രചന : വൈഗ ക്രിസ്റ്റി✍
ചുമ്മാ ചമ്മന്തിയരച്ചും
മുട്ട പൊരിച്ചും
വിഴുപ്പുതുണിയലക്കിയും
തികച്ചും സാധാരണവും സ്വാഭാവികവുമായ
ജീവിതം
നയിച്ചു പോരുമ്പോഴാണ്
ഒരുദിവസം
വെറോണിയ്ക്ക് പിരാന്തായത്
രാത്രി ,
വെറുതേയതിൻ്റെ നാവു നീട്ടി
വെറോണിയെ തലോടി
വെറോണി കണ്ണുതെറ്റിച്ച്
തൊട്ടടുത്ത് കിടക്കുന്ന
മർക്കോയെ സൂത്രത്തിൽ
നോക്കിമറിച്ചിട്ടു
നാലക്ഷരം കൂട്ടിവായിക്കുന്നതിൻ്റെ
അഹങ്കാരത്തിൽ
വെറോണി
രാത്രിയുടെ നാവിനെക്കുറിച്ചെഴുതി
സ്വയം കവിയായി
ഓരോ പിരാന്തേ …!
അടുപ്പിനു പിന്നിലും
അലക്കു കല്ലിനു താഴെയും
അമ്മിക്കല്ലിനും പിള്ളക്കല്ലിനുമിടക്കും
വെറോണിയുടെ പിരാന്ത്
ചുരുണ്ടു കിടന്നു
മക്കളില്ലാഞ്ഞിട്ടാണെന്നു കരുതി
മർക്കോ
വെറോണിക്കു മകനായി
മർക്കോയെ ചോറൂട്ടി താരാട്ടി
വെറോണിയ്ക്കു മുലചുരന്നു
എന്നിട്ടും ,
രാത്രി വെറോണിയെ
തോണ്ടി വിളിച്ചുകൊണ്ടിരുന്നു
ഒരു ദീർഘനിശ്വാസത്തിനുള്ളിൽ
ചുരുണ്ടു കിടക്കുന്ന
സ്വന്തം ജീവിതത്തെക്കുറിച്ച്
വെറോണി
രാത്രിയോടു വിലപിച്ചു
പിരാന്ത് കൂടിയതാന്നേ!
ഈ ലോകത്തെ മാത്രമല്ല
പ്രപഞ്ചത്തിലെ
കണ്ടകടച്ചാണി ഗ്രഹങ്ങളിലൊക്കെയുള്ള
സൂക്ഷ്മാണുക്കളെയും
ഗഡാഗഡിയന്മാരായ
അന്യഗ്രഹ ജീവികളെയുമൊക്കെ
ചുമ്മാ ചെന്നങ്ങു കെട്ടിപ്പിടിക്കാൻ
വെറോണിക്കു തോന്നി
നല്ലസ്സല് തോന്നൽ
( ബഷീറിനെ വെറോണി വായിച്ചു കാണും …ഉറപ്പ്! )
ചെറുതാകാത്ത കടലിനെ
വലുതാകാത്ത കോപ്പയിൽ
വെറോണി ഒഴിച്ചുവച്ചു
(പെമ്പറന്നോത്തിക്ക് പ്രാന്താണേക്കൊണ്ട് ഷോക്കടിപ്പിക്കെന്ന്
നാട്ടാര് )
വെറോണിയുടെ പിരാന്ത്
കൂടിയതല്ലാതെ കുറഞ്ഞില്ല
അടുക്കളയും ഇറയവും
കടന്നത്
സമൂഹത്തിലേക്ക് വ്യാപിച്ചു
കവിയായത്
പിരാന്താണെന്നും
അതിനു മരുന്നില്ലെന്നും
വെറോണിയറിഞ്ഞില്ല
(അതാണല്ലോ ആ സൂക്കേടിൻ്റെ
ലക്ഷണം! )
രാത്രിയിൽ ,
നിലാവും
നക്ഷത്രങ്ങളും കടന്നുള്ള
വെറോണിയുടെ വരത്തുപോക്ക്
മർക്കോ മാത്രം
കട്ടിലേ
തിരിഞ്ഞും മറിഞ്ഞും
കിടന്നു കൊണ്ടറിഞ്ഞു
കൂടെ പോകാനും
പിടിച്ചു വയ്ക്കാനുമാകാതെ
മർക്കോ
വിരലുകുടിച്ച്
വെറോണിയുടെ വയറിൽ ചേർന്നുകിടന്നു.