രചന : ആശ സജി ✍
പാൽച്ചുണ്ടുകൾ വിടുവിച്ചെഴുന്നേറ്റ
അമ്മയ്ക്കൊപ്പം
കുഞ്ഞിക്കരച്ചിലോടെ
തിരക്കും പിടഞ്ഞെണീറ്റു.
കുളിമുറിയിൽ , അടയ്ക്കാത്ത
ടാപ്പിൽ നിന്നിറങ്ങിയോടി
സ്റ്റൗവിൽ കെടുത്താൻ
മറന്നത് കരിഞ്ഞു പുകഞ്ഞു.
ഡൈനിംഗ് ടേബിളിൽ ,ഗ്ലാസ്
പൊട്ടിച്ച് കലമ്പിയ തിരക്ക്
വാച്ച് നോക്കിക്കൊണ്ടേയിരുന്നു.
ചുരിദാറിനു യോജിക്കാത്ത
ഷോളിട്ട് റോഡിലേക്കെത്തി
കടന്നുപോയ വണ്ടിയെ
പഴി പറഞ്ഞു.
പിന്നാലെ ഓട്ടോയിൽ തിരക്ക്
നഗരത്തിലിറങ്ങി.
അവിടെ കൂട്ടുകാർ അക്ഷമരായി
കാത്തുനിന്നിരുന്നു.
ഒരാൾ ഓഫീസ് മേധാവിയുടെ
വഴക്കു കേട്ട് തലകുനിച്ചു.
മറ്റൊരാൾ ഫുട്പാത്ത്
ഒഴിവാക്കി ഓടി വന്നവരെ
കൂട്ടിയിടിപ്പിച്ചു.
പിന്നെയുള്ളവർ പല വഴിക്കോടി .
തിയേറ്ററിലും ഷോപ്പിംഗ് മാളുകളിലും
റെയിൽവേസ്റ്റേഷനുകളിലുമെത്തി കിതച്ചു.
നിയമങ്ങൾ ചിലതു ലംഘിച്ച്,
വാഹനങ്ങളിൽ ഉച്ചത്തിലുച്ചത്തിൽ
ഹോണടിച്ചു.
പോക്കറ്റുകളിൽ
തുടരെത്തുടരെ വന്ന
കോളുകൾ മുറിച്ചു വിട്ടു.
ട്രാഫിക്കിനു തൊട്ടപ്പുറം
വൃദ്ധയെ ഇടിച്ചിട്ട
ആംബുലൻസിനരികിൽ
ഒരു തിരക്ക് അല്പനേരം നിന്നു .
ബ്രേക്ക്ഡൗണായ
ബസിൽ നിന്നിറങ്ങുന്നവരെയും ഭിക്ഷക്കാരനെ
ചവിട്ടിത്തെറിപ്പിച്ച് സോറി
പറഞ്ഞോടുന്നവരെയും
വിലപേശാൻ നില്ക്കാതെ
പച്ചക്കറികൾ വാങ്ങുന്നവരെയും
മിണ്ടിയും തോണ്ടിയും
തിരക്കും കൂട്ടരും
നഗരം ചുറ്റുന്നു.
എന്തു തിരക്കാണിവർക്ക് !