രചന : വാസുദേവൻ. കെ. വി ✍
“കാത്തിരിക്കുന്നു..” എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.
മറുമൊഴി അവളിട്ടത്
അവൻ പണ്ട് ചൊല്ലിക്കൊടുത്ത കവിതാ ശകലത്തോടെ ..
കാവ്യത്മകമായി..
“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു.
ഓർമ്മകളുണർത്തുന്നു..
ചുംബനവർഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.
പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടിൽ മടിയിൽ തലചായ്ച്ചു നീ ചൊല്ലി കേൾപ്പിച്ച കവിതാ ശകലങ്ങൾ..
നിന്റെ നെറ്റിയിൽ അധര മുദ്രയേകുമ്പോഴും നീ മൊഴിഞ്ഞു.
“കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ കയ്ക്കുന്ന പ്രാണനെ ചുട്ടുപൊള്ളിച്ചതും….
പ്രിയനേ.. എന്നിൽ കവിത മുളപ്പിച്ചതും കഥ നാമ്പിട്ടതും അനുരാഗവല്ലരി പൂത്തു
തളിർപ്പിച്ചതും നീയല്ലാതാര് ?!
നീ തന്ന മയിൽപീലിത്തുണ്ടുകൾ
ഇന്നും മനസ്സിന്റെ താളുകൾക്കിടയിൽ.
അതെന്നെ ആനയിപ്പിക്കുന്നു പ്രണയവേഗങ്ങളിലേക്ക്.. നഷ്ടസ്വപ്നങ്ങളിലേക്ക്.. ഇഷ്ടമോഹങ്ങളിലേക്ക്.. പ്രത്യാശയിലേക്ക്….
രാധക്ക് മറക്കാനാവില്ലല്ലോ അവളുടെ ഘനശ്യാമ വർണ്ണനെ..
അത്ര മാത്രം.. “
അവൻ മറുകുറിപ്പിട്ടു ..
“നീ എന്റെ ഹൃദയത്തിന്റെ വള്ളിക്കുടിലിൽ ഒരു കുഞ്ഞിക്കിളിയെപ്പോലെ കൂടുകെട്ടിയിരിക്കുന്നു
ഇത്രയും കാലം നിദ്രയിലാണ്ടുകിടന്ന
കൊടുംകാട് പോലെയായിരുന്ന എന്റെ ജീവിതത്തിൽ കിളി കൂജനമുണരുന്നു .”
രാധ തിരിച്ചറിഞ്ഞിട്ടില്ലാത്ത
പാതകളിലൂടെ ചേർത്തുപിടിച്ചു നടന്ന് അവളെ അനുരാഗ ലോലയാക്കുന്ന മാധവിക്കുട്ടിയുടെ കാർവർണ്ണൻ . നെയ്‌വിളക്കിന്റെ പൊൻനാളം പോലെ അവന്റെ പ്രണയം അവളിൽ ജ്വലിച്ചു നിൽക്കുന്നു .
മനസ് അവന്റെ പ്രണയത്തിനു സമർപ്പിച്ച് അവളുടെ ആത്മനിർവൃതിയടയൽ . ലോകമോ, സമൂഹ,സദാചാര ചിന്തകളോ മാധവിക്കുട്ടിയുടെ കവിതകളിലെ രാധാകൃഷ്ണ പ്രണയത്തിന്റെ സാക്ഷാത്‌കാരത്തിനു അതിർ വരമ്പാകുന്നില്ല.
നീ ആമിയുടെ വരികൾ വായിക്കുക.. സുഗത ടീച്ചറുടെ കവിത വായിക്കുക..
നീ രാധയായ് തുടരുക..
“കാൽക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം കാലിൽ ചുവപ്പു ചാർത്തുന്ന രാധ
ആ വലംതോളത്തു ചാരിനിന്നൊപ്പമക്കോലക്കുഴൽ പഠിക്കുന്ന രാധ
കണ്ണീർ നിറഞ്ഞ മിഴിയുമായ് കാണാത്ത കണ്ണനെത്തേടി
നടന്ന രാധ.”
‘കൃഷ്ണ നീയെന്നെ അറിയില്ല’ പ്രണയസാക്ഷാത്കാരത്തിന്റെ ഹർഷോന്മാദം.
- കാത്തിരിപ്പോടെ രാധയുടെ കണ്ണൻ.