രചന : മോഹനൻ പി സി പയ്യപ്പിള്ളി ✍️
വളപട്ടണത്തേക്ക് അലവിൽ വഴിയുള്ള ബസ്സാണ് കിട്ടിയത് . അപൂർവ്വമായി അന്ന് വരാറുണ്ടായിരുന്ന റൂട്ട് . പക്ഷേ ഈ ബസ്സ് വെറും അലവിൽ റൂട്ടിലൂടെയായിരുന്നില്ല . ഏതൊക്കെയോ ചുറ്റിവളവുണ്ട് .
അതു നന്നായി . വളപട്ടണത്തേക്ക് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന്റെ ഇടയിലടെയുള്ള വഴിയിലൂടെ പോരാൻ പറ്റി . അന്ന് രണ്ടു വർഷത്തോളം വളപട്ടണത്തു ജോലി ചെയ്തിട്ടും , ബാങ്കിൽ മുഖ്യമായും അവരുടെ ബിസിനസ് കൈകാര്യം ചെയ്തിട്ടും , ആ കോമ്പൗണ്ടിനകത്തൊന്നു കേറാൻ പറ്റിയിരുന്നില്ലല്ലോ .
വളപട്ടണമായി , ഇറങ്ങിക്കോളാൻ കണ്ടകറ്റർ പറഞ്ഞു . കാലം വരുത്തിയേക്കാവുന്ന എമണ്ടൻ മാറ്റങ്ങൾ പ്രതീക്ഷിച്ച് , പരിപൂർണ്ണ അന്യവല്ക്കരണം കാത്ത് പുറത്തിറങ്ങവേ , ആദ്യം കണ്ടത് ആ പെട്രോൾ ബങ്കായിരുന്നു .
സ്മരണയുടെ ബൾബൊന്നു മിന്നി .
45 വർഷങ്ങൾക്ക് മുൻപ് ,
ഐ ഒ ബി വളപട്ടണം ശാഖയിൽ ജോയിൻ ചെയ്യാൻ അച്ഛനൊപ്പം വന്നിറങ്ങിയപ്പോൾ , ആദ്യം പതിഞ്ഞ അടയാളം ഈ പെട്രോൾ പമ്പായിരുന്നല്ലോ .
1976 മാർച്ച് 8 .
ഇതുണ്ടാകും , പക്ഷേ അന്ന് ബാങ്കുണ്ടായിരുന്ന ആ പഴയ കെട്ടിടം ഇന്നുണ്ടാവില്ല . അന്നേ പഴയതായിരുന്ന ആ കെട്ടിടം , കാലത്തിനു മുന്നിൽ അടിയറവു പറഞ്ഞ് , എന്റെ തിരിച്ചു വരവിനുള്ള കാത്തിരിപ്പും നിർത്തി , മണ്ണിലിടിഞ്ഞുവീണമർന്നിരിക്കും .
ശരിക്കും നെഞ്ചിടിപ്പോടെ ഞാൻ തലയുയർത്തി നോക്കുമ്പോൾ , അതാ , ആ കെട്ടിടം അവിടെത്തന്നെയുണ്ട് . വിസ്മയത്തോടെ ഞാൻ വീണ്ടും വീണ്ടും നോക്കി . അതെ , അതു തന്നെ . ചാരനിറം പൂശിയ മരത്തിന്റെ കൈവരികൾ ചരിഞ്ഞും ഒടിഞ്ഞും തൂങ്ങുന്ന ആ ഒന്നാം നിലയായിരുന്നു , അന്നത്തെ ഞങ്ങളുടെ ബാങ്ക് . ഇന്നും അതിന്റെയാ എളിയ പ്രൗഡി എന്നെ തരളിതനാക്കി .
ആ ഒന്നാം നില ഇന്ന് ഉപയോഗിക്കുന്നില്ല . പൊടി പിടിച്ചും ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിഞ്ഞും അതിനെ ഇന്ന് കാലം അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നു . ഞാനങ്ങോട്ടുള്ള കോണിപ്പടികൾ പരതി . തടസ്സപ്പെടുത്തപ്പെട്ടുവെങ്കിലും അതവിടെയുണ്ട് . ഞാൻ മുന്നോട്ടാഞ്ഞു . നടന്നു കയറി കൊതിതീരാത്ത ആ മരപ്പടികൾ ! ചിരപരിചിത്വത്തിന്റെയൊരു വലിയ അല എന്നെ വന്നു മൂടി . അതോ , നഷ്ടബോധത്തിന്റെയോ ?
ഒന്നിച്ചാ പടികളിറങ്ങുകയും കയറുകയും ചെയ്തവരിൽ എത്ര പേരിന്നുണ്ട് ? എത്ര പേർ ഒരു വാക്കു പോലും മിണ്ടാതെ ഈ ലോകത്തുനിന്നുതന്നെ പിരിഞ്ഞുപോയി ?
മുത്തുകൃഷ്ണൻ , എം ആർ ഗോപി , കുഞ്ഞാപ്പേട്ടൻ , ലക്ഷ്മണൻ , മാനേജരായിരുന്ന ബാലകൃഷ്ണൻ സാർ , അക്കൗണ്ടന്റ് ഗണപതി രാജൻ , പുരുഷേട്ടൻ , വേണ്വേട്ടൻ …..
ഒടുവിൽ പ്രിയപ്പെട്ട മണിയും …..!
ഓരോരുത്തരായി വിട്ടകന്നു .
ശ്രീനിവാസൻ , ദിവാകരൻ , മുകുന്ദേട്ടൻ , ശശി , ശ്യാം സുന്ദർ ,
ഒ . എം .ചന്ദ്രശേഖരൻ ,
ഐ വി പുരുഷോത്തമൻ , കെ എം ഫ്രാൻസിസ് , ബാലകൃഷ്ണൻ ….
…..ഇവരുണ്ടാകും – എവിടെയൊക്കെയോ .
താഴെ ഒരു ഹോട്ടൽ . പണ്ടുമൊരു ഹോട്ടലവിടെയുണ്ടായിരുന്നു . ചോറിനൊപ്പം മീൻചാറും മോരും ഒരുമിച്ചു വിളമ്പിയിരുന്ന ഒരു ഹോട്ടൽ . ഇതല്ലെന്നു വ്യക്തം . കയറി . ഒരു ചായയും പുഴങ്ങിയ മുട്ടയും പറഞ്ഞു .( അതേ അലമാരയിൽ കണ്ടുള്ളു ) .
ബില്ലു കൊടുക്കാൻ നേരം കൗണ്ടറിലിരുന്ന പ്രായമായ ആളോടു ചോദിച്ചു : ഇതിന്റെ മുകളിൽ പണ്ട് ഐ ഒ ബി ഉണ്ടായിരുന്നില്ലെ ?
( പ്രായമായ ആളായതുകൊണ്ട് അതറിയാമായിരിക്കുമല്ലോ ) .
സോറി . അയാൾ വന്നിട്ട് അഞ്ചാറു മാസമേ ആയുള്ളു . പുരാണമൊന്നും അറിയില്ല . പക്ഷേ ഈ ഹോട്ടൽ അന്നുമിവിടെ ഉണ്ടായിരുന്നു . ഐ ഒ ബി ഇപ്പോൾ കുറച്ചു കൂടി അപ്പുറത്തുണ്ട് .
ഓക്കെ . ഞാനിറങ്ങി കുറച്ചു പിറകിലേക്കു നടന്നപ്പോൾ പുതിയ ഐഒബി ബ്രാഞ്ച് കെട്ടിടം കണ്ടു .
ഇനിയെന്തു കാണാൻ ? പക്ഷേ മടങ്ങാൻ തോന്നുന്നില്ല . തിരിച്ചു വീണ്ടും പെട്രോൾ പമ്പിൽ വന്ന് പഴയ കെട്ടിടത്തിന്റെ ഒരു ഫോട്ടോ കൂടിയെടുത്തു . ഒരു പാട് ചിരികൾ , തമാശകൾ , മധുരനൊമ്പരങ്ങൾ …..
പെട്രോൾ ബങ്കിൽ ഒരു പ്രായമായ യാത്രക്കാരൻ ബസ്സുകാത്തു നില്ക്കുന്നു ( അതാണ് ബസ് സ്റ്റോപ്പ് ). പ്രായമായ ആളോടല്ലാതെ വേറാരോടു ചോദിക്കും ?
ഇവിടെയടുത്താണോ വീട് ?
അതെ . എന്താ ?
ദാ , ഈ കെട്ടിടത്തിന്റെ മുകളിൽ പണ്ടൊരു ഐ ഒ ബി ഉണ്ടായിരുന്നതോർമ്മയുണ്ടോ ?
ഉണ്ടുണ്ട് . എന്താ ചോദിക്കാൻ ?
1976 – ൽ ഞാനാ ബ്രാഞ്ചിൽ ജോയിൻ ചെയ്തിട്ടുണ്ട് . രണ്ടു കൊല്ലത്തോളം ജോലി ചെയ്തു . കണ്ണൂരു വന്നപ്പോൾ ആ ഓർമ്മകളുമായി ഒന്നിവിടെ വരെ വന്നതാണ് . നാട് തൃശൂർ …..
അദ്ദേഹം ഉത്സാഹവാനും വാചാലനുമായി . ഹ ! അതൊരു കാലം !
കുഞ്ഞാപ്പേട്ടൻ അദ്ദേഹത്തിന്റെ വകയിലൊരു ചേട്ടനായിരുന്നു ; കണ്ണൂർ ബ്രാഞ്ചിലെ സുധീർ അദ്ദേഹത്തിന്റെയൊരു ബന്ധുവായിരുന്നു !
നിരർത്ഥകമെന്നു തോന്നുമായിരുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കും അമൃത ബിന്ദുവായാണെനിക്കു തോന്നിയത് .
തീർന്നില്ലെ വളപട്ടണത്തിന്റെ പ്രതാപം ?
ബൈപാസ് വന്നതോടെ ഇതൊരോണം കേറാമൂലയായി .
ശരിയാണ് . ഗതാഗതക്കുരുക്കിനാൽ ശ്വാസം മുട്ടാറുള്ള വളപട്ടണമിതാ , ഇന്ന് വിജനം .
സംസാരലഹരിയിൽ അദ്ദേഹത്തിനു പോകാനുള്ള ബസ്സു വന്നുനിന്നതും സ്റ്റാർട്ടു ചെയ്തതും ഞങ്ങളറിഞ്ഞില്ല . അദ്ദേഹത്തോടൊപ്പം ഞാനും ആർത്തു വിളിച്ചു . ബസ്സു നിന്നു . ഓടിക്കേറി അദ്ദേഹം അപ്രത്യക്ഷനായി . ആരായിരുന്നു , എന്തായിരുന്നു പേര് , എന്നൊക്കെയാർക്കറിയാം ? ആർക്കറിയണം ?
ഞാൻ നടന്നു . ഞങ്ങൾ ബസ്സുകാത്തു നില്ക്കാറുള്ള സ്റ്റോപ്പതാ ! അതിനു പിന്നിലെ ആ ഹോട്ടലും എനിക്കോർമ്മ വന്നു . ഒന്നുമാലോചിച്ചില്ല . കയറി . ഒന്നും വേണ്ടായിരുന്നു . എന്നിട്ടും പറഞ്ഞു ഒരു ചായയും പഴം പൊരിയും .
എന്നിട്ട് ബസ്സ് കയറി മടങ്ങിയത് അലവിൽ വഴിയല്ല . ചിരപരിചിത ചിറയ്ക്കൽ വഴി . അങ്ങനെയാണ് ഇടയ്ക്ക് ധനരാജ് തിയേറ്റർ കണ്ടത് . അന്നത്തെ നിത്യക്കാഴ്ച . ഒരു ഫോട്ടോയെടുത്തു . പക്ഷേ ഇന്നത് പ്രവർത്തിക്കുന്നതായി തോന്നിയില്ല .
കണ്ണൂർ ജയിലിനു മുന്നിലൂടെയായിരുന്നു അന്നത്തെ യാത്ര . ജയിലിനു മുന്നിൽ ബസ്സിനു സ്പീഡ് കൂടിയതിനാൽ ഗാന്ധിപ്രതിമയുടെയാ ചിത്രമെടുക്കാൻ കഴിഞ്ഞില്ല . കഷ്ടമായി .
അന്നത്തെ സഹപ്രവർത്തകൻ ബാലകൃഷ്ണനെ വിളിച്ചിട്ടുണ്ട് . തീരെ സുഖമില്ല . വീട്ടിൽ വിശ്രമത്തിലാണ് . സാധിച്ചാൽ വരും . വന്നില്ലെങ്കിൽ വിഷമം വിചാരിക്കരുത് .
കാത്തിരിക്കുന്നു . ബാലകൃഷ്ണൻ വരണം . വന്നില്ലെങ്കിൽ തീർച്ചയായും ഞാൻ വിഷമിക്കും .
ഇനി ഞാനീ ബാറിൽ നിന്നിറങ്ങട്ടെ . അന്ന് ഞാൻ താമസിച്ചിരുന്ന ബാങ്ക് മെൻസ് ഹോമിനു തൊട്ടടുത്ത് പുതുതായി തുടങ്ങിയ ഈ ബാറിലിരുന്ന് , രണ്ട് ഓസീയാറിന്റെ അകമ്പടിയോടെ ഞാനിതെഴുതി . ബാറിന്റെ പേരൊന്നും ശ്രദ്ധിച്ചിട്ടില്ല .
ഇനി ഞാൻ ബാലകൃഷ്ണനെ കാത്തിരിക്കും . അന്നെന്നെ എടായെന്നും ഇന്ന് സാറെന്നും വിളിക്കുന്ന ബാലകൃഷ്ണനെ . വന്നാൽ ഇന്നാ സാർ വിളി ഞാനവസാനിപ്പിക്കും .
അന്ന് സബ് സ്റ്റാഫായിരുന്ന ബാലകൃഷ്ണൻ ക്ലാർക്കായിരുന്ന എന്നെ വിളിച്ചിരുന്ന ‘ ടാ പോടാ നീ ‘ യുടെ സ്വാഭാവികതയുണ്ടോ , ഈ ‘ സാർ ‘ വിളിക്ക് കിട്ടുന്നു ?