രചന : ശിവരാജ് പാക്കുളം✍
ഇടമുറിയാതന്നു പെയ്തൊ –
രിടവപ്പാതി മഴയിലും
ഇടവഴിയിലൊരു കുടയിൽ
ചേർന്നുനിന്നതോർമ്മയിൽ
ഇരുമനവുമൊന്നുചേർന്നു
കുളിർമഴയിൽ നിൽക്കവേ
ഇരുകരവും ചേർത്തുവെച്ചു
കഥ പറഞ്ഞതോർമ്മയിൽ
തുടലുപൊട്ടിച്ചതുവഴിയെ
ഓടിവന്ന ശുനകനെ കണ്ടു-
ടലുചേർന്നു പുണർന്നു
നമ്മളെത്ര നേരമങ്ങനെ..
മഴന്നനഞ്ഞ മേനിയാൽ
മനം നിറഞ്ഞു നിൽക്കയാൽ
മധുരമുള്ള ചുണ്ടിലെ ത്ര
ചുംബനങ്ങൾ തന്നു ഞാൻ
മറകുടയാലെന്നെ നോക്കി
മൗനമായി നിന്നു നീ
മദനലഹരി നുകരുവൻ
മനം കൊതിച്ചു നിന്നു നാം
പ്രണയവും തളിർത്തു പൂത്തു
നിൽക്കയെങ്കിലും സഖീ
പരിഭവം നിറച്ചുനമ്മളിരു-
വഴിയായ് പോയതും
പുതുമയുള്ള ജീവിതം
വരിച്ചു നീയതും വിധി!
പുതിയ വീട്ടിലെന്നെ നീ
മറന്നു പോയി നിശ്ചയം.
പ്രണയിനി ഞാൻ നിന്നെയോർത്തു കാലവും കഴിച്ചിടും
കാത്തിരിപ്പ് വ്യർഥമെന്ന് നീയറിഞ്ഞതില്ലയോ?
രചന, ചിത്രസംയോജനം –ശിവരാജ് പാക്കുളം
ആലാപനം -ഷീജ ദാസ്.