രചന : യൂസഫ് ഇരിങ്ങൽ✍

പൊള്ളുന്ന മണൽ കാട്ടിലായതിനാൽ
ഇലകൾ പൊഴിഞ്ഞ്
കരിഞ്ഞുണങ്ങിയപോലെ
തോന്നുന്നുണ്ടാവും
തോരാ മഴയുടെ
മോഹ മലകൾ തലയിലേറ്റി
ഓടി നടക്കുന്നതിനാൽ
ഉള്ളം കുളിരാൻ
തളിരണിഞ്ഞുണരാൻ
ഒരു ചാറ്റൽ മഴ നേരം
മതിയാകും
ഒരിക്കലും ചിരിക്കാത്തതെന്തെന്ന്
തോന്നിയേക്കാം
ഉള്ളിലൊരു നെരിപ്പോട്
എരിഞ്ഞു കത്തുന്നതിനാലാണ്
എന്തെങ്കിലും മിണ്ടിപ്പറഞ്ഞ്
പറത്ത് തട്ടിയൊന്ന്
സമാശ്വസിപ്പിച്ചാൽ മതിയാകും
വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു
പോകുന്നപോലെ തോന്നിയേക്കാം
ഉള്ളിൽ ഓർമ്മകളുടെ
നിലയ്ക്കാത്ത തിരയിളക്കം
അലയടിക്കുന്നത് കൊണ്ടാണ്
ഒരിറ്റു സ്വപ്നത്തിന്റെ
തേൻ തുള്ളി മതി
മധുരമായൊന്നു മൊഴിഞ്ഞിരിക്കാൻ
കണ്ണുകൾ ഇടയ്ക്കിടെ കലങ്ങി
മറിയുന്നതായി കാണാം
കരയുന്നതല്ല
കരളേരിഞ്ഞെരിഞ്ഞ്
പുകയുന്നതാണ്
പതിയെ ചുമലിലൊരു
കൈ വെച്ച്
ചേർത്ത് നിർത്തിയാൽ മതി
നെഞ്ചിലെന്നുമോരു
കനലെരിയുന്നതായി തോന്നും
പ്രവാസം പകരം തന്നതാണ്
ഒരു വാക്ക് കൊണ്ടെങ്കിലും
കൂട്ടായി കൈവിടാതെ
കൂടെ നിന്നാൽ മതിയാകും.

By ivayana