രചന : എൻ.കെ.അജിത്ത് – ആനാരി ✍
മൂന്നാംകാലു കൊതിക്കും ദേഹം
ദന്തമടർന്നിടകാണും മോണ
കണ്ണിനു മൂടാപ്പൊത്തിരിനാളായ്
കാതിനുശ്രവണവുമന്യംതന്നെ
എത്തിജരാനരയൊത്തുപറഞ്ഞൂ
വാർദ്ധക്യത്തിൻ പല്ലക്കേറൂ
ജീവിതവഴിയുടെയന്ത്യമടുത്തത്
ഗാഥകളാക്കുന്നുണ്ടീദേഹം
മൂർച്ചയൊഴിഞ്ഞു പ്രവൃത്തിലൊക്കെ –
ക്കോച്ചിവലിച്ചുതുടങ്ങീ വിരലുകൾ
താഴ്ചയിലേക്കായ് ശിഷ്ടം യാത്ര
വീഴ്ചയതെന്നോ തീർച്ചയുമില്ലാ
കണ്ണെത്തുന്നിടമെത്താൻ കരമത്
വ്യഗ്രതപൂണ്ടു തുടിച്ചീടുമ്പോൾ
ശങ്കാഹീന സഹായം നല്കാൻ
പാദങ്ങൾക്കു ബലക്ഷയമേറീ
ചിന്തകളുഴലുന്നുണ്ടു ഹൃദന്തേ
വൻതിരപോലതു വന്നുപിറക്കും
സുന്ദരശയനമതന്ന്യംനില്പൂ
തൊന്തരവേറിയ നാൾവഴിമിച്ചം!
കണ്ണുകൾ പരതുകയല്ലോ,ദയയുടെ
കല്ലോലിനികളതെങ്ങും,ചുറ്റും
കന്മഷവർഷമതേറ്റു കരിന്തിരി
കത്തിയെരിഞ്ഞതുപോലീ ജീവൻ
ഉള്ളിതൊലിച്ചതു പോലാകുന്നോ
വെമ്പിനടന്നു കുമിച്ച ധനങ്ങൾ
കണ്ണുകളനവധിഗണിതം ചെയ്വൂ
കട്ടിലൊഴിഞ്ഞതു വെട്ടിയെടുക്കാൻ
ഒട്ടുരമിയ്ക്കാതോടിയൊരോട്ടം
ഉറ്റവർ വളമായേറ്റി വളർന്നൂ
പോറ്റിവളർത്തിയ മക്കളുപോലും
ഓട്ടംതന്നെ നിലയ്ക്കാതെന്നും
കൂട്ടരുപലരും പാട്ടിനുപോകേ
ധാർഷ്ഠ്യമതൊക്കെയൊഴിഞ്ഞു തുടങ്ങീ
വാട്ടം, കൊട്ടം കൂട്ടിനതുണ്ട്
വാർദ്ധക്യത്തിനു കേടുവരുത്താൻ
നാട്ടുനടപ്പുകൾ മാറിയകാലം
നോട്ടുകൊടുത്തൊരു ഭവനം തേടാം
ഊട്ടിനു, കൂട്ടിനു കൂട്ടമതുണ്ടേ –
യോടിനിലച്ചവർ ഘടികാരങ്ങൾ!