യുദ്ധം നടക്കുന്നു.
വീടിന്റെയുളളിൽ ,
ചുവരിൽ
പലയിടത്തായി
വിള്ളലുകൾ,
പൊട്ടിയടരുവാൻ
വെമ്പുന്ന നിറങ്ങളും
കണ്ണുനീർ വീഴ്ത്താതെ
കരയുന്ന ചുമരും.

അഹങ്കരിച്ചിരുന്നു
എത്ര ഉറപ്പാണെൻ
ചുമരുകൾക്ക് ,
ഭാരം ചുമക്കുമെൻ
ചുമലുകൾക്കും ..!
ചായം പുരട്ടി മെരുക്കിയ
അന്തർമുഖത്വമാം
ചിന്തകൾക്കും ,
ചിന്തേരിട്ടുറപ്പിച്ച
ചിരികൾക്കും ,
കെട്ടിപ്പുണർന്നുറങ്ങിയ
നാളുകൾ ,
കുറയാതിരിക്കുവാൻ
മിനുക്കിയ
ഭാവങ്ങൾക്കും. !

അതിരുകൾ
മാന്തുവാനെത്തുന്നു
ചിന്തകൾ ,
അടിയുറപ്പുള്ള
സ്നേഹത്തെയുരുക്കുന്നു.
ആരോടുമെന്തെന്നു
ചൊല്ലുവാനാകാതെ
നീറിപ്പുകഞ്ഞു
കരയുന്നെൻ മാനസം.

ഇത് പൊയ്മുഖം.
അടർത്തുവാനാശിച്ച –
ടരാടിത്തളർന്നു
ഞാൻ.
പായൽ വളരുന്ന
ചിന്തയിൽ,
ചിത കൂട്ടിയുറങ്ങുന്നു
ഞാനിപ്പോഴും .
ഒരു വിതുമ്പൽ
ഒരു ചൂണ്ടുവിരൽ
ഒരു കണ്ണീർക്കണം ,
ഒരു തീപ്പൊരി
പുറത്തേക്കിറങ്ങുവാൻ
വെമ്പുന്ന പാദങ്ങൾ ,
ഒക്കെയും
എരിക്കുവാൻ
പായൽ വളർന്ന
ചിന്തയും.

ഇനിയുദ്ധം
അതിരുകൾ
വളർത്തുവാൻ
അകത്തളയുദ്ധം.
പോകുക രാമാ…
നിന്നെ
സരയൂ വിളിക്കുന്നു.
ജലസമാധിയിലാണ്ട്
നീ അമരനാകുക.
ഞാൻ
കണ്ണനോടൊപ്പം
വേണുവൂതി രസിക്കട്ടെ
ശിഷ്ടനാൾ .
……………………………..

By ivayana