രചന : ഗഫൂർ കൊടിഞ്ഞി✍

അയൽ വീട് ഇന്ന് സ്വപ്നമാണ്
നിഷേധിക്കപ്പെട്ട മറുകരയാണ്
നിരോധിത മേഖലയാണ്
മതിലുകൾക്കപ്പുറത്ത്
മനസു പകുത്ത ശരീരവുമായി അപ്പുറത്ത് അവരും ഇരിപ്പുണ്ടാവണം.
വെള്ളം ചേരാത്ത അറകളിൽ
ശ്വാസം മുട്ടിപ്പിടയുന്നുണ്ടാവണം.
എന്നെ പോലെ കണ്ണീരണിയുന്നുണ്ടാവണം.
പണ്ട്,
അതിരുകളില്ലായിരുന്നു.
അനന്തമായ ആകാശമായിരുന്നു.
ആർത്തുല്ലസിച്ച് പറക്കാമായിരുന്നു.
ആഴിയിലെന്ന പോലെ ആർപ്പുവിളിയിൽ
നീന്തിതുടിക്കാമായിരുന്നു.
അന്ന്
നുള്ള് ഉപ്പിന്
നാഴി അരിക്ക്
നാലഞ്ച് മുളകിന്
നാഴൂരിവെളിച്ചെണ്ണക്ക്
നാഴികക്ക് നാൽപ്പത് വട്ടം
വേലിചാടി മറിയുമായിരുന്നു.
തിരിച്ചു വരുമ്പോൾ
തൊടിയിൽ നിന്ന്
തൊട്ടാവാടി പിടിച്ചു വലിച്ച്
പോകല്ലേ പോകല്ലേ എന്ന്
മുണ്ടിൽ കേറിപ്പിടിക്കുമായിരുന്നു.
തുമ്പച്ചെടി ചിരിക്കുമായിരുന്നു.
ചെണ്ടുമല്ലി മന്ദഹസിക്കുമായിരുന്നു
അപ്പയും കുറുന്തോട്ടിയും
പരിഭവപ്പേച്ച് നടത്തുമായിരുന്നു.
മൂവാണ്ടൻ മാവ് മാടി വിളിക്കുമായിരുന്നു.
പഴമ്പിലാവ് കാരണവരെ പോലെ
നെറുകയിൽ ആശീർവദിക്കുമായിരുന്നു.
ഇന്ന്
നമ്മൾ സമാന്തരമായ
റയിൽപാളങ്ങൾ പോലെ
പരസ്പരം കൂട്ടിമുട്ടുന്നതിനെ ഭയന്ന്
അവനവൻ കടമ്പകൾ താണ്ടി
ലക്ഷ്യമില്ലാത്ത സ്റ്റേഷനിലേക്ക്
വണ്ടിയോടിച്ച് തളരുന്നു.
അയൽ വീട് അടുത്താണെങ്കിലും
വളരെ അകലെയാണെന്ന്
നാം തിരിച്ചറിയുന്നു.

ഗഫൂർ കൊടിഞ്ഞി

By ivayana