രചന : ഒ.കെ.ശൈലജ ടീച്ചർ✍

“ശരി ഞാൻ വരാം. അഛനുമുണ്ടാകും എന്റെ കൂടെ . അദ്ദേഹത്തെ വിട്ടിട്ട് ഞാൻ അങ്ങോട്ടു വരില്ല. അതിന് നിങ്ങൾക്ക് സമ്മതമാണോ?”
അത്രയും പറയുമ്പോഴേക്കും ഭവാനിയമ്മയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. എങ്കിലും അത്രയെങ്കിലും പറയാതെങ്ങിനെയാ.. വീണ്ടും ആട്ടിയിറക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെയായിരുന്നല്ലോ മരുമോളുടെ സ്വഭാവം.
മേൽമുണ്ടിന്റെ അറ്റം കൊണ്ട് കണ്ണ് നന്നായി തുടച്ചു കൊണ്ട് അവർ മുറിക്കകത്തേക്ക് വന്നപ്പോൾ ശങ്കരേട്ടനവിടെ മുറിക്കകത്ത് എന്തോ തിരയുന്നതാണ് കണ്ടത്.
“ഏട്ടാ…. എണീക്ക് കുളിക്കണ്ടേ”
” ഇപ്പം കുളിച്ചു വന്നല്ലേയുള്ളൂ. നീയെന്റെ കണ്ണട കണ്ടോ . ഇവിടെയൊന്നും കാണുന്നില്ലല്ലോ”
” കണ്ണടയല്ലേയിത്.” ഭവാനിയമ്മ ശങ്കരേട്ടന്റെ മുഖത്ത് വെച്ച കണ്ണട തൊട്ടു കാണിച്ചു കൊണ്ടു പറഞ്ഞു.


” ഇത് നീ ഇപ്പോൾ കൊണ്ടുവന്നതാണോ? ഹരിദാസൻ വാങ്ങിത്തന്നതാണോ? അവൻ വന്നോ ?”
” വാ…കുളിക്കാലോ :” ഭവാനിയമ്മ ശങ്കരേട്ടനെ പിടിച്ചു കുളിമുറിയിൽ കൊണ്ടുപോയി അവിടെയുള്ള കസേരയിൽ ഇരുത്തി. ബക്കറ്റിൽ വെള്ളം നിറയാനായി പൈപ്പ് തുറന്നിട്ടു
ജലപ്രവാഹം പോലെ ഓർമ്മകൾ അവരുടെ മനസ്സിൽ ഒഴുകിയെത്തി. എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീടായിരുന്നു ഇല്ലിക്കൽ തറവാട്. അപ്പനപ്പൂപ്പന്മാർ അദ്ധ്വാനിച്ചുണ്ടാക്കിയ ഭൂമിയിൽ നന്നായി കൃഷിപ്പണി ചെയ്തു പൊന്നുവിളയിച്ച മക്കളിൽ മൂത്തയാളായിരുന്നു ശങ്കരേട്ടൻ. താഴെയുള്ള അനിയനും, അനിയത്തിക്കും അവരുടെ വിഹിതം ന്യായമായി നല്കി. തറവാട് ശങ്കരേട്ടനായിരുന്നു. തറവാട്ടിൽ എല്ലാ കാര്യങ്ങളും വേണ്ട പോലെ ചെയ്യാനും . കുടുംബാംഗങ്ങളോട് സ്നേഹത്തോടെ പെരുമാറാനും കഴിവുള്ള കാര്യപ്രാപ്തിയുള്ള ശങ്കരേട്ടൻ തനിക്ക് ദൈവതുല്യനായിരുന്നു. രണ്ടു പൊന്നോമനകളേയും ദൈവം നൽകിയപ്പോൾ ഞങ്ങളുടെ വീടൊരു സ്വർഗ്ഗമായിരുന്നു.


അതെല്ലാം മാറി മറയാൻ അധികകാലം വേണ്ടി വന്നില്ലല്ലോ. ഹരി മോന്റെ കൈ പിടിച്ചു വീട്ടിലേക്കു കയറി വന്നത് മഹാലക്ഷ്മിയാണെന്ന് വിശ്വസിച്ചു സ്വന്തം മകളായി കണ്ടു സ്നേഹിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നുവല്ലോ. മകന്റേയും . മരുമകളുടേയും സ്നേഹത്തിൽ പൊതിഞ്ഞ വാക്കിൽ വിശ്വസിച്ചു തറവാട് മകന്റെ പേരിലെഴുതിക്കൊടുത്തു.
“അഛാ… ഇത് പഴയ തറവാടല്ലേ : ഇവിടെ ഗീതയുടെ വീട്ടുകാരും, എന്റെ സുഹൃത്തുക്കളും വരുമ്പോൾ വേണ്ടത്ര സൗകര്യമില്ലല്ലോ. നമുക്കിത് മാറ്റിയെടുക്കാം.”
മോന്റെ വാക്കുകൾ കേട്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ സമ്മതം കൊടുത്തു. അതറിഞ്ഞപ്പോൾ സുധ മോള് പറഞ്ഞ വാക്കുകൾ
“അമ്മേ എനിക്ക് ജോലി വിദേശത്തായതിനാൽ വിചാരിക്കുമ്പോൾ നാട്ടിൽ വരാൻ പറ്റില്ല. വീട് മാറ്റിയെടുത്തോളൂ. പക്ഷേ അവകാശം അഛന്റേയുമമ്മയുടേയും ശേഷം എന്നെഴുതിക്കൊടുക്കാൻ മറക്കരുതേ”
മോനോടുള്ള സ്നേഹാധിക്യത്താൽ അവളുടെ വാക്കുകൾക്കൊന്നും പ്രാധാന്യം കൊടുത്തില്ല.


പെട്ടെന്നു തന്നെ പഴയ തറവാടിന്റെ സ്ഥാനത്ത് ഇരുനില ബംഗ്ലാവ് ഉയർന്നുവന്നു. അതോടെ മരുമോളുടെ അഹങ്കാരവും, പൊങ്ങച്ചവും സ്വാർത്ഥതയും കൂടി വന്നു.
ശങ്കരേട്ടന്റെ ആരോഗ്യനിലയിൽ സാരമായ മാറ്റം വന്നു തുടങ്ങിയത് ശക്തമായി വന്ന പനിയെത്തുടർന്നായിരുന്നു. ക്രമേണ അദ്ദേഹത്തിന് ഓർമ്മക്കുറവ് സംഭവിച്ചു തുടങ്ങി. അഛനെ ചികിത്സിക്കാനോ, സ്നേഹത്തോടെ യൊന്നു സംസാരിക്കാനോ മോനും മരുമോൾക്കും താല്പര്യമില്ലാതായി.


ദിവസങ്ങൾ കഴിയുന്തോറും ശങ്കരേട്ടന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ ദയനീയമായി ക്കൊണ്ടിരുന്നു. രാത്രിയിൽ എഴുന്നേറ്റ് നടക്കും. റൂമിൽത്തന്നെ അറിയാതെ മൂത്രമൊഴിക്കും. പകലാണെന്നുള്ള ധാരണയിൽ രാത്രിയിൽ വാതിൽ തുറന്നിടും. കൊച്ചു കുട്ടികളെപ്പോലെ വാശി പിടിക്കും. ഭക്ഷണം കഴിച്ചതാണോ, കുളിച്ചതാണോ എന്നൊന്നും ഓർമ്മ കിട്ടില്ല.


ഒരു ദിവസം രാത്രി മുൻവശത്തെ വാതിൽ തുറന്നുപുറത്തുപോയി നടന്നു നടന്നു റോഡിലെത്തിയ പ്പോൾ അത് വഴി ബൈക്കിൽ വന്ന മോന്റെ സുഹൃത്ത് കണ്ട് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഹരിയെ വിളിച്ചു പറഞ്ഞു. നല്ല തലവേദന കാരണം ഗുളിക കഴിച്ചു ഉറങ്ങിപ്പോയത് കാരണം ശങ്കരേട്ടൻ പോയത് അറിയാതെ പോയി. ഹരിയും ഭാര്യയും അവരുടെ ദേഷ്യം തീരും വരെ വഴക്ക് പറഞ്ഞു.
“അമ്മയ്ക്ക് അഛനെ നോക്കാൻ പറ്റില്ലെങ്കിൽ എന്റെ വീട്ടിൽ നിന്നും ഇപ്പോൾ ഇറങ്ങണം. ഇതൊന്നും ശ്രദ്ധിക്കാൻ എനിക്ക് പറ്റില്ല.”
വീണ്ടും വീണ്ടും പ്രയാസങ്ങൾ കൂടി വന്നതോടെ മരുമോൾ ഞങ്ങളുടെ പെട്ടിയും, സാധനങ്ങളുമെല്ലാം പുറത്തെടുത്തു വെച്ചു മുറ്റത്ത് അവൾ പറഞ്ഞതനുസരിച്ച് വന്ന ഓട്ടോയും നില്ക്കുന്നു.


“ദാ : രണ്ടാളും ആ ഓട്ടോയിൽ കയറിക്കോളൂ. ഹരിയേട്ടൻ പിന്നാലെ വന്നോളും.”
നിറകണ്ണുകളോടെ ശങ്കരേട്ടന്റെ കൈ പിടിച്ചിട്ടിറങ്ങിയത് വൃദ്ധ സദനത്തിലേക്കായിരുന്നുവെന്നത് അവിടെയെത്തിയപ്പോഴാണറിയുന്നത്.
ഈശ്വരാധീനത്തിന് വിവരമറിഞ്ഞുടനെ മകളെത്തി. തല്ക്കാലം ഒരു വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചെലവിനും, വാടകയ്ക്കുമുള്ള പൈസയും നല്കി അവൾ വിദേശത്തേക്കു തന്നെ പോയി. മുടങ്ങാതെ പൈസ അയക്കുകയും, വിളിച്ചാശ്വസിപ്പിക്കുകയും ചെയ്തു.


ശങ്കരേട്ടനിതൊന്നുമറിയാതെ” എടീ ഹരി വന്നില്ലേ ?. ഗീത അടുക്കളയിലില്ലേ? നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതിന് മറുപടി പറഞ്ഞെനിക്ക് വയ്യാതായി.
ഇത്രയും കാലത്തിനിടയിൽ മോനോ ഭാര്യയോ ഒന്ന് വിളിക്കുകയോ വന്നു കാണുകയോ ഉണ്ടായില്ല. ഒരർത്ഥത്തിൽ മറവി രോഗം ഒരനുഗ്രഹമാണ്.
ദുരനുഭവങ്ങളുടെ നോവറിയേണ്ടല്ലോ. മെഴുകുതിരി പോലെ കത്തി എരിഞ്ഞടങ്ങേണ്ടല്ലോ ..


അപ്രതീക്ഷിതമായി മോന്റെ കാൾ കണ്ടപ്പോൾ അത്ഭുതവും സന്തോഷവുമായിരുന്നു. ഒന്നു വിളിച്ചല്ലോ !
കാൾ എടുത്തപ്പോൾ അറിഞ്ഞ വാർത്തയോ സങ്കടപ്പെടുത്തുന്നതും. കർമ്മഫലം അല്ലാതെന്താ…
“അമ്മാ.. അഛനുമമ്മയും ഞങ്ങളോട് പൊറുക്കണം. മാപ്പർഹിക്കാത്ത തെറ്റാണ് ഞങ്ങൾ ചെയ്തത്. അതിനുള്ള ശിക്ഷ അനുഭവിക്കുകയാണ്. ഗീതയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു.. കണ്ടുപിടിക്കുമ്പോഴേക്കും അവസാന സ്റ്റേജ് ആയിപ്പോയി.”


“മോനെ ഗീതയ്‌ക്കെന്താണസുഖം”
” ബ്ലഡ് കാൻസർ അത് കൊണ്ട് അവളാണ് നിർബ്ബന്ധം പിടിക്കുന്നത് അച്ഛനേയുമമ്മയേയും കൂട്ടിക്കൊണ്ടുവരണമെന്ന് ഞാൻ നാളെ അവിടെ എത്തും.”
അവളുടെ തെറ്റായ വാക്കുകൾക്കും . പ്രവൃത്തിക്കും ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ടായിരുന്നു.
” ഭവാനീ ഭവാനീ”
ചിന്തയിൽ നിന്നുണർന്ന ഭവാനിയമ്മ വേഗം പൈപ്പ് ഓഫാക്കി. വെള്ളം ബക്കറ്റ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശങ്കരേട്ടൻ വെള്ളം മുക്കി തലയിൽ ഒഴിച്ചു കൊണ്ടിരിക്കുന്നതൊന്നും അവർ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് തന്നെ കുളിപ്പിച്ചു തോർത്തി മുറിയിലേക്ക് കൊണ്ടു വരുമ്പോൾ അവർ ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു.
“ദൈവമേ ആർക്കും തന്നെ ഈ വിധം കടുത്ത രോഗങ്ങൾ നല്കല്ലേ :”

ഒ.കെ.ശൈലജ ടീച്ചർ

By ivayana