ഒറ്റയ്ക്കായാൽ
ഓർമ്മകൾ വിള കൊയ്യാനിറങ്ങും
നിങ്ങൾ നടക്കുമ്പോൾ
കത്തിക്കൊണ്ടിരിക്കുക
ഉഴുതുമറിയുന്ന മനസിൽ കല്ക്കരി പാവുക
ഈ വഴിയവസാനിക്കുന്നിടത്ത്
ഒരു പാടമുണ്ടാകും.
ചതുപ്പോ, മതിലോ വഴിമുടക്കുന്നിടത്ത്
ഒരതിരോ, കനാലോ കായലോ, കടലോ
എഴുന്നേറ്റു നില്ക്കും
ചിലപ്പോൾ നിങ്ങൾ അവിടെ
ഒരു കാമുകനേയോ, കമിതാവിനേയോ,
മുക്കുവനേയോ, വഴിപോക്കനേയോ
കണ്ടുമുട്ടും
തീ കാഞ്ഞുവെരുന്ന വെയിലിൽ
മുഖം നിഴലിനോടു ചേർത്തുവെച്ച്
നീ തിരയുന്നത്, അവളുടെ കാല്പ്പാടാണ്.
വിഭ്രമങ്ങളിൽ വിളറി വെളുത്ത തിരകളിൽ
നിൻ്റെ പ്രണയം തലതല്ലി മരിക്കുന്നു.
ആകാശത്ത്
നീലച്ഛായം കൊണ്ടു വെള്ള ചേർക്കപ്പെട്ട
ആകാശ മേഘങ്ങൾ അന്നും, ഇന്നു സാക്ഷി.
ഒരു കരിംകാക്ക വട്ടം ചുറ്റുന്നുണ്ട്
നിൻ്റെ തലയ്ക്കു മുകളിൽ
നീ പറഞ്ഞ വാക്കുകൾ ഓർമ്മകളെ
തിരികെ നടത്തുന്നു
നീ നല്കിയ പൂവിൻ്റെ ഇതളുകൾ
മണം തിരികെ ചോദിക്കുന്നു.
നിൻ്റെ ചുംബനങ്ങൾ വാടിത്തുടങ്ങുന്നു
വസന്തങ്ങൾ മുഴക്കിയ മണികൾ
കാഴ്ചകളെയും, കേൾവികളെയും മറച്ച് പിടിക്കുന്നു.
ഉപ്പു കാറ്റുകൾ ഉള്ളു കലങ്ങിയവൻ്റെ
കരിച്ചിലിൻ്റെ ശബ്ദം പുറപ്പെടുവിക്കുന്നു.
കാലം, പതറിയ വാക്കുകൾ കൊണ്ട്
വെളിച്ചം തെളിയ്ക്കുന്നു.
അമ്മനിലവിളികളിൽ
ഒരു കുഞ്ഞു പൂവുകൂടി പിറവിയുടെ
വെളിച്ചം കാത്തിരിക്കുന്നു.
വൻകരകൾ അതിരുകളിൽ
കപ്പലോട്ടം തുടങ്ങുന്നു.
കാമുകിയുടെ വിയർപ്പിലും സുഗന്ധം
നഗ്നയാക്കപ്പെട്ട ഇരുട്ട്
കൂട്ടിക്കൊടുപ്പിന് കാവൽ നില്ക്കുന്നു.
കൂട്ടുകാരിയുടെ മരണം
ചുളിവീണ സൗന്ദര്യത്തെ വർണ്ണിക്കുന്നു.
ഒഴിവാക്കപ്പെട്ട ഉടുപ്പുകൾ
വിയർപ്പിന് വില പറയുന്നു.
കുന്തിരിക്കത്തിൻ്റെ മണം
ഒരാനന്തവും പകരാതെ പുകയുന്നു.
ശസ്ത്രക്രീയക്ക് വിധിക്കപ്പെട്ട പ്രണയിനി
കുഞ്ഞുടുപ്പുകൾ സ്വപ്നം കാണുന്നു.
തെട്ടിലിൻ്റെ അടുത്തിട്ട കട്ടിലിൽ
എത്തിപ്പിടിക്കുന്ന വിരലുകൾ
ഭൂതകാലത്തിൻ്റെ കവിത പകർത്തുന്നു.
പകലും, രാവും, വെന്തുപൊങ്ങുന്ന
ഉൾത്തുടിപ്പിൽ ഞാൻ
പഴയൊരാൽബം നോക്കുന്നു
കോഴിക്കൂട്ടിൽ അടയിരിക്കുന്ന
തള്ളക്കോഴി സ്വന്തം മുട്ടകൾക്ക് കാവലിരിക്കുന്നു.
പിശാചൊഴിഞ്ഞുപോകാത്ത ആൾത്താമസമില്ലാത്ത വീട്ടിൽ
പുതിയൊരാൾ വാടകയ്ക്ക് വന്നിരിക്കുന്നു.
താഹാ ജമാൽ