രചന : എസ്.എൻ.പുരം.സുനിൽ✍
ചാട്ടവാറടി മുഴങ്ങും വയലിലെ
ചേറുചവുട്ടി കഴുത്തിൽ നുകം പേറി,
ഭൂതകാലത്തിൻ കറുത്ത പകലുകൾ
കരളിലൊതുക്കിയ കദനം മറക്കുവാ-
നാവാതെ നെഞ്ചിൽ നെരിപ്പോടു
പേറിയെൻ മുത്തച്ഛനെത്രമേൽ
തേങ്ങിയിരുന്നുവോ…?
നീലനിലാവൊളി ചിന്തുന്ന രാവിൻ്റെ
മേനിവിയർത്ത നനവേറ്റുവാങ്ങിയ
പാടവരമ്പിൽ പശിനയെ പുൽകിയും
പാതിരാപ്പുള്ളിൻ കുറുകലിൽ
ഞെട്ടിയും
കണ്ണൊന്നു ചിമ്മാത്ത കാവലാളായെൻ്റെ
മുത്തച്ഛനെത്ര തണുത്തു വിറച്ചുവോ….?
കന്നാലിച്ചന്തക്കരികിലായ്
പണ്ടെങ്ങോ
കന്നിനെപ്പോൽ വിറ്റു പോയൊരെൻ
മുത്തച്ഛൻ
കദനങ്ങൾ പങ്കുവെച്ചീടുവാനാവാത്ത
അറിയാപഥങ്ങളിൽ ചുവടുവച്ചീടവേ,
കന്നിനെപ്പോലെ തിരിഞ്ഞൊന്നു-
നോക്കിയോ
കുഞ്ഞിക്കിടാങ്ങളെയൊരു –
നോക്കു കാണുവാൻ….?
പിന്നീടകലെ,യറിയാത്ത പാടത്ത്
പേമാരി പ്രളയം വിതച്ചൊരു കാലത്ത്
പാടവരമ്പൊന്നുറപ്പിച്ചു നിർത്തുവാൻ
ചേറിലേക്കാരോ ചവുട്ടിയമർത്തവേ,
എന്തായിരുന്നെൻ്റെ പൊന്നു-
മുത്തച്ഛൻ്റെ
ചുണ്ടിലുതിർന്നോരവസാന
മന്ത്രണം……?!
പോയകാലത്തിൻ്റെ പൊയ്മുഖ-
ക്കാഴ്ചകൾ
പോരിന്നു സജ്ജരാക്കീടും
കുലത്തിൻ്റെ
തേങ്ങലായിന്നും ജ്വലിക്കും
പ്രതീകമായ്
രാവിൻ കിനാക്കളിലെത്തും
മുഖങ്ങളിൽ
ഏതെൻ്റെ മുത്തച്ഛനെന്നറിഞ്ഞീടുവാ-
നാവാതെയിന്നുമുഴലുകയാണു ഞാൻ
