രചന : പാപ്പച്ചൻ കടമക്കുടി ✍
നീപാടുമ്പോള്‍ മോഹനരാഗം മഴയാവും
ഗോപീവാടം ഹര്‍ഷസുഗന്ധക്കുളിരാടും
ചാപം പോലാപ്പാട്ടു മുറിക്കും ഹൃദയങ്ങള്‍
താപംമൂലം ഗോപിക വിങ്ങിക്കരയുന്നു.
അന്നെല്ലാരും കണ്ണനൊടൊപ്പം,രതിചോരന്‍
വന്നെല്ലാര്‍ക്കും കണ്ണിനുനേരാ,യവരോതി
നിന്നോടം പോലക്കരതാരില്‍ ചിരിയോടെ
എന്നും കണ്ണാ ചേര്‍ക്കണമുള്ളില്‍ക്കനിവോടെ.
വെള്ളിത്താലം വിണ്ണിലെടുത്തൂ നിറചന്ദ്രന്‍
തുള്ളിത്തുള്ളിത്താരഗണങ്ങള്‍ നിരയായീ
കള്ളിപ്പെണ്ണിന്‍ കാതരഭാവം യമുനയ്ക്കും
കള്ളക്കണ്ണിട്ടൊന്നു തുടിച്ചൂ തിരമാല.
കാറ്റില്‍ക്കാടും മേടുമുലഞ്ഞൂ,വനരാഗം
പാറ്റിപ്പാറും പൂവുകളായ് ഗോപികളാടീ
ചുറ്റിച്ചെങ്ങും കണ്ണ,നവര്‍ക്കോ മറയായീ
ഉറ്റിച്ചുള്ളില്‍ പ്രേമവസന്തത്തളിരോളം.
പീലിക്കണ്ണും കാണുകവേണം യദുബാലാ
ഫാലച്ചന്തം മുത്തണമിന്നെന്നരികേ വാ
നീലക്കണ്ണില്‍ മിന്നണ രാഗത്തിര വേണം
കോലക്കോലാല്‍ പാടിയതെല്ലാമറിയേണം
ചുണ്ടില്‍ച്ചെണ്ടായ് മുത്തുകളുള്ളില്‍ വിരിയേണം
കണ്ഠംതിങ്ങും പൂവനമാല്യച്ചിരി വേണം
ഉണ്ടോ മാറില്‍ കൗസ്തുഭമെന്നാലതു വേണം
കണ്ടിക്കാറേ നിന്നുടെ വെണ്ണക്കൊതി വേണം.
മഞ്ഞപ്പട്ടിന്‍ കിങ്ങിണി മിന്നുന്നരവേണം
നെഞ്ഞില്‍ത്താളം ചെമ്പടയാക്കും വളവേണം
കുഞ്ഞിക്കാലില്‍ പൂന്തിരതുള്ളും തളവേണം
പിഞ്ഞിപ്പിഞ്ഞിക്കീറിയ ഹൃത്തില്‍ നിറയേണം.
കണ്ണാ കണ്ണായെന്നവരെല്ലാം കരയുമ്പോള്‍
കണ്ണാലല്ലോ കണ്ണനിരുന്നൂ ഹൃദയത്തില്‍
കാണാനായാല്‍ കാണുക,സത്യം കണികാണാം
കാണാക്കണ്ണാ മായരുതേ നീ കനിവല്ലേ.!!
ശ്രീകൃഷ്ണ ജയന്തി ആശംസകൾ.