രചന : ഹരിദാസ് കൊടകര✍
“സരിത: ഭീതാ: സ്രവന്തി”
നദികൾ ഭീതരായൊഴുകുന്നു.
നിമിഷങ്ങളേതും കരിനീല-
കല്പാവബോധനം.
കണ്ണുകൾ ഭ്രൂമദ്ധ്യമാക്കി-
ദീർഘം ശ്വസിച്ചു.
കലരാത്തതെല്ലാം-
വലം കയ്യിലുണ്ട്.
കയ്യൊഴിക്കില്ലെന്റെ-
വാലീ ഉടുമ്പുകൾ.
ഏകാന്തത്തിലവിടം-
നയമെന്ന നേത്രം.
സ്നിഗ്ദാക്ഷരം.
നിർഭഗം പച്ചകൾ..
പുൽച്ചാടിയായി ഞാൻ-
ഓരിലത്തണ്ടിൽ-
ആവേഗ യാത്രികൻ.
തെരുവിടിഞ്ഞ കണ്ണിൽ
പ്രാണൻ മുഴുപ്പ്.
മടിയിൽ മുളച്ച-
പെരുങ്കത്തിവീശി-
അകക്കണ്ണടച്ചു.
ചൊല്ലുള്ള തോന്നൽ
ശഠിച്ചു.
നടുതല്ലി കീടങ്ങളാട്ടി;
പാറുന്ന കയ്യാൽ-
തൊഴുമുദ്രയാക്കി-
മണ്ണോടിണങ്ങി.
ഓകുള്ള നെല്ലിൽ-
നിറവെന്ന നാമം കലക്കി
പരമഞ്ച് തീരും
പരമാണു പാരം.
പ്രജ്ഞക്ക് പതമില്ല പാതയും
സ്വം എന്ന് നാവിൽ-
അലറിക്കുതിർന്നു.
മേൽക്കുമേൽ മേനിയിൽ-
പരം കണ്ണെരിക്കുന്ന-
പഞ്ചമം കോളനി.
ഓരില തിക്കി തിരക്കി..
രാവിതിനെന്തേ മുഴുപ്പ് ?
പ്രാണനിതെന്തേ കലിപ്പ് ?