രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍
നടന്നുതുടങ്ങുമ്പോൾ
അത്രമേലാമോദമോടെ
അന്പെഴും ശാരികപ്പൈതൽ
അച്ഛനോടേവം മെല്ലെ
ആദിമദ്ധ്യാന്തം രാമകഥ
ബോധഹീനന്മാർക്കറിയാവണ്ണം
താളത്തിൽ ചൊല്ലിത്തുടങ്ങിയിരുന്നു
ബാലാരിഷ്ടത കടന്നു
ബാലകാണ്ഡം കഴിയവേ
പുകഴ്പ്പെടും അയോദ്ധ്യാ –
പുരിക്കൊപ്പമെത്തിയോരെൻ
പുണ്യമാം അമ്മമലയാളവും
ആരണ്യകങ്ങളിൽ പൂക്കും
അന്ധകാരങ്ങളിൽ പെടാതെ
കിഷ്ക്കിന്ധവും കഴിഞ്ഞു
സുന്ദരകാണ്ഡവും കടന്ന്
യുദ്ധകാണ്ഡത്തിലിതാ
മലയാളമിന്നു നിൽക്കുന്നു
ചിതലിയുടെ താഴ്വാരങ്ങളിൽ
വണ്ടിയിറങ്ങിയ രവിയിപ്പോൾ
നൈസാമലിയോടു പോരടിക്കുന്നു ,
ഇരുപക്ഷത്തായി നിറഞ്ഞ
കൊടിപ്പടകൾക്കിടയിൽപ്പെട്ടുപകച്ച
മൊല്ലാക്കയും പൂശാരിയും.
പടിഞ്ഞാറേ പാലത്തിനരികിൽ
കൊട്ടികളും വെടലകളും
പരസ്പരം വെട്ടിമരിക്കുന്നു ,
കുരുടൻമുരുകനും
കൂനൻകണാരനും കൂടി
തെരുവിനു തീയിടുന്നു ,
വിഷമസ്ഥിതിയിലായ കുറുപ്പുമാർ
രാധമാരെ കഴുത്തുഞെരിച്ചു കൊല്ലുന്നു .
നിർമ്മാല്യാഖ്യാവിതാ
മഞ്ഞിന്റെ പാടയ്ക്കുള്ളിൽ
ഒരുപടയൊരുക്കത്തിന്റെ
ഭയപ്പാടുംപേറിയപോൽ
ചോദ്യോത്തരങ്ങളിൽ
ഒരുപാതിജീവനും
മറുപാതി ജീവിതവും
ബലികൊടുത്തവർ
അക്ഷരങ്ങളിൽ പകയുടെ
ഉണങ്ങാമുറിവുതേടുന്നവർ,
ചേർത്തുവെക്കുന്ന ബിംബങ്ങളിൽ
ചൊല്ലാ ചോരചീന്തിക്കുന്നവർ,
നാവിൽ തീപിടിപ്പിച്ച വാനരർ
നാടുപച്ചയ്ക്കു കത്തിക്കുന്നു .,
വിഷമയാത്രാന്തരം
തിരികെ നടക്കുമ്പോൾ
വികൃതാക്ഷരങ്ങൾ
ചൊല്ലാൻ മടിച്ചു
തലതല്ലി മരിച്ചുപോയ
താർമകൾക്കൻപേറ്റവൾക്ക്
രണ്ടുതുള്ളി കണ്ണീരുചേർത്തു
വ്യർത്ഥശ്രാദ്ധമൂട്ടുന്നു ഞാൻ