രചന : മംഗളാനന്ദൻ ടി കെ ✍

ആയിരം കാതമകലെനിന്നെത്തിയ-
തായിരുന്നിങ്ങു ദേശാടനപ്പക്ഷികൾ.
ശീതംകടുക്കവേ ദീർഘമാമാകാശ-
പാതകൾ താണ്ടി പറന്നു വരുന്നവർ.
കൂടൊരുക്കീടാനിണകൾ പരസ്പരം
ചൂടു പകരാനിടം തിരക്കീടുന്നു.
എത്തിടാറുണ്ടവർ, ഉഷ്ണം തളിർക്കുന്ന
പുത്തൻ പരിസരം തേടിയീഭൂമിയിൽ.
പച്ചപുതച്ചു ചിരിതൂകിനില്ക്കുന്ന
വൃക്ഷത്തലപ്പുകളുള്ളൊരുനാടിതിൽ.
വിണ്ണിലനന്തവിശാലതയെങ്കിലും
മണ്ണിൽ മനുഷ്യൻ പണിയും മതിലുകൾ.
ചെല്ലക്കിളികൾ ചേക്കേറി, പെരുമര-
ചില്ലയിലൊന്നിച്ചു കൂടുപണിഞ്ഞുപോൽ.
തള്ളക്കുരുവിതൻ ചൂടേറ്റ മുട്ടകൾ-
ക്കുള്ളിൽ കുരുന്നുകൾ കണ്ണു തുറക്കയായ്.
കൊക്കുകൾകൊണ്ടുകിളികൾ പൊന്നോമന
മക്കളെയൂട്ടിയുറക്കി വളർത്തിയോർ.
അമ്മക്കിളിയുടെ കാവലുണ്ടെപ്പൊഴും
കുഞ്ഞിച്ചിറകു വളർന്നുവരും വരെ.
കുഞ്ഞിളംകാറ്റും പുലർകാലസൂര്യനും
മഞ്ഞിനെപ്പോലെ തഴുകി കുഞ്ഞുങ്ങളെ.
കാറ്റുകൊള്ളാനാ മരച്ചോട്ടിൽ വന്നൊരാൾ
കൂറ്റൻതടിയെയളന്നു തൻ കൺകളാൽ.
മോഹവിലയ്ക്കതു വാങ്ങി, മരത്തോടു
സ്നേഹം തടിയുടെ കമ്പോളമൂല്യമായ്.
കാറ്ററിഞ്ഞില്ല,കരയറിഞ്ഞില്ലയീ-
യാറ്റിലെ കുഞ്ഞോളമൊന്നുമറിഞ്ഞില്ല.
മൂർച്ചയേറുംബുദ്ധിയുള്ള മനുഷ്യന്റെ
ഈർച്ചവാളെന്ത്രമായെത്തീയൊരുദിനം.
വന്മരം മണ്ണിൽ പതിച്ചു, പറക്കുവാൻ
വയ്യാത്ത കുഞ്ഞിക്കിളികൾ തൻകൂടുകൾ
ചിന്നിച്ചിതറി, മനുഷ്യന്റെ ക്രൂരത-
യൊന്നേ ജയിയ്ക്കു,മനായാസമെപ്പൊഴും.
ചുണ്ടിൽ കുരുന്നുകൾക്കേകുവാൻ ഭക്ഷണം
കൊണ്ടു തിരികെ വരുന്നൊരമ്മക്കിളി,
കണ്ടൊരു സങ്കടക്കാഴ്ച,യതേപ്പറ്റി
മിണ്ടുവാൻപോലുമശക്തനാകുന്നു ഞാൻ.
നന്മ പിടഞ്ഞു മരിച്ചു കിടക്കുന്ന വന്മരത്തിന്റെ ചുവട്ടിൽ,തുണയറ്റ-
പെൺകിളി ജീവൻവെടിഞ്ഞീടുവാൻ,തല
തല്ലിക്കരയുന്ന കാഴ്ചയും കണ്ടു ഞാൻ.
പിന്നെത്തുടങ്ങിയ പേമാരിയിൽ നാടു
മുങ്ങി,കരകയറുന്നില്ലയിപ്പൊഴും!

മംഗളാനന്ദൻ ടി കെ

By ivayana