രചന : വാസുദേവൻ. കെ. വി✍

(വാസുദേവൻ. കെ. വി )
‘നിന്റെ നെറ്റിയിൽ എന്റെ നെറ്റിയുമായി,
നിന്റെ ചുണ്ടിലെന്റെ ചുണ്ടുമായി,
നമ്മെ ദഹിപ്പിക്കുന്ന പ്രണയത്തിൽ
നമ്മുടെ ഉടലുകൾ പിണയുമ്പോൾ
കാറ്റു കടന്നുപോകട്ടെ,
എന്നെയവൻ കാണാതെപോകട്ടെ..’ ( -നെരൂദ )


സദാചാര അലിഖിത തിട്ടൂരങ്ങൾ എത്ര അകറ്റിനട്ടാലും മണ്ണിനടിയിൽ വേരുകളാൽ കെട്ടിപ്പിടിക്കുന്ന ചില ചെടികളുണ്ട് . വെയിലും നിലാവും വന്നു താമസിക്കുന്നവ ..
കവികല്പ്പന കണക്കെ ഉദാത്ത പ്രണയം അവനും അവളും.
അരുണകിരണ തീക്ഷ്ണത കുറഞ്ഞ സായന്തനത്തിൽ അവൻ അവളുടെ മടിയിൽ തലചായ്ച്ചു. അവന്റെ നെറ്റിയിൽ അവൾ അധരമുദ്ര പതിക്കുമ്പോൾ അവൾ വിരൽത്തുമ്പിനാൽ അവന്റ അധരങ്ങളിൽ ചിത്രമെഴുതി . ആകാശപ്പരപ്പിൽ മേഘങ്ങളുരുണ്ടുകൂടി അതു ഒളിച്ചുകണ്ടു രസിച്ചു.


അവളുടെ കിന്നാരം കാവ്യസ്മൃതികൾ പൊഴിച്ചു.
” ഉള്ളിൽ തൊട്ടാൽ തീ പാറുന്ന
പ്രണയമാണെന്നു മേഘം എങ്ങനെ പറയും??
ഒരു കിടിലൻ ചുംബനം കൊണ്ടല്ലാതെ! “
അവനോർത്തത് കവി വീരാൻകുട്ടി യുടെ ‘പ്രണയമില്ലെങ്കിൽ’.
‘‘പ്രണയമില്ലെങ്കിൽ
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ.
ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയിട്ടും
ശിൽപ്പമാകുന്നില്ല തീരേ’’.


അവന്റെ മുഖത്തു വീണുലഞ്ഞ കാർകൂന്തൽ നൂലിഴകൾ വകഞ്ഞുമാറ്റി അവൾ ശങ്കയുണർത്തി..
“നിന്റെ ഒതുങ്ങിയ ചുണ്ടുകൾ..
പുകവലിക്കാതെങ്ങനെ ഇത്രയോളം കാർവർണ്ണമായി? !!”
അവൻ ഉത്തരമേകി.
“ചുണ്ടുകൾ നീണ്ടു പരന്ന് വാ വലുപ്പം കൂടാത്തതിന് നിനക്ക് വ്ലോഗർ വ്യാജഡാക്കിട്ടറുടെ വ്യാഖാനം ഓർക്കാം .
ആഗോളതാപനത്താൽ കൊടുംവെയിൽ പൊള്ളിച്ച യാത്രകൾ സമ്മാനിച്ച കാർവർണ്ണം അധരത്തിന്… ചിലപ്പോൾ അമിത ചുംബന തഴമ്പുകളും ആവാം.
ആട്ടെ, നീ പുകവലിച്ചിട്ടുണ്ടോ? നിന്റെ ചുണ്ടുകളും നീണ്ടു.. അർദ്ധ കാർനിറം….”
മേൽഷോവനിസ്റ്റ് മറുപടി രസിക്കാതെ അവൾ അവനെ തള്ളി മാറ്റി. കോപമകറ്റാൻ അവനൊരു കഥനം പൊഴിച്ചു …


കേരകേദാര ഭൂവിൽ എത്തിയ ജ്ഞാനപീഠജേതാവ് മഹാശ്വേതദേവി ജനാല പഴുതിലൂടെ ആ കാഴ്ച്ചകണ്ടു. കവിയും കഥാകാരന്മാരും പുറത്തു നിന്ന് പുകയൂതുന്നു. അടുത്തെത്തിയ നോവലിസ്റ്റ് കെ. എൽ മോഹനവർമയോട് അവർ ചോദിച്ചു. ‘പുകയില കൃഷി വ്യാപകമല്ലാത്ത പ്രബുദ്ധ കൈരളിയിൽ എഴുത്തുകാരേറെയും എന്തുകൊണ്ടിത്ര പുകവലി ?? ‘
കാമ്പുറ്റ മറുപടി ‘ഓഹരി’ യുടമ നൽകി.


“സുരപാന നിഷിദ്ധ സദാചാര സമൂഹം.. പുകയെങ്കിലും ഇത്തിരി ലഹരിക്കായി..”
ചിരിതൂകി ദീദി പ്രഖ്യാപിച്ചു.. “ഇതു ഞാൻ എഴുതും. “
അതിനുമുമ്പേ ദിദി ഒരു കഥ എഴുതിയിട്ടുണ്ട്. സദാചാര പേക്കോലങ്ങളെ നോക്കി പുച്ഛിച്ചുകൊണ്ടൊരു ട്രൈബൽ പെൺകുട്ടി മഹിഷിമേലേറി പുകവലിച്ച് സവാരിചെയ്യുന്ന കഥ .. ഗോത്രജീവിത പഠനത്തിനെത്തിയ സായിപ്പിന്റെ തൊലിനിറം അവൾക്ക്..
അവളുടെ നിലപാടുകൾ ഭയന്ന് ഗോത്ര സമൂഹം..
“പെണ്ണേ..പുകവലി ആണിന് മാത്രം സംവരണം ചെയ്യപെട്ടതല്ല.
ദൂഷ്യങ്ങൾ ലിംഗപരമായി നീ ഒതുക്കിയിടരുത്.. “
അവളവനിൽ പ്രണയപൂർവം തോൾ ചായ്ച്ചു. ഇരുൾ കലരും വേളയിൽ അവർ പിരിയാൻ എഴുന്നേറ്റു… അപ്പോളവൻ അവളുടെ കാതിൽ ചൊല്ലിയതും കവി വീരാൻകുട്ടിയുടെ വരികൾ.


” ഓർത്തിരിക്കാതെ
രണ്ടു പ്രാണൻ തമ്മിൽ ഒട്ടുന്നതിന്റെ ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും.
കീറിക്കൊണ്ടല്ലാതെ
വേർപെടുത്താൻ പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലിൽ!! “

By ivayana