രചന : ഷാഫി റാവുത്തർ✍

വിപ്ലവത്തിന്റെ വാനിലായെന്നുമേ
അസ്തമിക്കാത്ത ധീരനാം സൂര്യനേ
ദുഷ്പ്രഭുത്വ നീരാളിക്കരങ്ങളെ
വെട്ടിമാറ്റി നീയുലകിനെക്കാക്കുവാൻ
കരളിനാൽ നീ പിടിച്ചൊരാ ചെങ്കൊടി
ഉയിരിലാണുഞാനുയർത്തിപ്പിടിപ്പതും
പക നിറച്ചുള്ള തോക്കിന്നു മുന്നിലും
പഠഹകാഹളം മുഴക്കി മുന്നേറി നീ
നിസ്വരായുള്ള ജനതയ്ക്ക് കാവലായ്
വേദനയ്ക്കുള്ള ആശ്വാസസ്പർശമായ്
ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നുനീ
റോസാരിയോയുടെ രക്ത നക്ഷത്രമേ
സ്നേഹമാണ് നിൻ പ്രത്യയശാസ്ത്രവും
വിട്ടുവീഴ്ചകളില്ലാത്ത യാത്രയും
ഒട്ടുമേതോൽക്കാത്ത വിപ്ലവചിന്തയാൽ
നവ്യജീവിതക്കാഴ്ചകൾ തന്നു നീ
അമരനാണു നീ വിശ്വാസമാണു നീ
ഉലകിനാകെയും ഊർജ്ജമേറ്റുന്നവൻ
പടനിലത്തിലെ ചുടുനിണത്തെപ്പോലും
വിപ്ലവച്ചിന്തയോതിക്കൊടുത്തവൻ
സാമ്രാജ്യത്വക്കൊടും ചൂഷണങ്ങളെ
ചോരകൊണ്ടന്നു തോൽപ്പിച്ച വീറുമായ്
അടിമമാനസം മുഷ്ടിയുയർത്തുവാൻ
ഇടറിടാതെ നീ കാരണമായതും
ലോകമെങ്ങും പരക്കുന്നു നിൻ വാക്ക്
ഹൃദയമുള്ളോരു കാലങ്ങളൊക്കെയും
രക്തസാക്ഷിക്കൊടിക്കൂറയിൽ നിന്നു
നിത്യസത്യമായുണർന്നിരിക്കുന്നു നീ…
“ചെ” നിറയുന്നു ചങ്കിലെയൂർജ്ജമായ്
“ചെ” മുഴങ്ങുന്നു കാതുകൾക്കുള്ളിലും
“ചെ” നിനക്കെന്റെ ഹൃദയാഭിവാദനം
”ഹസ്ത ലാ വിക്തോറിയ സിയംബ്രേ”
”ഹസ്ത ലാ വിക്തോറിയ സിയംബ്രേ”
■ഷാഫിക്കവിതകൾ

ഷാഫി റാവുത്തർ

By ivayana