രചന : ദീപക് രാമൻ ✍️

പണം കടം വാങ്ങിയ തങ്ങളെ തിരിച്ചറിയുമെന്ന ഭയത്താൽ
പരേതൻ്റെ മിഴികൾ
തിരുമ്മിയടയ്ക്കാനും
മുഖം മറയ്ക്കാനുമായിരുന്നു
ബന്ധുമിത്രാദികൾക്ക് തിടുക്കം…
മകനും മകളും സ്വത്തിൻ്റെ അവകാശി
ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ
അലമാരയും മേശയും രഹസ്യഅറകളും
പരിശോധിക്കുന്ന തിരക്കിലായിരുന്നു.
അടച്ചിട്ട വാതിലിന് മുന്നിൽ ഭാര്യ
വിതുമ്പിക്കരയുന്നുണ്ടായിരുന്നു;
തൻ്റെ ഗതി എന്താകുമെന്നോർത്ത്…
മാസവരിക്കുടിശ്ശിക കോടിപ്പണം
കിട്ടുമ്പോൾ ഈടാക്കുവാൻ
വന്ന കരയോഗ പ്രമാണിമാരും,
മദ്യത്തിന് പോയവരെ കാണാത്ത ആശങ്കയിൽ ഏറ്റവും അടുത്ത
കുടുംബ സുഹൃത്തുക്കളും
ഒരുഭാഗത്ത് നിൽക്കുന്നുണ്ട്…
വേണ്ടപ്പെട്ടവർ വന്നാലും ഇല്ലെങ്കിലും നേരത്തോട് നേരമാകുമ്പോൾ
പരേതനെ അടക്കണമെന്ന് പരികർമ്മിയും
അന്ത്യകർമ്മം ചെയ്താലും ഇല്ലെങ്കിലും
മഴക്ക് മുൻപേ ചിതക്ക് തീ
കൊളുത്തുമെന്ന് ദാഹകനും ആരോടോ പറയുന്നുണ്ട്.
ജീവിച്ചിരുന്നപ്പോൾ ഒരിറ്റുവറ്റ് കൊടുക്കാത്തവൻ്റെ
ബലിച്ചോറ് എടുക്കാതെ
കാക്കപോലും പറന്നകന്നപ്പോൾ
ഒരിക്കൽ മരിച്ച തന്നെ ഇനിയും
കൊല്ലരുതേയെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു
പരേതൻ്റെ ആത്മാവ്…

ദീപക് രാമൻ

By ivayana