രചന : ശ്രീകുമാർ എം പി✍
ഒരു കാവ്യമെത്തുവാനൊരു നേരമുണ്ട്
നവവധു പോലെ കതിർമണ്ഡപമേറി
അടിവച്ചു വന്നെത്തെ കരം ഗ്രഹിച്ചീടാൻ
കരളും കരങ്ങളുമൊന്നൊരുങ്ങേണം.
ചാരുവസന്തമൊന്നടുക്കുന്ന പോലെ
ചന്ദനം ചാർത്തിയ പൂന്തിങ്കളെ പോലെ
ചാഞ്ഞുലഞ്ഞാടുന്ന നിറവയൽ പോലെ
ചഞ്ചലനേത്രങ്ങളിളകുന്ന പോലെ
ചെന്താമരപ്പൂക്കൾ വിടരുന്ന പോലെ
ചെറുനാമ്പു പൊട്ടുന്ന മുകുളം കണക്കെ
ചേലൊത്ത കലയുടെ തിരനോട്ടം പോലെ
ചെമ്മുകിൽ മാനത്തൂടൊഴുകുന്ന പോലെ
ചേലോടൊരുകുഞ്ഞിന്റെ കളിചിരി പോലെ
ചന്ദനം ചാർത്തിയ പുലരൊളി പോലെ
നിറമാർന്ന പൂത്തിരിയൊന്നുള്ളിൽ കത്തി
നൃത്തം ചവുട്ടിക്കൊണ്ടീരടിയായ് പൊങ്ങി
നിറമുള്ള വെട്ടം പരത്തി വിളങ്ങി
നില്ക്കുന്നതു കാണുവാനെന്തൊരു ഭംഗി !
അകിടീന്നു പാൽ ചുരന്നെത്തുന്ന പോലെ
ആദിവ്യസുന്ദരസുസർഗ്ഗപ്രവാഹം !
ചിലനേരം ചിലഗീതം നൻമലർ പോലെ
വിരിഞ്ഞതിശോഭയിൽ മുന്നിൽ തെളിയും
മധുവോടെ മണംതൂകി കാന്തിയിൽനില്ക്കെ
മമ ചിത്തമതു കണ്ടു കോരിത്തരിയ്ക്കും
ചിലനേരം കാവ്യങ്ങളങ്ങകലത്തിൽ
ചിരിതൂകി നില്ക്കുമടുക്കുകയില്ല
പലവഴി നോക്കി വശത്താക്കി വേണ-
മാമുഗ്ദ്ധലാവണ്യം വരിയിലൊതുക്കാൻ
പിടിതരാതകലുന്ന കൗശലം കാട്ടി
മികവോടെയകന്നുപോം ചിലരുണ്ട് വേറെ
ഒരുനേരം ചില കാവ്യമരികിൽ വന്നെത്തി
അനുരാഗവായ്പോടെ തൊട്ടുവിളിയ്ക്കെ
അതുനേരം കൃത്യങ്ങൾ തന്നിൽ മുഴുകി
യതിലൂടെ പോകുന്ന ചിത്തത്തിനാകാ
അതിനോടൊരു നല്ല വാക്കൊന്നു ചൊല്ലാൻ
ഒരുവേള കൈപിടിച്ചൊപ്പം നിറുത്താൻ
ചിലനേരം “കലപിലാ ” ചൊല്ലിച്ചിലതു
കുസൃതികളെപ്പോലെ കൂട്ടിൽകയറും
ഉയരത്തിൽ നിന്നിട്ടു ശോഭ ചൊരിയു
മുഷ:താരം പോലുള്ള ഗീതങ്ങൾ പക്ഷെ
വരികളായ് വന്നെത്തിനാവിൽ നിന്നുതിരാൻ
വിരുതിപ്പോൾ പോരതു നേടുക വേണം.
ഒരു കാവ്യമെത്തുവാനൊരു നേരമുണ്ട്
നവവധുപോലെ കതിർമണ്ഡപമേറി
അടിവച്ചു വന്നെത്തെ കരം ഗ്രഹിച്ചീടാൻ
കരളും കരങ്ങളുമൊന്നൊരുങ്ങേണം.