രചന : വാസുദേവൻ. കെ. വി✍

യൗവനത്തിൽ അഴകും പ്രൗഡിയുമാണ് മീശ. മീശവടിച്ച ബോളിവുഡ് ചോക്ലേറ്റ് നായകരെ കാണുമ്പോൾ അറിയാം മല്ലുവിന്റെ മീശ സങ്കല്പധാരകൾ.
കാലം മായ്ക്കാത്ത മീശയുണ്ടോ?
മീശയിൽ കാലം വെള്ളിനൂലുകൾ പടർത്തുമ്പോൾ അരോചകം മീശ. പിന്നെ ഓരോന്നായി പൊഴിഞ്ഞു തീരുന്നു.
മേരിചേടത്തിയെന്ന അമ്മാമയും ആനിയും അമരത്തടം കിളക്കുന്നിടത്താണ് ‘ആലാഹായുടെ പെണ്മക്കൾ’ നോവൽ ആരംഭിക്കുന്നത്.. കിളക്കുമ്പോഴൊക്കെയും കൈകോട്ടു തടയുന്നത് എല്ലിൻകഷ്ണങ്ങളിലും തലയോടുകളിലുമാണ്. കിട്ടിയ എല്ലിൻ കഷ്ണത്തിന് നേരെ ആലാഹയുടെ നമസ്കാരം ചൊല്ലി പ്രാർത്ഥിക്കുകയാണ് അമ്മാമ. പ്രേത പിശാചുക്കളെ ആട്ടിയോടിക്കാൻ ആലാഹയുടെ നമസ്കാരം കൊണ്ട് കഴിയും.ആനിക്ക് അമ്മാമ യുടെ കയ്യിൽ നിന്നും ആലാഹയുടെ പ്രാർത്ഥന പഠിക്കാൻ ആഗ്രഹമുണ്ട്. അമ്മാമ അത് തനിക്ക് പഠിപ്പിച്ചു തരുമെന്ന് ആനി വിശ്വസിച്ചു.
ബാർട്ടർ രീതിയിൽ ഓടക്കുഴലിന് വയലാർ പതിച്ചു നൽകേണ്ടി വരുന്ന ഗതികേട്. അതിജീവിതയ്ക്കൊപ്പം എന്ന് കാണിച്ച് പിടക്കൂട്ടപിന്തുണ തേടി സർക്കാരിനെ പഴിക്കുമ്പോൾ ഇരയ്‌ക്കൊപ്പം ഓട്ടം. കോവിഡാനന്തര നാളുകളിൽ നല്ല രചനകളൊന്നും പിറക്കുന്നില്ലെന്ന് പറയുമ്പോൾ പദ്മനാഭനെ പഠിച്ച് വേട്ടക്കാർക്കൊപ്പം. വിപ്ലവപ്രസ്ഥാനത്തൊടൊപ്പം നിന്ന് പേരും പ്രശസ്തിയും വാങ്ങി തീർന്നപ്പോൾ കുറ്റിച്ചൂൽ വിപ്ലവം.
പാപത്തറ തെളിഞ്ഞു കാണുന്നു.
ബുധനിയെയും, മാറാത്തിയെയും സാക്ഷാത്ക്കരിച്ച തൂലിക, പെൺവിരുദ്ധ ആരോപണ എഴുത്തിനെ വാനോളം
വാഴ്ത്തുമ്പോൾ നമുക്ക് ആനിയായി തലമാറി അമ്മാമയുടെ പ്രാർത്ഥന തേടാം.
‘മീശ’ മോശം കൃതിയല്ല. പൂർവ്വ ചരിത്രം പഠിച്ച് എഴുതിയ നോവലെന്ന വൈശാഖൻ മാഷിന്റെ വാക്കുകളോട് നമുക്ക് സമരസപ്പെടാം.
‘മീശ’ മലയാള ഭാഷയിലെ ഉദാത്ത കൃതിയുമല്ല. ക്ലാസ്സിക് പദവി നൽകേണ്ടതുമില്ല.
മാധവിക്കുട്ടിയുടെ എന്റെ കഥയും, പമ്മന്റെ ഭ്രാന്തും തിരിച്ചറിഞ്ഞ വായനാസമൂഹമാണിത്. അശ്ലീലം പച്ചയ്ക്കെഴുതി ജനനേന്ദ്രിയ വർണനകൾ കുറിച്ചിട്ടാൽ സാഹിത്യമാവില്ല.
വിപണന കുടിലതന്ത്രങ്ങൾ പ്രയോഗിച്ച് ചുരുക്കം ചിലരെ ഇളക്കിവിട്ട് ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ മീശ വിജയിച്ചു എന്നു പറയാം. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നവരെ തൊഴുത്തിൽ എത്തിച്ചു പിടിച്ചുകെട്ടുന്ന പ്രസ്ഥാനത്തിന്റെ വിജയം കൂടിയാണത്.
ഒരു സങ്കീർത്തനം പോലെ നാണിക്കട്ടെ.. ഭാഷാ ക്യാമ്പസ്‌ തലവൻ ലജ്ജിക്കട്ടെ..
രാമൻകുട്ടിമാർ ആർത്തു ചിരിക്കട്ടെ…
കേവലമൊരു എഴുത്തിനെ
വയലാർ പട്ടം ചാർത്തി നൽകേണ്ടി വന്ന ഷണ്ഡത്തം സ്വയം തിരിച്ചറിഞ്ഞ്.
ചാപിള്ളയെ ഓർത്തു സമനില തെറ്റിയ അമ്മ പാവക്കുട്ടിയ്ക്ക് കണ്ണെഴുതി പൊട്ടുതൊട്ട് താലോലിച്ചു എടുത്തുയർത്തുന്ന രംഗം ബംഗാളി സിനിമയിൽ.
മീശയെ എടുത്തുയർത്തുന്നത് കാണുമ്പോൾ ഓർമ്മയിലെത്തുന്നു.
ഇനിയും പെരിയാർ ഒഴുകും.
കർണ്ണികാരം പൂത്തുലഞ്ഞു പൊഴിയും.
ഇതൊക്കെ തിരിച്ചറിഞ്ഞ് പ്രബുദ്ധ വായനാസമൂഹം മുന്നോട്ട്…

By ivayana