ഉച്ചയ്ക്ക്‌ ഉദിക്കുന്ന സൂര്യൻ

ചിറകില്ലാത്ത കുതിരപ്പുറത്ത്‌ കയറി
അവൻ വരുന്നത്‌ പറന്നായിരിക്കും,
അകമ്പടി വാഹനമായ്‌
എന്റെ വാക്കുകൾ
നിങ്ങൾക്കു മുമ്പിൽ ഒഴുകി നടക്കും.

ഓരോ ആണിയും പിഴുതെറിയുന്ന
ഇരുമ്പ്‌ തലയുള്ള ഒരുവനെ
നിങ്ങൾ നോക്കി വച്ചോളു ,
ആണി പിഴുത
ഓരോ പഴുതിലൂടെയും
പ്രകാശം ജനതയ്ക്ക്‌ വഴി കാട്ടും.

നിങ്ങൾ ക്ഷമിക്കുക
വിരൽ ചൂണ്ടാൻ
നിങ്ങൾക്ക്‌ അർഹതയില്ല.
വളഞ്ഞ നെറികേടുകൾക്ക്‌
കുട പിടിക്കുന്നവരാണു നിങ്ങൾ .
പൊട്ടാസുകൾ പൊട്ടിക്കുന്ന കവികളിൽ
വേരുകളെ പ്രണയിക്കുന്നവരിലൂടെയാവും
പ്രതീക്ഷയുടെ വസന്ത കാലം വരുക.

നിങ്ങൾ ക്ഷമിക്കുക
നിങ്ങൾ നട്ടു നനയ്ക്കുന്ന
കൃത്രിമ ചട്ടിച്ചെടികൾ
ഒറ്റ ഉച്ച വെയിലിൽ
ഉണക്കി കരിയ്ക്കാൻ
കരുത്തുള്ളവനാണ്‌
നിങ്ങൾക്ക്‌ മുകളിൽ ഉദിച്ച സൂര്യൻ.

=========================

ഇര കൊത്താത്ത വരികൾ

ആട്ടും കൂട്ടത്തിൽ
ആദ്യം ഇരയാവുന്നത്‌
മുഴുത്ത്‌ കൊഴുത്ത
നീ തന്നെയാവും,
പിടിക്കാൻ എളുപ്പം
കഴിച്ചാൽ നിറയും.
വേട്ട മൃഗങ്ങൾക്ക്‌
ഇപ്പോ ബുദ്ധി കൂടുതലാണ്‌
കിതച്ച്‌ ഓടാതെയവർ
പതുങ്ങി ലക്ഷ്യം കാണും.

കഴുത്തിലവ പിടിക്കാറേയില്ല
പിടിച്ച പിടിയാലെ
കരളി ങ്ങ്‌ കടിച്ചെടുക്കും
കടി വിട്ട്‌ ഇര കരയൽ
കഴുതക്കാമമെന്ന്
വരുത്തി തീർക്കും.

ഇരയെ തൊലിയുരിച്ച്‌
വെയിലു കായാൻ നിർത്തുന്ന
ഒരു ആചാരവും
അടുത്ത കാലത്തായ്‌
ചില വേട്ട നായ്ക്കൾ
തുടങ്ങി വച്ചിട്ടുണ്ട്‌.

മാംസത്തിനുപ്പില്ലെന്നും
ഉപ്പും മുളകും പുരട്ടി
വേവിക്കുന്നതാവും നന്നെന്ന്
പ്രത്യേക നിരീക്ഷകർ
രേഖപ്പെടുത്തും.

പെണ്ണിരകളെയാണ്‌
വേട്ട മൃഗങ്ങൾക്കേറെ ഇഷ്ടം
എല്ലു വരെ കടിച്ചു തിന്നാലും
തീരാത്ത ആർത്തിയാണ്‌
ഓരോ വേട്ട നായ്ക്കൾക്കും.

പിടിയിലാവുന്ന ആടുകൾക്ക്‌
വിടുതൽ സാധ്യതകളുണ്ട്‌
ആടുടുപ്പ്‌ അഴിച്ചു വച്ച്‌
വേട്ട നായ്ക്കളുടെ
ഓരോ ഉടുപ്പ്‌
എടുത്തങ്ങണിഞ്ഞോണം.

അടിയിൽ ആടായാലും കുഴപ്പമില്ല
അടിയുറപ്പിച്ച്‌ കൂടെ കിടക്കുമെങ്കിൽ
അവിഞ്ഞ സിദ്ധാന്ധത്തിന്റെ
അടീമകൾ കുട പിടിച്ചോളും.

മുട്ടനാടുകൾ കൂട്ടിയിടിച്ച്‌
ചോര വീണാലും
രക്ത ബീജന്മാരെ അവർ
ഉണ്ടാക്കിയെടുത്തു കൊള്ളും.

ഇനി ഒന്നും അറിയേണ്ട
ഒരു ആടു പോലും
കവിത കരയണ്ട
ആട്ടിറച്ചി തിന്നുന്ന
വേട്ട നായ്ക്കൾ
തുപ്പുന്നത്‌ പോലും
കവിതയാവും.

കലയും കവിതയും
വേട്ട നായ്ക്കൾക്ക്‌ മാത്രം
അവകാശപ്പെട്ട
ആക്രോശവും
അടയാളപ്പെടുത്തലുമായ്‌
കാലം അടി വരയിട്ടു വക്കും.…
=======================

സത്യ യുഗം

ഇന്ന് കണ്ണടച്ച്‌ പാലു കുടിക്കുന്നവർ
എത്തി നോക്കി ഉൾ വലിയുന്നവർ
നാളെ കാശെറിഞ്ഞ്‌
പാലു കുടിക്കുകയല്ല;
തൈര്‌ നെയ്യ്‌ പനീർ മോര്‌,
എന്നു വേണ്ട പാലിൽ നിന്ന്
ഭാവിയെ ചികയുന്ന തിരക്കിലാവും.

വെറും പേച്ചുകൾ നാമ്പിടുമ്പോൾ
വരൾച്ചയിൽ പോലും എത്താറുള്ള
വണ്ടും തേനീച്ചയുമൊക്കെയേ കാണു.
ഒരുത്തൻ ഉയർത്തിക്കാട്ടും
സൂചനയുടെ വെള്ളിടിയെന്ന്
നക്ഷത്രങ്ങൾ അന്ന്
അരികു വൽക്കരിപ്പെടും.

പൂച്ചയെ പിടിയ്ക്കുന്നതിന്റെ
ലൈവ്‌ വരും എലിക്കൂട്ടം.
കാവിക്കൊടിയും ചെങ്കൊടിയും
ഒരേ പത്രത്തിൽ നിന്ന്
ആഹാരം കഴിച്ച്‌
ഉടുപ്പിടാത്തവരുടെ ലോകം ഉണ്ടാകും.

പുഴുങ്ങി തിന്നാൻ
ഒരു മതം പോലും
അവശേഷിക്കാതെ
ബുദ്ധി തിന്നു തീർക്കും
വിശ്വാസങ്ങളെയെല്ലാം.

അവിടുന്നാണ്‌ സത്യ യുഗം അഥവാ
ശാസ്ത്ര യുഗം തുടങ്ങുന്നത്‌.

By ivayana