രചന : പാപ്പച്ചൻ കടമക്കുടി ✍
ഇന്നലെ കണ്ടപ്പോള്‍ നീയൊരു കുഞ്ഞാട്
തുള്ളിച്ചാടിക്കളിച്ചങ്ങനെ.
ഇണങ്ങിക്കുണുങ്ങിയെത്തുന്ന
മാന്‍കിടാവായി പിന്നീട് .
കണ്ണില്‍ക്കണ്ണില്‍ കൊമ്പുരസവേ
പഞ്ഞിത്തുണ്ടായി ,മുയല്‍ക്കുഞ്ഞായി .
മൂക്കും ചുണ്ടും
കൗതുകത്തോടെ വിറപ്പിച്ച്
മടിയിലെ സ്വപ്നവെണ്മകളില്‍
പൂച്ചക്കുട്ടിയായ് കുറുകി .
ആകാംക്ഷകളുടെ തളിരൊടിക്കാന്‍
കഴുത്തു നീട്ടിനീട്ടി ജിറാഫായി .
രഹസ്യങ്ങള്‍ ചവച്ചരച്ചു
സകലതും അയവെട്ടിക്കൊണ്ട്
പശുവിനെപ്പോലെ
പാലും സമൃദ്ധിയുമായി .
തീമണല്‍ക്കാടുകളെല്ലാം
അലസം അനായാസം പിന്‍തള്ളി ഒട്ടകത്തെപ്പോലെ .
ഇടയിലെപ്പോഴോ ചീറ്റപ്പുലിയെപ്പോലെ
നഖവും ദംഷ്ട്രയും മൂര്‍ച്ചകൂട്ടി .
വിളവെല്ലാം കുത്തിമറിച്ച് മുക്കുറയിട്ട്
രാത്രിഞ്ചരനായ പന്നിയെപ്പോലെ
നാശംവിതറി.
ചില്ലയില്‍നിന്ന് ചില്ലയിലേക്ക്
വിദഗ്ദ്ധമായി ചാടിത്തുള്ളിമറിഞ്ഞ്
മരഞ്ചാടിയായി .
സങ്കടച്ചൂടില്‍ ഹിപ്പോയെപ്പോലെ
ശരീരംമുഴുവനും വെള്ളത്തിലാഴ്ത്തിക്കിടന്നു.
മേനിക്കോ മനസ്സിനോ
എന്തുമേതുമേല്ക്കാതെ
കല്‍പ്രതിമയായി
കണ്ടാമൃഗം പോലെ.
ഇരയെക്കണ്ട് പതുങ്ങിച്ചാടി
ജീവന്‍ പറിച്ചെടുക്കുന്ന സിംഹിയായി.
ഇരുട്ടറകളില്‍ സ്വാര്‍ത്ഥതയുടെ
തേന്‍കൂടുമാത്രം തെരഞ്ഞ്
കരിമുഖം കാട്ടുന്ന കരടിയായി .
പിന്നീടപ്പോഴാണ് നീ
തുമ്പിയാട്ടി ചെവിയാട്ടി
അലസതാവിലസിതം
പ്രണയലാസ്യനാട്യങ്ങളോടെ
തിടമ്പേറ്റുന്ന ആനയെപ്പോലെ
എന്റെ ഹൃദയം കവര്‍ന്നത് .?
** ** ** ** ** ** **
മരവും കാടും പൂവും പൂമ്പാറ്റയും
മഴയും മഴവില്ലും മഞ്ഞും കുളിരും
ഇടിയും മിന്നലും വെയിലും നിലാവും —
ഈ ഭൂമിതന്നെ കാവല്‍നില്ക്കുമ്പോള്‍
ഇതാ…..എന്റെ മുന്നിലേക്ക്
ഒരു മൃഗശാല നടന്നു വരുന്നു .