രചന : ശ്രീകുമാർ എം പി✍
കറുത്തമേഘം
പൊഴിച്ച മഴയിൽ
കുളിർത്തു ഭൂമി
പൂക്കുന്നു
കറുത്ത രാവു
തപം ചെയ്തല്ലെ
തുടുത്ത കാല്യം
പിറക്കുന്നെ
കറുത്ത കണ്ണ-
നുതിർത്ത ഗീത
യുലകിൽ വെട്ട
മേകുന്നു
കനത്ത ദു:ഖം
പടരുമ്പോളുള്ളിൽ
കരുത്തോടെയെന്നും
മുഴങ്ങുന്നു
കൊടും തമസ്സിനെ
യകറ്റിടും സൂര്യ
പ്രഭ പോലതു
വിളങ്ങുന്നു !
കറുത്ത കുയിലിൻ
കണ്ഠമല്ലയൊ
കവിത പാടി
യുണർത്തുന്നെ !
കരിമനസ്സിന്റെ
ചുമരിലായ് നമ്മൾ
കളിയായിപോലും
വരച്ചെന്നാൽ
കറുക്കുകില്ലൊന്നും
കറുക്കും നമ്മുടെ
മനസ്സിന്റെ നാലു
ചുമരുകൾ
മുൻവിധികളെ പിൻ –
തുടരുകയെന്നാൽ
വരിച്ചിടുന്നതി-
ന്നടിമത്തം.