രചന : മോഹൻദാസ് എവർഷൈൻ ✍
ഓഫിസിൽ നിന്നും ഇറങ്ങുമ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു. പുറത്ത് പൊടിക്കാറ്റിന്റെ ചെറിയൊരു സൂചന ഉണ്ടായിരുന്നു. അത് ശക്തിപ്പെടുന്നതിന് മുൻപ് ഫ്ലാറ്റിൽ എത്താൻ നോക്കുമ്പോൾ റോഡിൽ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നു.മുബാറസിൽ നിന്നും ഹൊഫൂഫിൽ എത്താൻ അരമണിക്കൂർ വേണ്ടി വന്നു.
വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അന്തരീക്ഷം ആകെ പൊടികൊണ്ട് മൂടികെട്ടിയിരുന്നു.
വീശിയടിക്കുന്ന കാറ്റിൽ പറന്നുയരുന്ന ക്യാരി ബാഗുകൾ പക്ഷികളെ പോലെ പറന്ന് നടന്നു.
ഫ്ലാറ്റിൽ പ്രവേശിക്കുമ്പോഴേക്കും, തലമുടിയും, മീശയുമെല്ലാം പൊടി പടർന്ന് ചെമ്പുനിറമായിരുന്നു.ആരോടും ഒന്നും സംസാരിക്കുവാൻ നില്ക്കാതെ നേരെ ബാത്‌റൂമിൽ കയറി. കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ എനിക്ക് തന്നെ ഒരപരിചിതത്വം തോന്നി.
കുളിച്ചിറങ്ങുമ്പോൾ വല്ലാത്തൊരശ്വാസം കൈവന്നത് പോലെ.
സുമിത്ര യൂ ട്യൂബ് ചാനലിൽ വായനാലോകത്തിലെ പ്രവീജയുടെ കഥാവായന സശ്രദ്ധംകേട്ട് കൊണ്ടിരിക്കുകയാണ്.
‘ചായ എടുക്കട്ടെ!’. അവൾ മുഖമുയർത്തി ചോദിച്ചു
വേണ്ടെന്ന് നിഷേധഭാവത്തിൽ ഞാൻ തലയാട്ടി.
അവൾ വീണ്ടും യൂ ട്യൂബിൽ തല പൂഴ്ത്തിവെച്ചു.
‘പ്ലാന്റിലെ എഞ്ചിനീയർ സുരേഷ് ഈ ആഴ്ച ലീവ് കഴിഞ്ഞ് മടങ്ങി വരും, അപ്പോൾ നമുക്കൊന്ന് നാട്ടിൽ പോയി വന്നാലോന്നാ ഞാൻ ആലോചിക്കണത് ‘.
ഞാൻ പറഞ്ഞത് അവൾ കേട്ടതായിപോലും ഭാവിക്കാതെ മൊബൈലിൽ തന്നെ കണ്ണുംനട്ടിരിക്കുന്നത് കണ്ടപ്പോൾ ശരിക്കും ദേക്ഷ്യം വന്നെങ്കിലും അതുള്ളിലൊതുക്കി നിർത്തി.
കുറച്ച് നാളുകളായി അവളുടെ പെരുമാറ്റത്തിലെ പന്തികേട് തന്റെ മനസ്സിന്റെ സ്വസ്ഥത കളയുന്നുണ്ടെങ്കിലും, കയ്യൂക്ക് കാണിക്കാനോ, എന്തിന് ഒന്ന് ശബ്ദം ഉയർത്താനോ പോലും അയാൾ തുനിഞ്ഞില്ല.
‘പിള്ളാർക്ക് വെക്കേഷൻ ആവുകയല്ലേ, ഇപ്പോഴാകുമ്പോൾ അവരെയും കൂടി കൂട്ടാമല്ലോ, ‘അവളുടെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അവളൊന്ന് തലയുയർത്തി നോക്കി, തീ പാറുന്ന ആ നോട്ടത്തിൽ ശരിക്കും ഞാൻ ഭസ്മമായി പോകേണ്ടതാണ്.
ഏത് നിമിഷവും ഒരു പൊട്ടിത്തെറിയുണ്ടായേക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
ഉള്ളിലെ നീരസം മുഴുവൻ കലർന്ന സ്വരത്തിൽ അവൾ പറഞ്ഞു.
‘ഞാൻ വരുന്നില്ല, അച്ഛനും, മക്കളും കൂടി പോയി തറവാടൊക്കെ കണ്ട്, കിട്ടാനുള്ളത് മേടിച്ച് കെട്ടിക്കോ, എന്നെ വെറുതെ വിട്ടേക്ക്!’.
നാട്ടിൽ പോകുന്ന കാര്യം കേൾക്കുന്നത് പോലും അവൾക്കിപ്പോൾ ഇഷ്ടമേയല്ല. അപ്പോൾ അരിശം കൊണ്ട് അവളുടെ മുഖം ചുവന്ന് തുടുക്കും .
അവളിൽ ഇങ്ങനെയൊരു മാറ്റം വന്നത് എന്നെ അത്ഭുതപ്പെടുത്തിയില്ല. അതിനുത്തരവാദി മാറ്റാരുമല്ല താൻ തന്നെയാണ്, തന്റെ ബന്ധുക്കളോട് മുഴുവൻ അവൾക്കിപ്പോൾ അടങ്ങാത്ത വെറുപ്പാണ്.അതിന്റെ എല്ലാ പ്രതിക്ഷേധങ്ങളും എന്റെ നേർക്കാണെന്ന് മാത്രം.
അമ്മയുടെ മരണശേഷം നാട്ടിൽ ആദ്യമായ് ചെന്നപ്പോഴുള്ള ബന്ധുക്കളുടെ പെരുമാറ്റം ഓർക്കുമ്പോൾ വീണ്ടും അങ്ങോട്ട് പോകുവാൻ അവൾക്കെന്നല്ല,എനിക്ക് പോലും തോന്നില്ല.
അന്ന് അളിയൻ പറഞ്ഞത് അത് പോലുള്ള ഭാഷയാണ്.ഇപ്പോഴും ഓർക്കുമ്പോൾ ചൂളിപ്പോകും.
‘കുറെ അച്ചികോന്തന്മാർക്ക് അമ്മയും, വേണ്ട, അച്ഛനും, കൂടപ്പിറപ്പുമൊന്നും വേണ്ട
അവളുമാര് പറയുന്നതിന്റെ അപ്പുറം ഒരു ചുവട് വെക്കില്ലെന്നേ, അയ്യോ എന്തൊരു അനുസരണ, അല്ലെങ്കിൽ സ്വന്തം തള്ള ചത്തു ശവവും വെച്ച് മൂന്ന് ദിവസം കാത്തിരുന്നിട്ട് തിരിഞ്ഞ് നോക്കിയോ?’ ഇപ്പൊ അത്തറുമടിച്ച് ടൂറ് വന്നിരിക്കുന്നു അമ്മേടെ കുഴിമാടം കാണാൻ ‘.
അളിയന്റെ പരുക്ഷമായ വാക്കുകളിൽ ഉരുകിയൊലിച്ചുപോയത് തന്റെ മാത്രമല്ല, അവളുടെയും ആത്മാഭിമാനം ആയിരുന്നു, ബന്ധുക്കൾ വെറും കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളൂ.അവരുടെ നോട്ടത്തിലും, ഭാവത്തിലും എന്നോടുള്ള അമർഷം നിറഞ്ഞിരുന്നു.
സഹോദരിയുടെ ഭർത്താവ് എന്നതിനപ്പുറം അമ്മയുടെ സഹോദരൻ രാഘവൻമാമ്മന്റെ മകനാണെന്ന അധികാരവും കൂടി ഉപയോഗിച്ചുള്ള അളിയന്റെ പുലയാട്ടിൽ നിശ്ശബ്ദനായി നില്കാനെ അന്ന് കഴിഞ്ഞുള്ളൂ. ഇന്നായാലും ഒന്നും മിണ്ടാൻ കഴിയില്ല, മനഃപൂർവ്വം അല്ലെങ്കിൽ കൂടി,എല്ലാവരുടെ മുന്നിലും പൊറുക്കുവാൻ വയ്യാത്ത തെറ്റ് തന്നെയാ ചെയ്തു പോയത്.
പ്രവാസത്തിലെ നിസ്സഹായവസ്ഥകൾ പറഞ്ഞിട്ട് കാര്യവുമില്ല.
അവസാനനിമിഷം വരെയും തന്നെ ഒരു നോക്ക് കാണുവാൻ കാത്തിരുന്ന്, കാത്തിരുന്ന്, അമ്മയുടെ മിഴികളടയുമ്പോൾ ഒരേയൊരു മകനെ കാണാനാവാതെ ഈ ലോകത്തോട് വിടപറയേണ്ടി വന്ന അമ്മയുടെ മനസ്സ് കാണുവാൻ എനിക്കാവുന്നുണ്ട്, ഓരോ കാൽപെരുമാറ്റം കേൾക്കുമ്പോഴും അമ്മയുടെ പീളകെട്ടിയ കണ്ണുകൾ എന്നെ തിരഞ്ഞിരിക്കും,
മങ്ങിയ നിഴലുകളിൽ ‘ അമ്മേ’ എന്നുള്ള എന്റെ വിളിക്കായ് കാതോർത്തിരിക്കും.
അതോർക്കുമ്പോൾ എന്റെ നെഞ്ചകം ഇപ്പോഴും പിടക്കും.
മൊബൈൽ മോർച്ചറിയുടെ ഫ്രീസറിൽ തണുത്തുറഞ്ഞ അമ്മയുടെ ശരീരം പിന്നെയും മൂന്ന് ദിവസം എന്നെയും കാത്ത് കിടന്നു . അവസാനം വരുമെന്ന പ്രതീക്ഷ നഷ്ടമായപ്പോൾ മറ്റാരോ മകന്റെ സ്ഥാനത്ത് നിന്ന് ചിതയ്ക്ക് കൊള്ളി വെച്ചു.
അമ്മയുടെ മരണവിവരം നാട്ടിൽ നിന്നും ചെറിയച്ഛന്റെ മകൻ രഘു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.അമ്മയുടെ മരണ വാർത്ത മാത്രമായിരുന്നില്ല എന്നെ ഞെട്ടിച്ചത്, ഇപ്പോൾ എങ്ങനെ നാട്ടിൽ പോകുവാനാകും എന്ന ചിന്തകൂടിയാണ്.
സ്പോൺസർ സ്ഥലത്തില്ല, തൊഴിലാളികളുടെ പാസ്പോർട്ടുകൾ മുഴുവൻ അദ്ദേഹത്തിന്റെ കൈവശമാണ്, അതുമല്ല ദുബായിലെ പോലെ പാസ്പോർട്ട് കിട്ടിയാൽ സൗദിയിൽ നിന്നും പോകാൻ കഴിയില്ല, അത് ലേബർ ഡിപ്പാർട്മെന്റിൽ സ്പോൺസർ കൊണ്ട് പോയി ലീവ് സ്റ്റാമ്പ് ചെയ്തു വാങ്ങി തന്നാലേ ഇവിടുന്ന് പുറത്ത് പോകുവാൻ കഴിയുകയുള്ളു.
‘സ്പോൺസർ ഇറാനിലോ, ഇറാഖിലോ ഒക്കെ കറങ്ങാൻ പോയിരിക്കയാണ്, അയാൾ സ്ഥലത്തെത്തിയാലേ ഇവിടുന്ന് കയറി വരാൻ കഴിയൂ,ഇന്നോ, നാളെയോ വന്നാൽ തീർച്ചയായും ഞാൻ കയറി വരും, അതുവരെ…’.
എന്റെ ശബ്ദം സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.മനസ്സിലെ വിങ്ങൽ നിയന്ത്രിക്കുവാൻ നന്നേ പാടുപെട്ടു.
‘നീ വന്ന് വേണം കൊള്ളിവെയ്ക്കാൻ, അതോർമ്മവേണം, അല്ലാതെ ഞാനെന്ത് പറയാനാണ് ‘.
ഞാൻ പറഞ്ഞതൊന്നും ചെവികൊള്ളാതെ അവൻ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.
ഞാൻ പറഞ്ഞത് അവൻ ശരിക്കും ശ്രദ്ധിക്കാത്തത് കൊണ്ടാണോ, അതോ അവൻ ചെന്ന് പറഞ്ഞതിനെ ആരെങ്കിലും വളച്ചൊടിച്ചതാണോ എന്നൊന്നുമറിയില്ല, ഏതായാലും നാട്ടിൽ പരന്നത് അറബിയോടൊപ്പം ഞാനും കറങ്ങാൻ പോയിരിക്കയാണെന്നും, പറ്റുമെങ്കിൽ രണ്ട് ദിവസത്തിനകം വരാൻ നോക്കാമെന്നും ഞാൻ പറഞ്ഞുവത്രെ!.
അതിന് ബന്ധുക്കളുടെയിടയിൽ നല്ല പ്രചാരവും കിട്ടി.
‘അവനെ അവൾ വിടില്ലെന്നേ, അവളുടെ റിമോട്ട് കൺട്രോളിലല്ലെ അവനിപ്പോൾ ചലിക്കുന്നത്!. അവനെ കാത്തിരിക്കുന്നതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ‘.
അത് കേട്ടപ്പോഴേ അളിയൻ അങ്ങനെ പറഞ്ഞെന്ന് പിന്നെ ആരോ എന്നോട് പറഞ്ഞു.
മറ്റുള്ളവരുടെ വളർച്ചയിലല്ല, തളർച്ചയിൽ ആനന്ദം കണ്ടെത്തുന്നവരാണല്ലോ നമ്മളെല്ലാം. അതൊരിക്കലും മാറാനും തരമില്ല.
അമ്മയുടെ മണമുള്ള ആ വീടിന്റെ മുറ്റത്ത് നിന്ന് തലകുനിച്ചു തിരികെ നടക്കുമ്പോൾ അവൾ എന്റെ കൈകൾ ചേർത്ത് പിടിച്ചു. അപ്പോൾ അവളുടെ കൈകൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.
സഹോദരിയോടുള്ള സ്നേഹം കൊണ്ട്
തറവാട്ടിൽ തനിക്കുള്ള ഓഹരി കൂടി അവൾക്ക് ഇഷ്ടദാനംഎഴുതികൊടുത്തു. എല്ലാവരും കൂടി എന്നെ കുറ്റപ്പെടുത്തുമ്പോൾ,അവളും ഒരു വാക്ക് കൊണ്ട് പോലും സഹായിച്ചില്ലല്ലോയെന്നോർത്തപ്പോൾ വിഷമം തോന്നി.
നാട്ടിൽ നിന്ന് തിരികെയെത്തിയിട്ടും സുമിത്ര വല്ലാത്തൊരു മ്ലാനതയിലായിരുന്നു. കുറച്ച് ദിവസം മക്കളോട് പോലും ഒരടുപ്പവും കാണിച്ചിരുന്നില്ല.ഒരേ മുറിയിൽ ഒരേ കട്ടിലിൽ രണ്ട് ധ്രുവങ്ങളിലെന്ന പോലെ ആത്മസംഘർഷത്തിന്റെ യുദ്ധഭൂമിയിൽ ഉറക്കത്തിന്റെ ഭിക്ഷാംദേഹികളായി ഞാനും അവളും കിടന്നു.
ചുമരിലെ ഗൗളി എന്ത് പറഞ്ഞാലും ചിലക്കാതെ ഭയന്ന് വാലും മുറിച്ചിട്ട്, വിളക്ക് കാലുകളിൽ ഒളിച്ചിരുന്നു.
പെട്ടെന്ന് ക്ഷോഭിക്കുന്ന പുതിയൊരു പരിണാമം അവളിൽ ഉടലെടുത്തു , ആദ്യമൊക്കെ മക്കളെ എന്തിനും ഏതിനും ശകാരിക്കുന്ന ശീലം ഉണ്ടായിരുന്നത് പിന്നെ ക്രമേണ എന്നോട് മാത്രമായിചുരുങ്ങി.
അമ്മയെ അവൾക്കും വലിയ ഇഷ്ടമായിരുന്നു. ഒരുപക്ഷെ അമ്മയ്ക്ക് ആരോടാണ് കൂടുതൽ സ്നേഹമെന്ന് ചോദിച്ചാൽ ചിലപ്പോൾ അവളോടാണെന്ന് പറഞ്ഞുകളയുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ അനുജത്തിയും അസൂയയോടെ പരാതി പറയുമായിരുന്നു.
‘അമ്മയ്ക്കിപ്പോൾ സുമിത്ര ചേച്ചിയോടാണ് കൂടുതൽ സ്നേഹം, നമ്മളെയൊന്നും ഇപ്പോൾ ഒരു മൈൻഡും ഇല്ല ‘.
അത് കേൾക്കുമ്പോൾ അമ്മ സ്നേഹത്തോടെ അവളെ ശാസിക്കും.
‘ഇങ്ങെനെ കുശുമ്പ് പറയല്ലേ പെണ്ണെ, അവളോട് ഞാൻ അമ്മായിയമ്മപ്പോര് നടത്താതതിന്റെ ഏനക്കേടാ നിനക്ക്!.
അവർ തമ്മിൽ അത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു. എന്നിട്ടും അവസാനം ഒരു നോക്ക് കാണാൻ കൂടി കഴിഞ്ഞില്ലല്ലോ എന്നവൾ സങ്കടപ്പെട്ടപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിച്ചു.
‘ ഒരു കൊള്ളിവെക്കുവാൻ കൂടി കഴിയാതെ പോയ മകനായ എന്റെ കാര്യമോർത്ത് നോക്കിയേ!.
‘എല്ലാം നേടുവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ, നഷ്ടപ്പെടുവാൻ കൂടി മനസ്സിനെ സജ്ജമാക്കി വെയ്ക്കാൻ പ്രവാസി മറക്കരുതെന്ന് ‘ കമ്പനിയിലെ ഡ്രൈവർ രാഘവേട്ടൻ പറയുന്നത് വളരെ ശരിയാണെന്ന് തോന്നി.
നാട്ടിൽ നിന്നും അവളുടെ മനസ്സിനേറ്റ മുറിവുകൾ ഉണങ്ങാതെ വൃണമായി ചലമൊഴുകി ദുർഗ്ഗന്ധം വമിച്ച് അതുവരെ ഉണ്ടായിരുന്ന സമാധാനം ഇല്ലാതായപ്പോഴും അവളോട് കലഹിക്കുവാൻ തനിക്ക് കഴിയുമായിരുന്നില്ല.
‘ അമ്മയുടെ ആണ്ട് അടുത്ത മാസമല്ലെ, അതുകൂടി കണക്കാക്കിയാണ് നാട്ടിൽ പോകുന്ന കാര്യം ഞാൻ പറഞ്ഞത്, നമ്മൾ പോകാതിരിക്കുന്നതെങ്ങിനെ?’.
അവൾ കയ്യിലിരുന്ന മൊബൈൽ ടീപ്പോയിൽ വെച്ചു. എഴുന്നേറ്റു. ചായകെറ്റിലിൽ നിന്നും രണ്ട് കപ്പുകളിൽ ചായ പകർന്ന് അവൾ അടുത്ത് വന്നിരുന്നു.
‘ബാലേട്ടൻ എന്തിനാ ഇങ്ങിനെ കാട് കയറുന്നത്?. അമ്മയുടെ ആണ്ടിന് പോകരുതെന്ന് ഞാൻ പറയുമോ?.നിങ്ങളുടെ ബന്ധുക്കൾ അങ്ങിനെ പറയുമെങ്കിലും, ഇന്നേവരെ ആരെയെങ്കിലും സഹായിക്കുന്നതിനെ ഞാൻ വിലക്കിയിട്ടുണ്ടോ?. ഇല്ലാത്തത് പറഞ്ഞപ്പോൾ ബാലേട്ടനും മൗനം പാലിച്ചില്ലേ?. അതാ എന്റെ സങ്കടം, നമ്മൾ സഹായിക്കുന്നവർ,അവസരം കിട്ടിയപ്പോൾ നമ്മളെ നിഷ്‌ക്കരുണം ആക്ഷേപിക്കുന്നത് കണ്ടപ്പോൾ എന്തോ എനിക്ക് പൊരുത്തപ്പെടുവാൻ കഴിഞ്ഞില്ലയെന്നല്ല, ഇപ്പോഴും കഴിയുന്നില്ല, അല്ലാതെ അമ്മയുടെ ആണ്ട് എനിക്കോർമ്മയില്ലെന്ന് ബാലേട്ടന് തോന്നുന്നുണ്ടോ?’.
ഞാൻ അവൾ പറയുന്നത് കേട്ടുകൊണ്ടിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അവൾ മനസ്സ് തുറക്കട്ടെയെന്ന് കരുതി വെറും കേൾവിക്കാരനായി, അവളുടെ ഭാവങ്ങളിലേക്ക് മിഴികളൂന്നിയിരിക്കുമ്പോൾ,
കരിമ്പടം പുതച്ചു നിന്ന മഴക്കാറുകൾ മഴയായ് പെയ്തൊഴിയുന്നതിന്റെ ഒരു സുഖം എനിക്കനുഭവപ്പെട്ടു.
‘നമുക്ക് നാട്ടിൽ പോകാം ബാലേട്ടാ’.അവൾ പറഞ്ഞു.
‘ആണ്ടിന് തറവാട്ടിൽ ചെന്ന് സദ്യയൊരുക്കാനല്ല,ഏതെങ്കിലും അനാഥാലയത്തിൽ അന്നദാനം നടത്തി, അവരോടൊപ്പമിരുന്ന് നമുക്കും ആഹാരം കഴിക്കാം, തിരുവല്ലാത്തോ, പാപനാശത്തോ പോയി ബലിയുമിടാം, അല്ലാതെ വെറുതെ എന്തിനാ ഒരു യാത്ര?’.
അവൾ പറഞ്ഞതിലെ തെറ്റുകളെക്കാൾ, തെറ്റിദ്ധാരണകളെക്കാൾ, ശരികളെ ചേർത്ത് പിടിക്കാൻ ഞാൻ തീരുമാനിച്ചു.
ഈ സ്വപ്‍നഭൂമി പ്രവാസികളുടെ കണ്ണുനീർ വറ്റിച്ചെടുക്കുന്ന ഉപ്പളങ്ങൾ കൂടിയാണെന്ന് എനിക്ക് തോന്നി. ഉള്ളിലെ മുറിവുകളെ നീറ്റുന്ന ഉപ്പളങ്ങൾ. അക്കരെ നില്കുന്നവർക്ക് കാണാൻ കഴിയാത്ത ഉപ്പളങ്ങൾ.
മേഘങ്ങളെ വകഞ്ഞുമാറ്റി വിമാനം ദമാം എയർപോർട്ടിൽ നിന്നും പറന്നുയരുമ്പോൾ അവൾ എന്നോട് ചോദിച്ചു.
‘എന്നോട് ഇപ്പോഴും പരിഭവം തോന്നുന്നുണ്ടോ?’.
ഞാൻ ചിരിച്ചു..
‘അങ്ങനെ നിനക്കെപ്പോഴെങ്കിലും തോന്നിയിരുന്നോ?’.
ഞാൻ തിരിച്ചു ചോദിച്ചപ്പോൾ മഴമാറിയ ആകാശം പോലെ അവളുടെ മുഖം തെളിഞ്ഞു.
അവൾ എന്റെ കൈത്തലങ്ങൾ മുറുകെ പിടിച്ചു.