രചന : ശിവൻ മണ്ണയം ✍
From
ശിവൻ,
കറണ്ടില്ലാത്ത വീട്,
കാറു പോകാത്ത വഴി
കുറ്റാക്കുറ്റിരുട്ട് Po.
മണ്ടൻ കുന്ന്(ഗ്രാമം)
To
മാവേലിത്തമ്പുരാൻ,
ചവിട്ടിത്താഴ്ത്തിയ കൊട്ടാരം,
മൂന്നടി Po,
പാതാളം.
എത്രയും പ്രിയപ്പെട്ട മാവേലിത്തമ്പുരാന് ,
പാതാളത്തിൽ അങ്ങേക്ക് പരമാനന്ദ സുഖമാണെന്ന് വിശ്വസിക്കട്ടയോ. ഇവിടെ എനിക്ക് അസുഖം തന്നെ. കർക്കിടകത്തിലെ അസുഖം പിടിപ്പിക്കുന്ന കാറ്റും, തണുത്ത രാത്രികളും എൻ്റെ ആരോഗ്യത്തെ പാടേ തകർത്തിരിക്കുന്നു. ചിങ്ങം, അതിൻ്റെ പ്രസന്ന മനോഹരമായ ഹരിത മുഖം, പേരറിയാവുന്നതും അറിയാത്തതുമായ പൂക്കളുടെ സുഗന്ധം, പിന്നെ പാൽനിലാവൊഴുകുന്ന രാത്രികൾ … ഈ അസുഖാധിപത്യ ജീവിതത്തെ അതിജീവിക്കാൻ എന്നെ പ്രാപ്തനാക്കുന്ന വില കൂടിയ മരുന്നുകളാണ് ഈ പ്രകൃതി എനിക്കു സൗജന്യമായി തന്നു കൊണ്ടിരിക്കുന്നത്. പ്രകൃതിയോട് ഒരുപാട് നന്ദിയുണ്ട്.
തമ്പുരാനേ,ചിങ്ങത്തിൻ്റെ പുഷ്പ സാമ്രാജ്യത്തിലേക്ക് ഏഴ് കുതിരകളെ പൂട്ടിയ വാസന്ത രഥത്തിൽ അങ്ങ് വന്നണയുമ്പോൾ കൊഴിഞ്ഞ കിനാവുകളുടെ വാടിയ പൂക്കളുമായി ഞാൻ കാത്തിരിക്കും, അതല്ലാതെ എൻ്റെ കൈയിൽ തരാൻ വേറൊന്നുമില്ലല്ലോ. ആശങ്കപ്പെടുത്തുന്നതും നിരാശ സമ്മാനിക്കുന്നതുമായ അനുഭവ പരമ്പരകളുടെ അവസാനമില്ലാത്ത തുടർച്ചയായിരിക്കുന്നു എൻ്റെ ജീവിതം…
ദു:ഖം വഴി മാറും ചിലർ വരുമ്പോൾ ….
തിരുവോണക്കാറ്റ് എൻ്റെ മനസിലെ കാർമേഘമാലകളെ ഒന്നാകെ ആട്ടിപ്പായിച്ചു കൊണ്ടു പോകാറുണ്ട്. അങ്ങ് വരുമ്പോൾ കാർമേഘ ശൂന്യമായ വാനം പോലെ ഏൻ്റെ മനസും തിളങ്ങും.
അപ്പോഴാണ് മനസ് എന്നതിനെ എനിക്ക് വിളിക്കാനാവുക. എങ്ങും സന്തോഷം ഇളംതെന്നൽ പോലെ ഒഴുകി പരക്കുമ്പോൾ ഞാൻ മാത്രം നിരാശയുടെ പാതാളത്തിൽ, ഏകാന്തതയുടെ ഇരുണ്ട ഗുഹയിൽ സ്വന്തം മുറിവുകൾ നക്കിയുണക്കിയിരിക്കുവതെങ്ങനെ? സന്തോഷം ഒരു പകർച്ചവ്യാധിയാണെന്ന് ഞാൻ തിരിച്ചറിയുന്നത് ഓണനാളുകളിലാണ്. മറ്റുള്ളവരുടെ സന്തോഷം എന്നിലേക്കും പടരുന്നു, ഞാനും സന്തോഷവാനാകുന്നു… ഈ പകർച്ചവ്യാധി ഒരു മാറാവ്യാധിയായി തീർന്നിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയിട്ടുണ്ട് പലപ്പോഴും…..!
എന്നെപ്പോലെ എത്രയെത്ര പേർ അങ്ങയുടെ സാമിപ്യത്തിൽ സന്തോഷം എന്തെന്നറിയുന്നു. കിലോക്കണക്കിന് സന്തോഷവും കൊണ്ടാണല്ലോ തമ്പുരാനേ നീ പാതാളത്തിൽ നിന്ന് കയറി വരുന്നത് …! ഇത്തവണ വരുമ്പോൾ എൻ്റെ സങ്കടങ്ങൾ ,നിരാശകൾ, ആശങ്കകൾ ഇവ കൂടി അങ്ങ് പാതാളത്തിലേക്ക് കൊണ്ടു പോയാലും .
ഞാനീ കത്തിൽ എന്നെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ, നാടിനെ കുറിച്ചോ നാട്ടുകാരെ കുറിച്ചോ ഒന്നും പറഞ്ഞില്ല. അത് സ്വാർത്ഥതയല്ല ,ഏൻ്റെ പ്രശ്നങ്ങൾ അവസാനിക്കാതെ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കാണുവാൻ എനിക്കെങ്ങിനെ കഴിയും,ഞാനൊരു സാധാരണ മനുഷ്യനല്ലേ…!
ഈ ഓണം, നിൻ്റെ വരവ്, അതെൻ്റെ ജീവിതത്തിലെ പ്രകാശമാനമായ ഒരു കാലഘട്ടത്തിൻ്റെ തുടക്കമാകും എന്ന് ഞാൻ പ്രത്യാശിക്കട്ടെയോ….?
ഇനീം എഴുതണമെന്നുണ്ട്, പക്ഷേ പേപ്പറില്ല; അതുകൊണ്ട് നിർത്തട്ടേ. ഇനിയും കാണാം നൂറ് നൂറ് തവണ…
എന്ന്
സ്നേഹപൂർവം
തമ്പുരാൻ്റെ സ്വന്തം
ശിവൻ.