സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പിന്റെ ശക്തമായ നിരീക്ഷണമുണ്ട്. ഈ വിവരങ്ങൾ ക്രോഡീകരിക്കാൻ സഹായിക്കുന്ന രേഖകളിലൊന്നാണ് പാൻ കാർഡ്. ഇതിനാൽ ഇന്നത്തെ കാലത്ത് സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യമാണ്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതല്‍ എല്ലാതരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ആവശ്യപ്പെടുന്നുണ്ട്.   വിലപ്പെട്ട രേഖയായതിനാൽ പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചെറിയ തെറ്റുകള്‍ പോലും കാർഡ് ഉടമയ്ക്ക് വലിയ വലിയ പിഴ നേടി തരാൻ സാധ്യതയുണ്ട്.

നിയമ പ്രകാരം പൗരന്മാർക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമാണ് അനുവദനീയമായുള്ളൂ. രണ്ട് പാന്‍കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ വലിയ തുക പിഴ കാത്തിരിക്കുന്നുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272ബി പ്രകാരമാണ് നടപടിയെടുക്കുക. നിയമ പ്രകാരം രണ്ട് പാന്‍ കാര്‍ഡ് ഉടമകളെന്ന് കണ്ടെത്തിയാല്‍ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ വരെ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഒപ്പം 10,000 രൂപ പിഴയും ലഭിക്കാം

അബദ്ധത്തിൽ രണ്ട് കാർഡ് ലഭിച്ചവരാണെങ്കിൽ പോലും ഇവ തിരികെ നൽകി നടപടികൾ ഒഴിവാക്കാൻ സാധിക്കും. രണ്ട് പാന്‍കാര്‍ഡ് ഉമടകളാണെങ്കില്‍ നടപടി ഒഴിവാക്കാന്‍ ആദായ നികുതി വകുപ്പിനെ രണ്ടാമത്തെ പാന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്താല്‍ മതിയാകും. ഇതിനായി ഒരു അപേക്ഷ നല്‍കേണ്ടതുണ്ട്.

അപേക്ഷ ഫോമിനായി ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ inometaxindia.gov.in സന്ദര്‍ശിക്കണം. വെബ്‌സൈറ്റിലെ ‘റിക്വസ്റ്റ് ഫോര്‍ ന്യൂ പാന്‍കാര്‍ഡ് ആന്‍ഡ് ചെയ്ഞ്ചസ് ഓര്‍ കറക്ഷന്‍ ഇന്‍ പാന്‍ ഡാറ്റ’ എന്ന ലിങ്കില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

ചില്ലറ ഉപയോഗങ്ങളൊന്നുമല്ല പാന്‍ കാര്‍ഡ് വഴി നടക്കുന്നത്. നിക്ഷേപവും ഭൂമി കൈാറ്റവും പണമിടപാടിനും പാൻ നിർബന്ധമാണ്. സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കാനോ നിക്ഷേപിക്കാനോ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളിലെ ഇടപാടുകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. ബാങ്കില്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യമാണ്.

ഓഹരി വിപണി നിക്ഷേപം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൽ എന്നിവയ്ക്ക് പാൻ കാർഡ് കൂടിയേ തീരു. നിക്ഷേപത്തില്‍ നിന്ന് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുമ്പോള്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് 20 ശതമാനം നികുതി നല്‍കേണ്ടി വരും. പാന്‍കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനമാണ് സ്രോതസില്‍ നിന്നുള്ള നികുതി. വായ്പയെടുക്കുന്നവരാണെങ്കില്‍ വായ്പ സമയത്ത് ബാങ്കുകള്‍ പാന്‍ ആവശ്യപ്പെടാറുണ്ട്. ഇന്ത്യയില്‍ വ്‌സ്തു രജിസ്ട്രേഷനും പാൻ ആവശ്യമാണ്.

By ivayana