രചന : ജയരാജ്‌ പുതുമഠം.✍

മുറിവുകളേൽക്കാത്ത നിന്റെ
കരുത്തുറ്റ ആൾത്താരയിൽ
ഇടിമിന്നലിന്റെ തീക്കാറ്റേറ്റത്
ഏത് വിഷാദപർവ്വത്തിന്റെ
നിഗൂഢ പാഠങ്ങൾ
നിറഞ്ഞുകവിഞ്ഞായിരുന്നു?
ചിറകുകൾക്ക് കരുത്തറ്റ നിന്റെ
മൗനതടാകങ്ങളിൽ
വേലിയേറ്റങ്ങളുടെ
കരിനാഗങ്ങൾ വിഷപ്പുക
തുപ്പിയെറിഞ്ഞത്
ഏത് കരിമ്പനയാട്ടത്തിന്റെ
അകമ്പടി നാദത്തിലായിരുന്നു?
മഴയും മലരുമില്ലാതെ
നിന്റെ ഹൃദയപ്പൂങ്കാവനം
എരിഞ്ഞു കരിഞ്ഞ കഠിന-
ദിനങ്ങൾക്ക് പീഡന ജപങ്ങൾ
വികലതാളത്തിൽ
പദങ്ങൾ മീട്ടിയത്
ഏത് കപട രാഗത്തിലായിരുന്നു?
മലകളും കടലലകളും
കരിമേഘങ്ങളും ഭയന്നു നിന്നിരുന്ന
നിന്റെ അരികുചാരി മരണം
ഭയരഹിതമായി ഭരണം കയ്യാളിയ
കടങ്കഥകൾ രചിക്കപ്പെട്ടത്
ഏത് ധർമ്മശാസ്‌ത്രരേഖ
പറിച്ചെടുത്തായിരുന്നു?
ചുടല ഗുഹയിൽ നീയമർന്ന്
പടിപടിയായുയർന്ന പുകപടലങ്ങൾ
ഹൃദയതാടാകത്തിൽ മിഴിനീരായ്
പെയ്തുണങ്ങാതെ
തുടരുകയാണിപ്പോഴും
ഈ ഏകാന്ത ഇടനാഴിനിറയെ.

ജയരാജ്‌ പുതുമഠം

By ivayana