രചന : വിനോദ്. വി. ദേവ്.✍
വെന്തമാംസത്തിൻ മണമുള്ള രാത്രിയിൽ,
നിദ്രതൻപർവ്വതം ഞാൻ കീഴടക്കവേ ,
പാപഭാരത്തിൻ കരിന്തേളു കൊത്തിയെൻ
ദേഹം വിഷംകൊണ്ടു നീലിച്ചുവിങ്ങവെ,
തീയ്യിനെഭോഗിച്ചു കാമംകടയുന്ന
ആഭിചാരത്തിന്റെ മന്ത്രംപിഴയ്ക്കവേ,
കത്തുംചിതാഗ്നിയിൽ ചാടാൻപഠിപ്പിക്കും
തപ്തബാല്യത്തിന്റെ പാമ്പുകൾ കൊത്തവെ,
ക്രൂരനിഷാദന്റെ വേഷംപകർന്ന ഞാൻ
വാക്കിന്റെ പക്ഷിയെ കൊന്നൊടുക്കീടവെ,
നീചയാമത്തിന്റെ വന്യതീരങ്ങളിൽ
മോക്ഷംകൊതിച്ചിണചേർന്നു വിങ്ങുമ്പൊഴും
കാട്ടുകാമത്തിൻകണയേറ്റു നഗ്നനായി,
വേട്ടമൃഗംപോലെ പാഞ്ഞൊളിച്ചീടവേ
തപ്തദാഹാർത്തനായ് നിന്നുടെ ദുഃഖത്തിൻ
ചുട്ടമിഴിനീർ കുടിച്ചുവറ്റിച്ച ഞാൻ.,
ശാന്തിയില്ലാതെ നരാധമരാജ്യത്തിൻ,
ചെങ്കോലുനേടാൻ, കടലുകടഞ്ഞ ഞാൻ.,
ഏതോപുരാതന ജന്മങ്ങളിൽ കൊടും –
പാതകംചെയ്തു നരച്ചുജനിച്ചഞാൻ ,
ആദിശാപത്തിൻ നിലയ്ക്കാത്തരാമഴ –
കൊണ്ടിരുൾക്കാറ്റിലലഞ്ഞൂ നടക്കവേ ,
രാത്രിരാജാവിൻകടവാവൽ വന്നന്റെ,
നേത്രത്തിലെ ചുടുചോരകുടിയ്ക്കുന്നു.