രചന : വി.കൃഷ്ണൻ അരിക്കാട്✍
തമ്പ്രാൻ്റ്ടുക്കള പിന്നാമ്പുറത്തുള്ള
കുഴിയിൽ കാൽ തെന്നിയൊരു
തവള വീണു.
ഓടിക്കയറുവാനാവാത്ത യവനെ
ഒരു പാമ്പ് വായ്ക്കുള്ളിലാക്കി
പരലോകത്തേക്കങ്ങയച്ചു.
അതു വഴിപോകരുതെന്ന്,
അമ്മത്തവള
മക്കളോടോതിയിരുന്നു, അവിടെ
കുഴികളൊട്ടേറെയുണ്ടെന്ന്.
അടിയാള പണിയാളർ കഞ്ഞി കുടിക്കുവാൻ
കുത്തിക്കുഴിച്ചതാണെല്ലാം
കുഴികളിൽ ഇലവെച്ചു കഞ്ഞി കുടിക്കുന്ന
കാഴ്ച കണ്ടാൽ ചങ്ക് പൊട്ടും
ഇടനെഞ്ചിലഗ്നി പടരുo
മണ്ണിൽ കനകം വിളയിക്കും,
മണ്ണിൻ്റെ മക്കൾ തൻ
അന്നത്തിനായുള്ള ദുരിതം
ഒരു കുമ്പിൾക്കഞ്ഞിക്കായുള്ള ദുരിതം
കുഴികളിൽകാഴ്ചവെച്ചു കൈകൾപിണച്ചവർ
തീണ്ടാപ്പാടക ലേക്കു നീങ്ങും
എരിയുന്ന വയറുമായ് നിൽക്കും
തമ്പ്രാൻ്റെ ടുക്കളക്കാരികൾ
കുഴിയിലെ
ഇലകളിൽ കഞ്ഞിവിളമ്പി ,തിരിച്ചു
പോയ് തീണ്ടാപ്പാടകലം മറഞ്ഞാലെ
കഞ്ഞിക്കടുത്തേക്കു ചെല്ലാൻ
പണിയാളർക്കവകാശ മൊള്ളു”
ഉറുമ്പു പുൽച്ചാടികൾ, ഈച്ചകൾ
നേരം
കഞ്ഞിയിൽ നീരാടിയിരിക്കും
കഞ്ഞിയിൽ നീന്തിക്കളിക്കും.
പ്ലാവിലക്കുമ്പിളുകൾ കൊണ്ടവർ
പ്രാണികളെ കോരിക്കളഞ്ഞുകുടിക്കും
അമൃതുപോൽ കോരിക്കുടിക്കും
അരവയർ തികയാത്ത കുമ്പിളിലെകഞ്ഞി
കുടിച്ചു തമ്പ്രാന് സ്തുതി പാടും
തമ്പ്രാനെ ദൈവമായ് പാടി
പുകഴ്ത്തും.