രചന : ഒ.കെ.ശൈലജ ടീച്ചർ✍
കൃഷ്ണേട്ടന്റെ ദയനീത സ്ഥിതി ആരെയും വേദനിപ്പിക്കുന്ന വിധമായിരുന്നു.
വളരെ ചെറുപ്പത്തിൽത്തന്നെ വീടും നാടും വിട്ട് തലശ്ശേരി അഛന്റെ കൂടെ ഹോട്ടൽ പണി ചെയ്തു.
ഒരേയൊരു മകനായ കൃഷ്ണേട്ടനെ നന്നായി വളർത്തുന്നതിനോ . നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനോ പ്രാധാന്യം കൊടുക്കാതെ നാട്ടിലുള്ള ജന്മിമാരുടെ പറമ്പിലെ പണികൾക്കായി പുലർ വെട്ടം വീഴും മുൻപേ പോയാൽ അന്തിത്തിരി കത്തിക്കാനും കൂടി വീടണയില്ല. ഇരുട്ടിനെ വഹിച്ചു കൊണ്ട് വീട്ടിലെത്തിയാൽ മകൻ കുളിച്ചോ, വല്ലതും കഴിച്ചോ , സ്ക്കൂളിൽ പോയി വല്ലതും പഠിക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെ വല്ലതും വെച്ചു കാച്ചി കൊടുക്കാനേ ആ തള്ളയ്ക്കറിയാവൂ.
ഗൾഫിലേക്കു പോകാനായി കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ കൃഷ്ണേട്ടൻ പ്രവാസിയായി.
അതിനിടയിൽ തന്റെ മനസ്സിൽ കൊണ്ടു നടന്ന പ്രണയിനിയെ വിവാഹവും ചെയ്തു. മൂന്ന് മക്കളുടെ അഛനായിട്ടും മക്കളെ സ്നേഹിച്ചു താലോലിക്കാനവസരം കിട്ടിയില്ല.
കാലം ആരെയും കാത്ത് നിലക്കാറില്ലല്ലോ. ഋതുഭേദങ്ങൾക്കനുസരിച്ച് മനുഷ്യരിലും പല മാറ്റങ്ങളും .
തന്റെ കുഞ്ഞുങ്ങളുടെ അമ്മയുടെ ആരോഗ്യസ്ഥിതി മകനറിയിച്ചെങ്കിലും ആ സമയത്ത് നാട്ടിൽ കുടുംബത്തെ സംരക്ഷിക്കാനായിട്ടൊന്നും ചെയ്യാൻ പറ്റിയില്ല. അതിന് വലിയ നഷ്ടങ്ങൾ കുടുംബത്തിലുണ്ടായി. മൂത്ത മകന്റെ പഠനം നിന്നു. ഇളയവൻ മാനസികമായി തളർന്നു. ഭാര്യയാണെങ്കിൽ വീട്ടുകാര്യങ്ങളൊന്നും തന്നെ നോക്കാൻ പറ്റാത്ത വിധം കിടപ്പിലുമായി.
ദുരിതങ്ങൾ വരുമ്പോൾ അതൊരു പെരുമഴ പോലെയായിരിക്കുമല്ലോ നീണ്ട പ്രവാസ ജീവിതം കൃഷേണ ട്ടനെയും അനാരോഗ്യവാനാക്കിയിരുന്നു. പോരാത്തതിന് സ്വന്തം പിടിപ്പുകേടും. ധാരാളിത്തരവും കാരണം പാപ്പരായി വെറും കൈയ്യാലേ ഉടുതുണി മാത്രമായിട്ടാണ് വിദേശത്തു നിന്നും തിരിച്ചെത്തിയത്.
എല്ലാം ശരിയാകുമെന്ന വിശ്വാസത്തിലായിരുന്നല്ലോ മൂത്ത മകന്റെ വിവാഹം നടത്തിയത്.
വീടിന്ന് വിളക്കാകണം കയറി വരുന്ന പെൺകുട്ടിയെന്ന് നമുക്കാശിക്കാനല്ലേ പറ്റൂ. അങ്ങനെയൊരു ഭാഗ്യം കിട്ടാൻ സുകൃതം ചെയ്യണം
പണമില്ലാത്തവന് എവിടെയും സ്ഥാനമില്ലെന്ന് മനസ്സിലാക്കാനധിക നാളുകൾ വേണ്ടി വന്നില്ല. കൈനിറയെ സാധനങ്ങളുമായി വന്ന് ബന്ധുമിത്രാദികൾക്കും . സ്വന്തം അമ്മ പെങ്ങന്മാർക്കും വേണ്ടത്ര നൽകിയ ഗൾഫുകാരനെ എല്ലാരും അവഗണിച്ചു.
ജോലി ചെയ്തു ജീവിക്കാമെന്നു വെച്ചാലോ ആരോഗ്യവും മോശം .പിന്നെന്ത് ചെയ്യും ?
മരുമോളുടെ വേലക്കാരനായി ജീവിക്കുകയല്ലാതെ മറ്റു നിവ്യത്തിയില്ലല്ലോ.
ഭാര്യയാണെങ്കിൽ മൂക സാക്ഷിയായി കിടപ്പിലും . അവരെന്തെങ്കിലും പറഞ്ഞാൽ പിന്നെ മോന്റെ വഴക്ക് കേൾക്കേണ്ട ഗതികേടും.
പക്ഷേ ഇതൊന്നും കൃഷ്ണേട്ടനെ അലട്ടിയിരുന്നില്ല. അദ്ദേഹം എങ്ങനെയെങ്കിലും ഇടയ്ക്കൊരു ലോട്ടറി ടിക്കറ്റെടുക്കും. ശുഭാപ്തിവിശ്വാസത്തോടെ .
അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി ടൗണിൽ വെച്ച് ഒന്നിച്ചു പഠിച്ച ചങ്ങാതിയെ കാണുവാനിടയാകുന്നത്. സംസാരത്തിനിടയിൽ തന്റെ സുഹൃത്തിന്റെ അവസ്ഥയറിഞ്ഞ കൂട്ടുകാരൻ ആയിരം രൂപ കൃഷ്ണേട്ടന് നല്കി.
മറ്റൊന്നുമാലോചിക്കാതെ സർവ്വ ദൈവങ്ങളേയും മനസ്സിൽ വിളിച്ചു കൊണ്ട് കൃഷ്ണേട്ടൻ മൂന്ന് ഓണം ബമ്പർ ടിക്കറ്റടുത്തു.
കൃഷ്ണേട്ടന്റെയും ഭാര്യയുടേയും ദുരിതാവസ്ഥ കണ്ട് മഹാലക്ഷ്മി അവരെ അനുഗ്രഹിക്കുമെന്നുള്ള അവരുടെ പ്രതീക്ഷ അസ്ഥാനത്തായില്ല
കൃഷ്ണേട്ടന്റെ ഫോൺ റിംഗ് കേട്ടാണ് ഞാൻ ഉണർന്നത്.
“പ്രഭാകരാ….നീ മാത്രമേ എന്നെ സമാശ്വസിപ്പിക്കാറുള്ളൂ. സാരമില്ല കൃഷ്ണേട്ടാ …. ദൈവം എല്ലാറ്റിനുമൊരു വഴി കാണിച്ചു തരുമെന്നുള്ള നിന്റെ വാക്ക് സഫലമായി. ഓണം ബമ്പറിന്റെ ടിക്കറ്റിൽ മൂന്നാം സ്ഥാനം കിട്ടിയത് ഞാനെടുത്ത ഒരു ടിക്കറ്റിനാണ് ചങ്ങാതി”
കൊച്ചു കുട്ടിയുടെ സന്തോഷത്തോടെ കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ഞാനും സന്തോഷിച്ചു. പ്രാർത്ഥിച്ചു.
“ദൈവമേ കൃഷ്ണേട്ടന്റെയും, ഭാര്യയുടെയും ദുരിതങ്ങൾക്കൊരറുതി കൊടുത്തല്ലോ”
“പ്രഭാകരാ… നീയെനിക്കൊരു ഉപകാരം ചെയ്തു തരണം”
“എന്താണ് കൃഷ്ണേട്ടാ”
” ഒരു ചെറിയ വാടക വീട് സംഘടിപ്പിച്ചു തരണം . ഇനിയുള്ള അവസാന നാളുകളെങ്കിലും എനിക്കും ഭാര്യക്കും സ്വസ്ഥമായി ജീവിക്കണം. മരുമോളുടെ വേലക്കാരനായി കുത്തുവാക്കുകൾ കേൾക്കാതെ എന്റെ ഭാര്യയെ എനിക്ക് ചികിത്സിക്കണം. അവൾ പഴയ പടിയാകുമെന്നെനിക്കുറപ്പുണ്ട്”
” ഒക്കെ നമുക്ക് ശരിയാക്കാം. ഞാൻ വേണ്ട ത്‌പോലെ ചെയ്യാം. തല്ക്കാലം ഈ കാര്യം ആരോ ടും പറയേണ്ട.”
കൃഷ്ണേട്ടന്റെ സന്തോഷമുള്ള മുഖം കാണാലോ എന്നാശ്വസിച്ചു ഞാൻ വേഗം ഡ്രസ്സ് മാറി ടൗണിലേക്കു നടന്നു. അവർക്കു പറ്റിയൊരു കൊച്ചു വീട് കണ്ടുപിടിക്കുന്നതിനായി .