രചന : സുമോദ് പരുമല ✍
മൂത്ത് വിളഞ്ഞ് നിന്നാടിയൊരെരിക്കിൻ കായ
വളരെപ്പെട്ടെന്നാണ്
കാറ്റിലേക്ക് പൊട്ടിത്തെറിച്ചത് .
ഒന്നൊന്നായുയർന്നുപാറിയ
അപ്പൂപ്പൻതാടികളുടെ
വിസ്മയക്കാഴ്ച .
ഒരപ്പൂപ്പൻതാടി
താഴെപ്പതിയ്ക്കാതെ
തുടർകാറ്റിലുയർന്ന്
പുഴകടന്ന്
അക്കരെപ്പച്ചയിലൊരു
മുൾമുനയിൽ
കൊരുത്തുനിന്ന്
ചിറകടിച്ചു .
അപ്പോൾ വന്നെത്തിയൊരു
“സത്യാന്വേഷി ,”
ഏവരും കാൺകെയത്
മുൾമുനയിൽനിന്നടർത്തി
സൂക്ഷ്മതയോടെനോക്കി .
അയാളതിലെ
നാരുകളെണ്ണിപ്പെറുക്കി .
മുൾമുനയുടെ
മൂർച്ചയറിഞ്ഞു .
പുഴയുടെ വീതിയളന്നു.
നിയതിയുടെ
നിശ്ചയമോർത്തയാൾ
അത്ഭുതം കൂറി .
കർമ്മസിദ്ധാന്തങ്ങളുടെ
രാപ്പകലുകളെ
നിയോഗങ്ങളുടെ
മുഴക്കോലുകൾ കൊണ്ടളന്ന്
അർദ്ധസമാധിയുടെ
കാടുകയറി .
അയാൾ
കാഷായമുടുത്തു .
ആശ്രമംകെട്ടി
ആലിലത്തുമ്പിലെ
മഞ്ഞുതുള്ളിയിൽ
ആത്മസത്യംതെരഞ്ഞു ..
ശിഷ്യലക്ഷങ്ങളുടെ
ദൈവമായിത്തീർന്നു .
അയാളുടെ
നേത്രഗോളങ്ങളിൽ
ഏവരും
പ്രപഞ്ചംകണ്ടു .
അയാൾ നാടും കാടും
വിലയ്ക്കുവാങ്ങി
ആഡംബരക്കാറുകളിൽ
പാറിനടന്നു .
ശിഷ്യകളെ
രതിദേവകളാക്കി .
അയാളുടെ
ജന്മദിനം
കലണ്ടർത്താളിൽ
ചുവന്നയക്കത്തിൽ
ആഘോഷിയ്ക്കപ്പെട്ട്
കാലത്തെ പിടിച്ചുലച്ച്
ഭോഗിച്ചുരമിച്ചു .
ഇതൊന്നുമറിയാതെ
എരിയ്ക്കിൻകായകൾ
വീണ്ടുംപൊട്ടി
ആയിരമായിരം
അപ്പൂപ്പൻതാടികൾ
കാറ്റിലേക്ക്
പറത്തിവിട്ടുകൊണ്ടേയിരുന്നു .