രചന : തോമസ് കാവാലം✍

മഹാത്മാ,മഹാത്മാ!ജീവിക്കുന്നു നീ
മഹിയിലിന്നും മഹോന്നതനായ്
മരുവും പതിതർ പാവങ്ങൾ തൻ
മാനസ മഹല്ലയിലതുല്യനായി.
തൊഴുകയ്യുമായി നിൽക്കുന്നു ഞാനും
ഉഡുഗണംപോലും വണങ്ങെനിന്നെ
ജ്യോതിസ്സേ,ത്വൽ ദീപ്തിയായീടുന്നു
വഴിയും വഴികാട്ടിയായും ചിരം.
എത്രയകലെ നീയായീടിലു-
മത്രയരുകിൽ നീവന്നീടുന്നു
മാത്രമാത്രമായുസ്സുള്ളയെന്റെ
നേത്രത്താൽ നിന്നെയളന്നീടുന്നു.
ഇരുളിൽ പരതുമരചൻ പോലുമീ
മരണവക്രത്തിലെത്തീടവേ
സുരഭിക്കരങ്ങൾ നേരെനയിക്കുന്നു
സ്വർഗ്ഗമാർഗ്ഗമതു കാട്ടീടുന്നു.
ഹിംസയഹിംസയെ കൊന്നുതിന്നു-
ഹിമവാനെപ്പോലെയുയർന്നുനിൽക്കേ
മഹിമയുള്ള നിന്നായുധശേഖരം
വഹിച്ചടരാടാനുദ്ബോധിപ്പൂ.
സത്യത്തെ ഗലഹസ്തം ചെയ്യുവോ
രസത്യം ഗളത്തിലണിയുവോ-
രമർത്യതാമോഹയാഴിതന്നിൽ മുക്കി
ഉടപ്പിറപ്പിനെ കൊന്നീടുന്നു.
വാക്കിനാൽ തോക്കിനെ നേരിട്ടി-
ട്ടർദ്ധനഗ്നനാം ഫക്കീറായിമാറി
ചർക്കകൊണ്ടുനൂൽനൂറ്റിയും മേൽ-
വസ്ത്രംമെനഞ്ഞു നീമാതൃകയായ്.
ഒന്നിച്ചൊരുമയിൽ ബഹുജനങ്ങളെ
ഉയിരൊപ്പം ചേർത്തുനിർത്തിയോനേ!
വന്ദിച്ചവരുടെ നിന്ദ്യമോഹങ്ങ-
ളൊന്നുമില്ലാത്താവനെങ്കിലും നീ.
ശാന്തി ശമവും തേടിയെന്നും നീ
“ശിവം സുന്ദരം സത്യം” നേടീ
ശാന്തിസേനയിലൊത്തു ചേർന്നു നീ
ശൂരനായി സത്യരണാങ്കണത്തിൽ.
ജാഗ്രത, ജാഗ്രത,മഹാത്മാ,മഹാത്മാ
ജാതിമതസ്പർദ്ധ കൊടുമ്പിരിയിൽ
ജീവനെടുക്കുവാൻ നെട്ടോട്ടമോടുന്നു
ജനകനെയും വധിച്ചിടുന്നോർ.

തോമസ് കാവാലം

By ivayana