രചന : അഫ്സൽ ബഷീർ തൃക്കോമല✍
സെപ്റ്റംബർ 21.ലോകസമാധാനത്തിന്റെ ആവശ്യകതയെപ്പറ്റി ഓർമപ്പെടുത്താനും ചർച്ച ചെയ്യാനും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1981 മുതലാണ് എല്ലാ രാജ്യങ്ങളോടും രാഷ്ട്രീയ സംഘടനകളോടും പട്ടാളവിഭാഗങ്ങളോടും ഒപ്പം പൊതുസമൂഹത്തോടും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുവാൻ ആഹ്വനം ചെയ്തത് .
എന്നാൽ മെയ് 29 നാണ് ഐക്യരാഷ്ട്രസംഘടനയിലെ രാജ്യങ്ങളുടെ “അന്താരാഷ്ട്ര സമാധാനദിനാചരണം” ആചരിക്കുന്നത് ലോകത്ത് സമാധാനത്തിന്റെ സന്ദേശം ആദ്യമായി ഉയർന്നുവന്നത് ഇന്ത്യയില്‍ നിന്നാണെന്ന്കണക്കാക്കപ്പെടുന്നു .പോരാട്ടങ്ങളെയും ഹിംസയെയും തള്ളിപ്പറഞ്ഞ ബുദ്ധനും മഹാവീരനും. പടക്കളത്തിലെ കാഴ്ചകള്‍ യുദ്ധം പാടെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു സമാധാനത്തിന്റെ പാത സ്വീകരിച്ച അശോക ചക്രവര്‍ത്തി തുടങ്ങി സ്വാതന്ത്ര്യസമര കാലത്ത് അഹിംസയിലൂന്നിയ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു സ്വാതന്ത്ര്യ ലബ്ധിയിൽ എത്തിച്ച മഹാത്മാ ഗാന്ധി വരെയുള്ളവർ അന്താരാഷ്‌ട്ര തലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ രാജ്യം ഇന്ന്
സമാധാനത്തിന്റെ കാര്യത്തിൽ ലോകത്തിൽ 136 ആം സ്ഥാനത്താണെന്നുള്ളത് എന്നത്
ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .
1945ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ 24 ദശലക്ഷം സൈനികർ ഉൾപ്പടെ 72 ദശലക്ഷം മനുഷ്യരാണ് മരിച്ചത്.പിന്നീട് സമാധാനം ഉറപ്പു വരുത്തുന്നതിനായി ഐക്യ രാഷ്ട്ര സഭ രൂപീകരിക്കുകയും ചെയ്തു.
എന്നാൽ നാളിതുവരെയായും
ലോകത്തു ശാന്തിയും സമാധാനവും
തിരിക വന്നില്ലായെന്നു മാത്രമല്ല
നിരവധി യുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും സാക്ഷ്യം വഹിക്കുകകൂടി ചെയ്തിട്ടുണ്ട് .1948 മുതല്‍ ഇന്ന് വരെ അയ്യായിരത്തിലധികം യു.എന്‍ സമാധാന പാലകരാണ് സേവനത്തിനിടെ മൃതിയടഞ്ഞത്.വിവിധ സംഘര്‍ഷ ബാധിത രാജ്യങ്ങളിലെ 28 ദശലക്ഷം കുട്ടികള്‍ സ്കൂളുകളില്‍ പോകാതെ വിദ്യാഭ്യാസം മുടങ്ങി കഴിയുന്നു . സ്വന്തം വീടുകളില്‍ നിന്ന് തന്നെ 25 ദശലക്ഷംത്തിലധികം ആളുകൾ മാറി നില്‍ക്കുന്നു.മാത്രമോ അഭയാർഥികളായി വിവിധ രാജ്യങ്ങളിൽ എത്തപെട്ടവർ എത്രയാണെന്ന് കണക്കുകളുമില്ല. സംഘര്‍ഷ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്നു എന്നതും തീവ്രവാദികളുടെയും ഭീകര വാദികളുടെയും മറ്റു വിധ്വംസക പ്രവർത്തകരുടെയും സാന്നിധ്യം അവികസിത രാജ്യങ്ങളിലെ ഗ്രാമ
പ്രദേശങ്ങളിൽ പോലും നിലനിൽക്കുന്നു എന്നത് വർത്തമാന കാലം അത്ര ശുഭകരമല്ലെന്നു പറയേണ്ടിവരും .
സമാധാന വാഹകരാണെന്നു സ്വയം നടിക്കുന്ന മത പുരോഹിതർ ഉൾപ്പടെയുള്ളവർ ജാതി മത ചിന്തകളിലൂന്നിയ വിഷലിബ്ദ്ധമായ പ്രയോഗങ്ങളിലൂടെ സമൂഹത്തെ തെറ്റായ ദിശയിലൂടെ നടത്താൻ പ്രേരിപ്പിക്കുകയും എല്ലാറ്റിനും മുകളിൽ മതമാണെന്നു പറഞ്ഞു പരത്തുകയും ചെയ്യുന്നത് വഴി കുറച്ചൊന്നുമല്ല അസ്വാരസ്യങ്ങൾ എന്ന് പറയാതെ വയ്യ .
പ്രതിപക്ഷ ബഹുമാനം ഇല്ലായ്മയും മനുഷ്യാവകാശങ്ങളോടുളള അവജ്ഞയും ആണ് ലോകം ഇന്നും ഈ സ്ഥിതിയിൽ തുടരുന്നത് എന്നതിൽ രണ്ടു പക്ഷമില്ല. ഐക്യരാഷ്ട്രസഭയും അതിന്റെ പ്രവർത്തനങ്ങളിലും കുത്തക സാമ്രാജ്യത്വ രാജ്യങ്ങളുടെ താൽപര്യങ്ങൾക്കു വഴങ്ങി പക്ഷപാതപരമായി പെരുമാറുന്നതിന്റെ ഫലമായാണോ ലോകത്തെ ആദ്യത്തെ സംസ്കാരമായ മെസൊപൊട്ടോമിയൻ സംസ്കാരത്തെ പൂർണമായും തുടച്ചു നീക്കപ്പെട്ടതും. മറ്റു അനവധി രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളെന്നും പുനർ വിചിന്തനത്തിനു സമയമായിട്ടുണ്ട് .അവികസിത ദരിദ്ര രാജ്യങ്ങളുമായി സമ്പന്ന രാഷ്ട്രങ്ങൾ നടത്തിയിട്ടുള്ള ഉടമ്പടികളും കരാറുകളും നടപ്പിലാക്കാതെ കാറ്റിൽ പറത്തിയതിന്റെ ചരിത്രങ്ങളും ലോകത്തിനു മുന്പിലുണ്ട്. സമ്പന്ന സാമ്രാജ്യത്വ ശക്തികൾ ജാതിയോ മതമോ നോക്കാതെ കച്ചവട താല്പര്യങ്ങൾ മുൻ നിർത്തി ലോകത്തിന്റെ താക്കോൽ സ്ഥാനം ഉറപ്പിക്കാനുള്ള വ്യഗ്രതയിലുമാണ്.രാജ്യങ്ങൾക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പോലും മുതലെടുത്തു കച്ചവട താല്പര്യങ്ങൾ
ഉറപ്പിക്കാൻ ഇത്തരം ശക്തികൾ ശ്രമിക്കുന്നുമുണ്ട് .ഓരോ
വ്യക്തിയിൽ നിന്നും കുടുംബത്തിലേക്കും അവിടുന്ന് സമൂഹത്തിലേക്കും പിന്നീട് രാജ്യത്തും ലോകത്തുമായി സമാധാനം വ്യാപിക്കുക എന്ന് അടിസ്ഥാനപരമായി പറയാമെങ്കിലും,അവസരോചിതമായും നിക്ഷ്പക്ഷമായും ഐക്യ രാഷ്ട്രസഭ ഇടപെടാത്തടത്തോളം കാലം അന്താരാഷ്ട്ര തലങ്ങൾ കലുഷിതമായി തുടരും .
ലോകത്തിനു അറബിക്കടലിന്റെ ഓരത്തുള്ള കൊച്ചു കേരളം സംഭാവന ചെയ്ത നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ .”അവനവാനാത്മസുഖത്തിനാചരിക്കുന്നതപരനും സുഖത്തിനായി വരേണം” എന്ന തത്വം ലോകത്തിനു മുഴുവൻ സമാധാനത്തിനുള്ള മികച്ച സന്ദേശമാണ് ഇന്ത്യ പോലെയുള്ള ബഹു സ്വര രാഷ്ട്രങ്ങൾ മാതൃകയാക്കേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു .
ഈ ഉത്തരാധുനിക കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങൾ ഇത്രയധികം വളർന്നു ഓരോ വ്യക്തിയും തന്റെ കൈയിലിരിക്കുന്ന ആൻഡ്രോയിഡ് ഫോണിന്റെ സഹായത്താൽ സർവ വിജ്ഞാന കോശമായി മാറുമ്പോൾ ജാതി മത
വർണ്ണ വർഗ്ഗത്തെ കുറിച്ച് സംസാരിച്ചു സമയം കളയാതെ ലളിതമായി പറഞ്ഞാൽ ലോകത്തിനു
ഗുണമുള്ള കാര്യങ്ങളിൽ പങ്കാളികളാകാമെങ്കിൽ അതിനു
സാധിക്കുന്നില്ലെങ്കിൽ അവനവന്റെ
കാര്യങ്ങൾ അവനവൻ നോക്കി നടന്നാൽ നാടിനും വീടിനും സമാധാനം പുലരും എന്ന സാമാന്യ ചിന്തകൾ പങ്കു വെച്ച് കൊണ്ട് ഏവർക്കും ലോക സമാധാന ദിനാശംസകൾ.