നിഷ സ്നേഹക്കൂട് ✍
നിനക്കെന്താ പെണ്ണേ വട്ടാണോ ഈ പ്രായമുള്ളവരെ സംരക്ഷിക്കാൻ ?
ചിലപ്പം പബ്ലിസിറ്റിക്കായിരിക്കും അല്ലേ ?
പ്രായമുള്ളവരുടെ കൂടെ ചേർന്നാൽ നിനക്കും പ്രായമാകും പലവിധ അസുഖങ്ങൾ പകരും ?
ഇതായിരിക്കും ഉപജിവനമാർഗ്ഗം അല്ലേ ?
കുടുംബക്കാരുടെ എല്ലാം സപ്പോർട്ട് ഉണ്ടോ ?
ഇവരുടെ ഒക്കെ കൈയ്യിൽ നിന്നും ഇഷ്ടം പോലെ കാശ് കിട്ടുന്നുണ്ടാകും അല്ലേ ?
ഇതുപോലെ എത്ര എത്ര ചോദ്യങ്ങൾ എത്ര നാളായി കേൾക്കുന്നു ,
19 വയസ്സിൽ ഒരു ചെറിയ പെൺകുട്ടിയിൽ തോന്നിയ ഒരാഗ്രഹം പ്രായമായവരെയും കൺമുന്നിൽ കാണുന്ന ബുദ്ധിമുട്ടുന്നവരെയും തന്നാലാവുംവിധം തന്റെ വരുമാനത്തിൽ നിന്ന് സഹായിക്കുക, 8 വർഷങ്ങൾ ഈ പ്രവൃത്തി തുടർന്നപ്പോൾ എന്നെ തേടി ആളുകൾ കൂടുതൽ എത്തി തുടങ്ങിയപ്പോൾ സോഷ്യൽ മീഡിയയെ കൂട്ട് പിടിച്ച് സ്നേഹക്കൂട് എന്ന ഒരു ചെറിയ കൂടൊരുക്കി
ഈ കൂട്ടിലേക്ക് ഒരായിരം സങ്കടങ്ങളുമായി പറന്നിറങ്ങിയ എത്ര എത്ര കിളികൾ ജീവിതത്തിൽ നേരിടേണ്ടി വന്ന കടുത്ത അനുഭവങ്ങളിൽ നിന്നും, മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും എന്നന്നേയ്ക്കുമായി വിട പറയാൻ നിന്ന എനിക്ക് ജീവിതത്തിലേയ്ക്കുള്ള തിരിച്ച് വരവും വലിയ ഉത്തരവാദിത്വവുമായി മാറി ഈ അമ്മ കിളികൾ ,
അവരുടെ വേദനകൾക്ക് മുന്നിൽ ഞാൻ എന്റെ വേദനകൾ മറന്നു
അവരുടെ സ്നേഹത്തിന് മുന്നിൽ ഞാൻ തലകുനിച്ചു ,
അമ്മ കിളികൾക്കൊപ്പം അച്ഛൻ കിളികളും എന്റെ കൂട്ടിലേയ്ക്ക് പറന്നിറങ്ങി ആടിയും പാടിയും ഞാനും അവരും കൂടി തീർത്ത ഞങ്ങളുടെ വലിയ കൂട്ടിലേക്ക് ജീവിതത്തിൽ ഉടനീളം അവർ സമ്പാദിച്ചത് ഒക്കെ മക്കൾക്കായി വീതിച്ച് നൽകി അനാഥത്വത്തിന്റെ ദുഃഖത്തോടെ ,കീറി പറിഞ്ഞ തുണിസഞ്ചിയുമായി എന്റെ മുന്നിലേക്ക് എത്തിയ എന്റെ കിളികൾക്ക് അന്നവും, ജീവിതവും നൽകി ഞാൻ അവരെ ചേർത്ത് പിടിച്ചു എന്റെ കൈകൾ തളരുന്നത് വരെ നിങ്ങൾക്ക് താങ്ങാവും എന്ന ഉറപ്പോടെ ,
ഇന്ന് എന്റെ കൂട്ടിൽ വന്നണഞ്ഞ എല്ലാ മുഖങ്ങളിലും സങ്കട കടലിൽ നിന്നും മോചനം നൽകി പ്രകാശിക്കുന്ന കണ്ണുകളും നാളെയുടെ പ്രതീക്ഷകളുമായി അവരെന്നെ മുട്ടിയും ഉരുമിയും ചേർന്ന് നിൽക്കുമ്പോൾ പലപ്പോഴും ഞാനവരുടെ അമ്മയായി മാറിയ നിമിഷങ്ങൾ,
അവരുടെ കുഞ്ഞു കുഞ്ഞു വാശികൾക്ക് മുന്നിൽ ഒരു അമ്മയുടെ കരുതലോടെ ചേർത്ത് പിടിച്ചും
അവരുടെ സ്നേഹ വാൽസല്യങ്ങളിൽ
ഒരു കുഞ്ഞിനെ പോലെ മാറിൽ പറ്റി ചേർന്നും ഞാനും ഒരു പുതിയ ലോകം തീർക്കുകയായിരുന്നു
പൊക്കിൾകൊടി ബന്ധമല്ലാത്ത അതിനേക്കാൾ ശക്തമായ ,79 ഓളം അച്ഛനമ്മമാരുടെ മകളായി ജീവിക്കാൻ ഭാഗ്യം ചെയ്ത ഒരു മകളായി , കൊച്ചുമകളായി ഞാനീ ഈ സ്നേഹ കടലിൽ ജീവിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ എനിക്ക് എവിടെ നേരം
ഞാൻ ഇവർക്കൊപ്പം ജീവിതം ഒരാഘോഷമാക്കുകയാണ് സമ്പാദ്യത്തിന്റെ കനമില്ലാത്ത ഒഴിഞ്ഞ ഓട്ടകീശയുമായി എന്റെ സമ്പാദ്യമായ എന്റെ അച്ഛനമ്മമാരെ ചേർത്ത് പിടിച്ച് ഞാനും ഭാഗ്യവതി എന്ന് ഉറക്കെ വിളിച്ച് പറയുന്ന ഒരു മകളായി ഈ വയോജന ദിനത്തിൽ ലോകത്തിലെ എല്ലാ മാതാപിതാക്കൾക്കും ആശംസകൾ നേർന്ന് കൊണ്ട് സ്നേഹപൂർവ്വം
നിങ്ങളുടെ മകൾ,
നിഷ സ്നേഹക്കൂട്
കോട്ടയം
9605757 179
ഇതാണെന്റെ നമ്പർ,
[ നിങ്ങളുടെ വിഷമങ്ങളും, സന്തോഷങ്ങളും പങ്ക് വെയ്ക്കാൻ ഏത് ഒരു അച്ഛനും , അമ്മയ്ക്കും എന്നെ എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം ]
കടപ്പാട്
എന്നും എന്റെ പ്രവർത്തനങ്ങൾക്ക് താങ്ങായി തണലായി എന്നെ ഞാനാക്കി എന്റെ പ്രവർത്തനങ്ങൾക്ക് സഹായവും കരുതലുമായി കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവരോട് നന്ദി നന്ദി