രചന : സുമോദ്‌പരുമല ✍
കൊഴിഞ്ഞുവീഴുന്ന ഒരിലയെ
പ്രണയിച്ചുതുടങ്ങുമ്പോഴാണത്രേ
പ്രണയം പ്രണയമായിത്തീരുന്നത് .
പഴുത്തടർന്ന് ഞരമ്പുകൾ വേർപെട്ട്
മണ്ണിലതങ്ങിനെ പുതഞ്ഞുകിടക്കവേ
ഒരു പൂക്കാലത്തിന്റെയോർമ്മ
നനവുചൊരിയാറുണ്ടാവും .
മാറോടൊട്ടിക്കിടന്ന
ഒരു കൊഴിഞ്ഞ പൂമൊട്ടിനെ
കാറ്റിനോട് മല്ലിട്ട് പുണർന്നപ്പോഴൊക്കെ
ചില്ലകളിൽ അഹന്തകൾ
നീട്ടിയെറിഞ്ഞ് നക്ഷത്രത്തിളക്കങ്ങൾ .
സൗന്ദര്യം എല്ലാവഴികളിലും
ഉന്മാദം വാരിവിതറുന്നു .
പുഞ്ചിരിയുടെയഹന്തകളാൽ
ഹൃദയങ്ങളെ മാടിവിളിച്ച്
അത് ആത്മനിർവൃതിയടയുന്നു .
മദജലം പുരണ്ടയിതളുകളുടെ
പശിമയിൽ ഉടലുകൾ വേറിട്ട്
തേനീച്ചച്ചിറകുകളൊട്ടിക്കിടക്കുന്നു .
മടുപ്പുതിങ്ങിയ കണ്ണുകളിലും
അസ്വസ്ഥതയുടെ നാമ്പുകൾ വിടർത്തി
ആർത്തിയൊളിപ്പിച്ചയാസ്വാദനങ്ങൾ
തിരിനീട്ടിനിൽക്കുമ്പോളാവും
ആരെയും കാത്തുവയ്ക്കാത്തകാലം
ഒരു സൂചിത്തലപ്പിന്റെ മൂർച്ചയാൽ
ആഞ്ഞുതഴുകുന്നത് .
ഇലകൾ ,
അമ്മത്തൊട്ടിലുകളാണ് .
വേർമുനകളോളം നീളുന്ന ഞരമ്പുകളാൽ
പൂവിന്റെ പരിണാമങ്ങളെ
അവ പ്രണയിച്ചുമരിയ്ക്കുന്നു.
കൊഴിഞ്ഞുവീഴുന്ന ഒരിലയെ
പ്രണയിച്ചുതുടങ്ങവേയാണത്രേ
പ്രണയം പ്രണയമാവുന്നത് .