മറുതലയിൽ നിന്നും ആൾ ഇങ്ങോട്ടു പറഞ്ഞു തുടങ്ങി കുറെ നാൾ ആയല്ലോ കേട്ടിട്ട് .. ആ ചോദ്യത്തിലൂടെ തന്നെ മനസ്സിലായി ഒരു പണി വരുന്നുണ്ട് എന്ന് . എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ..അയാൾ തന്റെ മകന്റെ കല്യാണം ക്ഷണിക്കുകയാണ് .. ആദിവസം ഫ്രീ ആക്കിയിടണം.. പിന്നെ കൊറോണ ഒക്കെ പ്രമാണിച്ചു ഒരു കുടുംബത്തിൽ നിന്നും ഒരാളെയെ പ്രതീക്ഷിക്കുന്നുള്ളു ..പിന്നെ നിങ്ങൾ രണ്ടു പേരും പോരെ എന്നൊരു താങ്ങും.. ആകട്ടെ എന്നുപറഞ്ഞു ഫോൺ ഓഫ് ചെയ്തു.. കൊറോണക്ക് മുൻപും പിൻപും ഇപ്പോളും ഓരോ പാർട്ടികളിലും കാണിച്ചുകൂട്ടിയതു ഒരു ഫ്ലാഷ് ബാക് പോലെ മനസ്സിൽ ഓടി വന്നു .
തൊട്ടടുത്ത് ഒരു പോലീസുകാരൻ നേരെ വിഷ് ചെയ്തു നടന്നു പോയി ഞാൻ തിരിച്ചും വിഷ് ചെയ്തു ..
കുറച്ചു നേരത്തിനു ശേഷം വീട്ടിലെത്തി .. വാതിൽ തുറന്നു അകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ പെട്ടെന്ന് നിൽക്കവിടെ കയറരുത് ..അവളുടെ ശബ്ദം .. എന്താ.. ഞാൻ ഒന്ന് ഞെട്ടി .. ഇടതുകാൽ ഉയർത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു. അവിടെ നിൽക്ക് ..ഞാൻ ഉയർത്തിയ കാൽ പുറകോട്ടു വച്ച് അവളെ നോക്കി ..
ഒരു കറുത്ത കഷണം തുണികൊണ്ടു എന്റെ കണ്ണുമൂടിക്കെട്ടി ..എന്നിട്ടു പറഞ്ഞു ഇനി നേരെ മുകളിലേക്ക് പൊയ്ക്കോളൂ .. കണ്ണുകാണാതെ ഞാൻ എങ്ങനെ പോകും .. അങ്ങനെ പോയിപ്പടി ..അവർ ഒന്നാകെ പറഞ്ഞു.. ഈ കണ്ണുകെട്ടിക്കളി .. വേറെ പണിയില്ലേ .. ഞാൻ കണ്ണിലെ കെട്ടെടുക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു ഇതൊരു ഇൻസ്റ്റാ ചലഞ്ചാ .. മകൻ അവിടെ വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ട് ..
ങ്ങ ..എന്ന ശരി ഞാൻ നേരെ ഭിത്തിയിലേക്ക് പിടിച്ചും വളഞ്ഞും പുളഞ്ഞും കുറച്ചു മുൻപ് വഴിയിൽ കണ്ട സൈക്കിളുകാരനെപ്പോലെ വളഞ്ഞു പുളഞ്ഞു നേരെ മകന്റെ മുറിയിലെത്തി ..മകൻ കട്ട് പറഞ്ഞു … ഞാൻ കണ്ണിലെ കെട്ടെടുത്തുമാറ്റി.. എല്ലാവരും പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു .
മുറി മാറിയ ജാള്യതയോടെ ഞാൻ നേരെ മുകളിലേക്ക് തന്റെ മുറിയിലേക്ക് കയറി കുളിയും കഴിഞ്ഞു താഴെ എത്തിയപ്പോൾ മകൻ തന്റെ ഇൻസ്റ്റാ ചലഞ്ച് എത്രപേർ തുടരുന്നു എന്ന് നോക്കിയിരിക്കുന്നു .
ഗാർഡനിലെക്ക് നടന്നു.. അവിടേക്കു ഒരു കപ്പ് കാപ്പിയുമായി അവൾ കടന്നു വന്നു .. അമ്മയുടെ ഓർമ്മ ദിവസമാണ് പള്ളിയിൽ പോയി ഒരു തിരിയെങ്കിലും കത്തിക്കേണ്ടേ? .. വേണം പക്ഷെ ഏതു പള്ളിയിൽ .. അതൊരു ചോദ്യചിഹ്നമായി മുൻപിൽ നിന്നു ..
ങ്ഹാ ..അത് പോട്ടെ ഒരു കല്യാണക്ഷണനം ഉണ്ട് അടുത്ത മാസം .. ക്ഷണനം ഒരു പ്രത്യേക രീതിയിൽ ആണ്ഞാൻ ഫോൺ വിവരം അവളെ ധരിപ്പിച്ചു . എന്തായാലും വിളിച്ചതല്ലേ .. നമുക്ക് പൊയ്ക്കളയാം .. അവളുടെ മറുപിടി .
പക്ഷെ ആരാണ് ആരെയാണ് വിവാഹം കഴിക്കുന്നതെന്ന അവളുടെ ചോദ്യത്തിന് മറുപിടി കൊടുക്കാൻ കഴിഞ്ഞില്ല .. അയാളുടെ മകനാണ് എന്നറിയാം പക്ഷെ വധു എവിടെ നിന്ന് എന്ന് പറഞ്ഞില്ല .. അവൾ ..ആരും ഒന്നും പറഞ്ഞു കേട്ടില്ലല്ലോ .. ഇപ്പൊ ട്രെൻഡ് വച്ച് യുറോപ്പിലെവിടുന്നെങ്കിലുമായിരിക്കുമെന്നു കരുതാം..
കുറച്ചു നാളുകൾ പൊരിഞ്ഞ വെയിലും ഒരു മഴയുമില്ലാതെ അങ്ങനെ കടന്നു പോയി .. ഞങ്ങൾ പതിവുപോലെ ജോലിയും നടപ്പും കഴിഞ്ഞു സോഷ്യൽമീഡിയയിൽ ഉള്ള പള്ളി ഗ്രൂപ്പ് തൊട്ടു ചെകുത്താൻഗ്രൂപ്പ് വരെ തിരയുമ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു സേവ് ദി ഡേറ്റ് വീഡിയോ കണ്ണിൽപ്പെടുന്നു അതിൽ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും കാര്യമാക്കിയില്ല ..
പിന്നെ ആ ദിവസം എത്തി ആ കല്യാണ രാവിലേക്ക്..
അതിലേക്ക് നിങ്ങളെ ഞങ്ങൾ കൂട്ടിക്കൊണ്ടു പോകുകയാണ് .. ലൈവ് വീഡിയോ സ്റ്റാർട്ട് ചെയ്തു …. ഒന്ന് പോസ്സ് ചെയ്തേക്കണേ..
എന്തിനും ഏതിനും എപ്പോളും മുന്നിൽ നില്ക്കാൻ മത്സരിക്കുന്ന കുറച്ചുപേരുടെ കഥകളിയാട്ടത്തിനുശേഷം.. അൾത്താരയുടെ മുന്നിൽ പുരോഹിതന്റെ മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ട് .. അത് കണ്ടു ഞങ്ങൾ ഒന്ന് ഞെട്ടി. നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ തീർച്ചയായും ഞെട്ടും?
മകന്റെ കൈയ്യിൽ ഒരു പൂച്ചെണ്ട് തൊട്ടടുത്തായി മനോഹരമായി അലങ്കരിച്ചു തട്ടവുമിട്ട് കൈയ്യിലും ദേഹമാസകാലം ആഭരണങ്ങൾ കൊണ്ട് പൊതിഞ്ഞും അതി സുന്ദരിയായ അണിഞ്ഞൊരുങ്ങിയ പെൺകുട്ടി .. മോൺസോ റോബോ എന്ന യന്ത്ര മനുഷ്യ സ്ത്രീ.. അതെ ഒരു മനുഷ്യ പെൺകുട്ടി തന്നെ ..
കാഴ്ചയിൽ ഒരു മാറ്റവുമില്ല .അവനോടൊപ്പം മോൺസോ റോബോയും വിവാഹ ചടങ്ങിലേക്ക് പുരോഹിതൻ മുകളിലേക്ക് കൈകൾ ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. ഞങ്ങൾ രണ്ടാളും മുഖത്തോടു മുഖം നോക്കി. തമ്മിൽ പറഞ്ഞു .. വധു ഒരു റോബർട്ടോ സ്ത്രീയോ ?
തൊട്ടടുത്തു നിന്ന് ആ ദമ്പതികൾ ..അവർ പിറുപിറുക്കുന്നത് ഞങ്ങൾ കാതോർത്തു മകന്റെ ഒരാഗ്രഹത്തിനും ആ അച്ഛനും അമ്മയും എതിർ നിന്നിട്ടില്ല .ഇപ്പോൾ മനസ്സ് മുഴുവൻ ആധിയാണ് .
മോൺസോ റോബോയെ മാത്രമേ വിവാഹം കഴിക്കു എന്നവൻ പറയുമ്പോൾ സമ്മതിച്ചു കൊടുക്കാതെ പറ്റില്ലായിരുന്നു .പലവട്ടം പറഞ്ഞിട്ടും അവൻ ഒന്നും കൂട്ടാക്കിയില്ല ആ റോബോയുമായുള്ള പ്രേമം? അതിനു അവൻ കണ്ടെത്തിയ ന്യായങ്ങൾ ഇങ്ങനെ ..
എന്റെ മോൺസോ റോബോ ഒരിക്കലും എന്നെ ചതിക്കില്ല ,എന്നും എന്റെ കൂടെക്കാണും ,കുറച്ചു ചിലവേ ഉള്ളൂ ,പ്രസവിക്കാനുള്ള കഴിവ് മാത്രമേ ഇല്ലാതുള്ളൂ ..ബാക്കി എന്തിനും എന്റെ മോൺസോ റോബോക്ക് കഴിയും .. പിന്നെ എന്നെ പൊന്നു പോലെ നോക്കും ..ഇല്ല അച്ഛനും അമ്മയും വേറെ ഒന്നും പറയേണ്ട ..എന്റെ സന്തോഷമാണ് വലുതെങ്കിൽ ഇത് നടത്തി തരണം ..
ആ മോന്റെ ബലം പിടുത്തത്തിലാണ് ഇങ്ങനെ ഒരു കല്യാണം നടന്നത് .. ഞങ്ങൾ അവരെ നോക്കി അതെ ഒരു യുവ വധുവരൻമാർ .തന്നെ … ആർക്കും അത്ര പെട്ടെന്ന് മനസ്സിലാകുക ഇല്ല .. എന്തായാലും പുരോഹിതന്റെ വാക്കുകൾ ഏറ്റു ചൊല്ലി, മോൺസോ റോബോ അവനെ പൊക്കിയെടുത്തു നേരെ അലങ്കരിച്ച ഹാളിലെത്തി.ഹാളിലെ റാപ് സംഗീതത്തിനൊത്തു .. കണ്ണുകളെ കൗതുകം ഉണർത്തുന്ന അതിമനോഹര ചുവടുവയ്പുകൾ …. എല്ലാവരോടും ചേർന്ന് നിന്ന് ഫോട്ടോ സെക്ഷൻ ഞങ്ങൾ അടുത്ത് ചെന്ന് അഭിനന്ദനങ്ങൾ പറയുമ്പോൾ മകൻ എന്റെ കൈകുലുക്കി പറഞ്ഞു അങ്കിൾ ഇതാണെന്റെ ബെറ്റർ ഹാഫ് .കാണാൻ നല്ല ഭംഗിയില്ലേ..ഞങ്ങൾ ചേർന്ന് നിന്ന് ഒരു സെൽഫി എടുത്തു കൈകൊടുത്തു ..
ഞങ്ങളെ ആലിംഗനം ചെയ്തു കൊണ്ട് രണ്ടാളും നന്ദി അറിയിച്ചു .. അവർ രണ്ടാളും ചുണ്ടോടു ചുണ്ടുകൾ ചേർത്ത് പുറകിലെ മുറിയിലേക്ക് നടന്നു നീങ്ങി .. .ഞങ്ങൾ നേരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയിലേക്ക്.. ..വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഞങ്ങൾ രണ്ടാളും നേരെ മുഖത്തോടു മുഖം നോക്കി മുഖത്തു ചിരി വരുന്നോ അതോ സങ്കടം വരുന്നോ ഒന്നിൽ ഉറപ്പിക്കാൻ ഞങ്ങൾക്കായില്ല ..മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങൾ ..
പുറത്തേക്കു നോക്കി കറുത്ത ആകാശം ചുവന്നു തുടുത്തിരിക്കുന്നു.. നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു .. ഇരുട്ടിലൂടെ അതി വേഗം വണ്ടിയോടിച്ചു.. മുപ്പതാം നൂറ്റാണ്ടിലേക്ക്..മോൺസോ റോബോയുടെ കാലത്തിലേക്ക് ..