രചന : ഠ ഹരിശങ്കരനശോകൻ✍

പലയിടങ്ങളിലും ധൂർത്തരായവരുണ്ടായിരുന്നു
സമ്പത്തിന്റെ വിതരണം അസമനിലയിലായിരുന്നു
ഇതൊരേകപ്പെട്ട കെടുതിയായിരിക്കാനിടയില്ല
അവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്
ഞാനത് പെറുക്കിയെടുക്കാൻ കുനിയുമ്പോൾ
അവളുടെ പാവാടഞൊറികളിലെ ചിത്രപ്പണികൾ
നോക്കി നിവരാൻ മറന്ന് പോവുന്നു
അവളുടെ പാദങ്ങൾക്കിടയിലൂടെ ഞാൻ
വലിയൊരു നാണയക്കൂമ്പാരത്തിന്റെ തിളക്കം കാണുന്നു
2
അർദ്ധരാത്രിയുടെ തെരുവിലൂടെ ഞാൻ
നിങ്ങളെ തേടി വരികയായിരുന്നു
ഞാൻ കുടിച്ചിട്ടുണ്ടായിരുന്നു
പാട്ട് പാടുന്നുണ്ടായിരുന്നു
നിങ്ങളന്നകലെയായിരുന്നു
അതിനെ കുറിച്ചായിരുന്നു പാട്ട്
നമ്മൾ ഒരിക്കലും കണ്ട് മുട്ടില്ല എന്നായിരുന്നു
ആ പാട്ടിന്റെ പൊരുൾ
നമ്മൾ വേർപിരിഞ്ഞവരേയല്ല എന്നായിരുന്നു ഈണം
അവൾ ഒരു കുതിരപ്പുറത്തേറി വന്നു
വലിയൊരു ലാത്തി വീശി
പാട്ടിനോടൊപ്പം ഞാനും നിലച്ചു
കുതിരപ്പുറത്തിരുന്ന് കൊണ്ട് അവൾ എനിക്ക് നേരെ കുനിഞ്ഞു
അവളുടെ മുലകൾ അവളുടെ പാവാടഞൊറികളിലെ
ചിത്രപ്പണികളേക്കാൾ സുന്ദരമായിരുന്നു
അവളുടെ മുലഞെട്ടുകൾ സ്വർണ്ണനാണയങ്ങളേക്കാൾ
സ്വർണ്ണനാണയങ്ങളായിരുന്നു
അവളുടെ മുലകൾക്കിടയിൽ നിന്നും
ഒരു ഹൃദയത്തിന്റെ മിടുപ്പ് കേൾക്കാനുണ്ടായിരുന്നു
അവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിഞ്ഞു
ഞാൻ സ്വർണ്ണനാണയങ്ങൾ ഓരോന്നായി ശേഖരിച്ചു
ഞാനവളോട് സത്യവും കള്ളവും പറഞ്ഞു
“ഞാൻ നിന്റെ സ്വർണ്ണനാണയങ്ങളുടെ പെറുക്കിയും
നിന്റെ ആരാധകനുമാണ്
നിന്റെ സാന്നിദ്ധ്യം എന്നെ ധന്യനാക്കുന്നു
എനിക്ക് നിന്നെ ഏറെ ഇഷ്ടമാണ്
നിനക്കൊരു സുഗന്ധമുണ്ട്
അത് നിനക്ക് മുന്നെ സഞ്ചരിക്കുന്നു
നീ സഞ്ചരിക്കാത്തപ്പഴും അത് സഞ്ചരിക്കുന്നു
നിന്റെ സ്വർണ്ണനാണയങ്ങളെ ഞാൻ ആദരിക്കുന്നു
പക്ഷേ നിന്റെയിധ്ധൂർത്തെന്നെ ഭയചകിതനാക്കുന്നു”
അവൾ തലമുടി കുടഞ്ഞ് താടി ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു
“എന്റെയിധ്ധൂർത്തല്ല എന്റെ സമ്പന്നതയാണ് നിന്നെ അസ്വസ്ഥനാക്കുന്നത്
നിനക്ക് ഒന്നിനോടും ഭയപ്പാടില്ല”
അവൾ കുതിരയോടിച്ച് പോയി
മധുശാലകളൊക്കെയും പൂട്ടിയ തെരുവിൽ
കുടിയനായൊരു അർദ്ധരാത്രിയുടെ പാട്ടുകാരൻ
ഒരു പിടി സ്വർണ്ണനാണയങ്ങളുമായി നിങ്ങളെ മറന്ന് നിന്നു
3
ഇതൊക്കെ സമത്വം വരുന്നതിന് മുമ്പെ നടന്നതാണ്
സമത്വം വന്നപ്പോൾ ഞങ്ങൾ സ്വർണ്ണനാണയങ്ങൾ
ആകാശത്തേക്ക് വാരിയെറിഞ്ഞു
അങ്ങനെ നക്ഷത്രങ്ങളുണ്ടായി
തെരുവിലൂടെ ഞാൻ നിങ്ങളെ തേടി വരികയായിരുന്ന
അർദ്ധരാത്രിയിൽ നക്ഷത്രങ്ങളുണ്ടായിരുന്നില്ല
തെറ്റ്
അവളുടെ മുലഞെട്ടുകൾ വാരിയെറിയാത്ത
രണ്ട് സ്വർണ്ണനാണയങ്ങളെന്ന ഘട്ടത്തിലെത്തിയ
രണ്ട് നക്ഷത്രങ്ങളായിരുന്നു
4
കണ്ടത് പറയാൻ എനിക്കൊരു മടിയും ഇല്ല
ഞാൻ സത്യവും കളളവും പറയും
അസമത്വത്തിലും സമത്വത്തിലും ജീവിക്കും
എനിക്ക് ഒന്നിനോടും ഭയപ്പാടില്ല.

ഠ ഹരിശങ്കരനശോകൻ

By ivayana