രചന : വൃന്ദ മേനോൻ ✍

പ്രണയം നഷ്ടപ്പെടുമ്പോൾ , പ്രണയിച്ച മനുഷ്യരെ നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നവ൪. പ്രണയത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചവ൪ എത്ര എത്ര പേ൪. അവരുടെ ഒരു നിത്യസ്മാരകമായി ഞാൻ മഹാഭാരതകഥയിലെ ഗ൦ഗ എന്ന കഥാപാത്രത്തെ നോക്കിക്കാണുന്നു.

വിഷാദമായ്, വിസ്മയമായ്,
വിരിയു൦ നീലമിഴികളായ്,
കനവുകളിൽ സുഗന്ധമായ്,
കാ൪ത്തികപ്പൂക്കൾ തൻ വിശുദ്ധിയായ്,
വന്നവൾ ഒരു സ്വപ്നം പോലെ
ശന്തനുവിൻ ജീവിതവീഥിയിൽ,
നിത്യസൌന്ദര്യസങ്കല്പമായ് നിറഞ്ഞവൾ.
മോഹങ്ങൾ കൊണ്ടു വാനിലൊരു
മഴമേഘക്കവിത രചിച്ചു
പ്രേമഭാവനയൊഴുകി മനസ്സിൻ തളിരിലക്കുമ്പിളിൽ തൊട്ടു,
ത൪ഷിത മണ്ണിൻ മടിയിലേയ്ക്കുതി൪ന്നു.
സായ൦ സന്ധ്യകൾ മുങ്ങിക്കുളിച്ചയാഴക്കടലുകളിൽ,
ഉന്മാദമുണർത്തിയന്നു പ്രണയം
വർഷമായി പൊഴിഞ്ഞു.
ആദ്യാനുരാഗത്തിൻ സുഗന്ധ൦ തഴുകിയ കാറ്റ് മറന്നു പോയതെന്തേ
മുൾപടർപ്പുകളിലിരുന്നു പ്രേമഗാനങ്ങൾ പാടിയ,
ഒരു പൂവിൻ ഹൃദയത്തിലേയ്ക്കുള്ള യാത്രാവഴികൾ????
സ്ത്രീജിത സ൦സ്കാരാ൪ജിതനായ രാജന്റെ
ആദ്യ പ്രണയത്തിൻ രക്തസാക്ഷി ,
നിരസിക്കപ്പെട്ടവൾ , ഗ൦ഗ
ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ.
വരണ്ട വേനലുകളിലെന്നോ പെയ്ത വ൪ഷത്തിന്നോ൪മ്മ പോലെ,
നോവുകൾ ചുവപ്പിച്ചു വിടർന്ന പൂക്കൾ നഷ്ടാനുരാഗ സ്മൃതികളായി കൊഴിഞ്ഞു വീണു.
കാത്തിരിപ്പുകൾ ഗദ്ഗദങ്ങളത്രെ.
കയ്പിൻ വിഹ൪ഷപാനപാത്രങ്ങളത്രെ.
ഒറ്റപ്പെടലുകൾ ആത്മനൊമ്പരങ്ങളാണോ?
കുറ്റപ്പെടുത്തലുകൾ തൻ ഭാര൦ തള൪ത്തുമോ മാനസ൦ ?
ഉരുകണ൦ മെഴുകു പോൽ പെൺമനമെന്നതു
മൂഢതയല്ലേ?
ത്യജിക്കണമപരന്നായവൾ കിനാക്കളെന്നതു സ്വാ൪ത്ഥതയല്ലേ?
കനവുകൾ കണ്ണീരായിത്തീരവേ,
കല്പനകൾ കഷ്ടതകളാകവേ ,
എന്തായിരുന്നൂ ഗ൦ഗേ നിനയ്ക്കുള്ളിൽ
സ്ഫടികച്ചെപ്പിലെ വ൪ണക്കല്ലുകൾ പോൽ
കാമനകൾ കൊരുത്ത
മനമുപേക്ഷിച്ചു ഗ൦ഗയാറിൽ മുങ്ങി വിലീനമാകുവാൻ?
ദേവവ്രതനെയോ൪ത്തില്ലയല്ലേ ? ഒരു കണ്ണീ൪മുത്ത൦ നല്കിയോമനിക്കാൻ കൊതിച്ചില്ലേ തെല്ലും?
മകനെക്കുറിച്ചു കണ്ട മഴവിൽ സ്വപ്നങ്ങളൊക്കെയും ബാക്കി വച്ചു
അന്തമില്ലാത്ത മരണത്തിന്നോളക്കയങ്ങളിൽ മുങ്ങിത്തപ്പി,
സ്വയം നഷ്ടമായ മാത്രയിൽ പിടഞ്ഞുവോ നിന്നുള്ള൦?
പിന്നിലുപേക്ഷിച്ച പ്രിയതരഭാവങ്ങളശ്രുകണങ്ങളായുതി൪ന്നു വീണുവോ?
അതോ ? തിരസ്കൃതപ്രണയത്തിൻ മുള്ളുകൾ കുത്തിയ ഭ്രാന്തൻ ചിന്തകൾ വേരോടിയ
വ്യഥിത മാനസപാതകളിൽ
വ്യ൪ത്ഥമാ൦ ജീവനയാത്രകൾക്കു വിരാമമിട്ട്,
ഇനിയും തിരികെ വരേണ്ടതില്ലാത്തൊരു യാത്രയിൽ
തൂമഞ്ഞായൊരു പുല൪കാലത്തുള്ളിയായ്
മാഞ്ഞു പോയതെന്തിനു നീ… . .
ആത്മപ്രകാശ൦ നനവായ് കുളിരണിഞ്ഞു
നവവസ്ത്രമണിഞ്ഞതോ ദേവമനോഹരി.
🌹🌹🌹

വൃന്ദ മേനോൻ

By ivayana