എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ കരഞ്ഞത്?
നേരിൽ കണ്ടിട്ടില്ലാത്ത ഒരാളാണ്.
എൺപതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. അകാലവിയോഗമെന്നു പറയാൻ കഴിയുമോ?
എന്നിട്ടുമെന്തിനാണ്…?
ഒരുത്തരമേയുള്ളു.
അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യനായിരുന്നു.
സാധാരണ മനുഷ്യൻ.
കോടികളും ശതകോടികളും ഉണ്ടായിരുന്നപ്പോഴും ഈശ്വരനായിരുന്നില്ല. വെറും മനുഷ്യനായിരുന്നു.
കലയെയും ജീവിതത്തെയും സ്നേഹിച്ച ഒരാൾ.
വൈശാലിയും വാസ്തുഹാരയും സുകൃതവുമൊക്കെ എടുത്തത് ലാഭമുണ്ടാക്കാനായിരുന്നില്ല. കലയെ ആ മനുഷ്യൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.
സിനിമയെടുത്തും ഇറാഖ് കുവൈറ്റിനെ ആക്രമിച്ചുമൊക്കെ എല്ലാം തകർന്നു.
എന്നിട്ടും ചിരിച്ചു. തിരിച്ചു വന്നു.
ഒടുവിലെപ്പൊഴോ പണമില്ലാതെ ജയിലിലായി.
അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ കേൾക്കുക:

  • കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും വന്നെങ്കിലെന്ന് പലപ്പോഴും മോഹിച്ചിരുന്നു. പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാൻ കൂടിയാണങ്ങനെ മോഹിച്ചത്. കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര ഭംഗിയാർന്നതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. വല്ലപ്പോഴും കോടതിയിലോ ആശുപത്രിയിലോ കൊണ്ടുപോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്…
    ജയിലിലെ മൂന്നു വർഷങ്ങൾ.
    ഷോറൂമുകളിൽ ഉണ്ടായിരുന്ന സ്വർണ്ണവും രത്നവുമൊക്കെ വിശ്വസ്തസ്ഥാപനങ്ങളിലെ തന്റെ വിശ്വസ്തരെന്നു കരുതിയവർ തന്നെ എടുത്തു നാടുവിട്ടു.
    എന്നിട്ടും ശേഷിച്ചതെല്ലാം എടുത്ത് ഇന്ദിരാ രാമചന്ദ്രൻ എല്ലാ ജീവനക്കാർക്കും ശമ്പള ബാക്കി നൽകി.
    പുറത്തുവന്നപ്പോൾ തന്റെ മാനേജർമാരെയൊക്കെ വിളിച്ചു. ആരും ഫോണെടുത്തില്ല.
    അപ്പോഴും ചിരിച്ചു.
    ആ ചിരി കണ്ട് നമ്മളാണ് കരഞ്ഞത്.
    ആ മനുഷ്യൻ തിരിച്ചു വരണമെന്ന് അത്രമേൽ ആഗ്രഹിച്ചതും നമ്മൾ തന്നെ.
    തിരിച്ചു വരാനാവാതെ മടങ്ങുമ്പോൾ…
    തിരിച്ചു വന്നില്ലെന്ന് ആരാണു പറഞ്ഞത്?
    രാമചന്ദ്രൻ മടങ്ങിയിട്ടില്ലല്ലോ…
    നമ്മുടെ, നമ്മളാം ജനകോടികളുടെ ഉള്ളിൽ 916 പരിശുദ്ധിയും നൈർമ്മല്യവുമുള്ള ഒരു വിശ്വസ്ത സ്ഥാപനം അദ്ദേഹം എന്നേയ്ക്കുമായി തുറന്നിട്ടിരിക്കുന്നു.
    ആ സ്ഥാപനത്തിന്റെ പേരാണ് മനുഷ്യൻ.
    കോടീശ്വരനും ശതകോടീശ്വരനുമാകാൻ പലർക്കും കഴിഞ്ഞേക്കും.
    മനുഷ്യനാവാൻ…
    രാമചന്ദ്രൻ മനുഷ്യനായിരുന്നു.
    916 മനുഷ്യൻ.
    മനുഷ്യൻ യാത്രയാവുമ്പോൾ മനുഷ്യൻ കരയാതിരിക്കുന്നതെങ്ങനെ…

നന്മ നിറഞ്ഞ, സഹൃദയനായ സാധാരണക്കാരനായ, എന്നാലസാധാരണനായ , ഒരു വ്യാപാരിയായിരുന്നു രാമേട്ടനെന്ന അറ്റ്ലസ് രാമചന്ദ്രൻ .
സമാഹരിച്ച തൊക്കെയും ചതിയുടെ പ്രഹരത്താൽ ഉരുൾ പൊട്ടലിലൂടെയെന്ന വണ്ണം കുത്തിയൊലിച്ച് പോയപ്പൊഴും ,
മാനാഭിമാന നഷ്ടങ്ങളുടെ ഗർത്തത്തിലടിഞ്ഞ് ഉറ്റവരാൽ തഴയപ്പെട്ട് തടവറയിലൊറ്റപ്പെട്ടപ്പൊഴും കൂളായിചിരിച്ചു കൊണ്ട് , പൊട്ടനായഭിനയിച്ചു കൊണ്ട് ഒക്കെയും നേരിട്ട അസാധാരണൻ.
മുന്നിൽ വന്ന് പുഞ്ചിരിച്ചവർ തന്നെ കട്ടപ്പമാരായി അവരാൽത്തന്നെമുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി വീഴ്ത്തപ്പെട്ട ദ റിയൽ ബാഹുബലി
കലാസ്നേഹി , മനുഷ്യ സ്നേഹി , കപടതയില്ലാത്തകച്ചവടക്കാരൻ , വാരിക്കോരിനൽകിയവൻ, ലുബ്ധതയില്ലാത്ത ചലച്ചിത്രനിർമ്മാതാവ്, ഒന്ന് കാലിടറിയപ്പോൾ എല്ലാവരാലും ചതിക്കപ്പെട്ട് ഒറ്റപ്പെടുത്തപ്പെട്ടവൻ, എങ്കിലും മരിക്കുമ്പൊഴും ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായിത്തന്നെ ജന ഹൃദയങ്ങളിൽ നിലനിന്നഅറ്റ്ലസ്സ് രാമചൻ ഇതാ വാരി വാരിക്കൊടുക്കപ്പെട്ട ചാനലുകളാലും അന്ത്യ യാത്രയിൽപ്പോലും തഴയപ്പെടുന്നു. ചാനലുകൾ ഏതാനുംചില ബൈറ്റുകളെങ്കിലും അദ്ദേഹത്തിന് വേണ്ടി നീക്കിവയ്ക്കേണ്ടതല്ലേ . അദ്ദേഹമതിനർഹനാണ് സുഹൃത്തുക്കളേ .
വൈശാലിയുടെ , വാസ്തുഹാരയുടെ സുകൃതത്തിന്റെ നിർമ്മാതാവും , വ്യവസായിയും മനുഷ്യ സ്നേഹിയുമൊക്കെയായ രാമേട്ടന്റെ യാത്മാവിന് നിത്യശാന്തിനേരുന്നു. അന്ത്യാഭിവാദ്യങ്ങൾ . വിട!

with Courtesy

with Courtesy

By ivayana